കട്ടപ്പന: യാതൊരു ഭേദചിന്തകളും ഇല്ലാതെ മാനവകുലം ഒന്നാകാൻ മഹാമന്ത്രം ഓതിയ ഗുരുദേവന്റെ സന്ദേശം ഏറ്റെടുത്ത് ഈ ലോകത്തുള്ള സർവമാന ജനങ്ങളും സാഹോദര്യത്തോടെ പുലരണമെന്നാണ് ജയന്തി നൽകുന്ന സന്ദേശമെന്ന് എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ പറഞ്ഞു. കട്ടപ്പനയിൽ കട്ടപ്പന, കട്ടപ്പന നോർത്ത്, വെള്ളയാംകുടി, പുളിയൻമല, കൊച്ചുതോവാള എന്നീ ശാഖകളുടെ ആഭിമുഖ്യത്തിൽ നടന്ന സംയുക്ത ജയന്തിദിനാഘോഷവും സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.എൻ.ഡി.പി യോഗം പ്രവചനത്തിന് അതീതമായ വളർച്ചയാണ് ഇന്ന് കൈവരിച്ചിരിക്കുന്നത്. ഏകലോകം, മനുഷ്യ സ്‌നേഹം, സാഹോദര്യം എന്നിവയ്ക്ക് പ്രാധാന്യം നൽകിയ ഗുരുദേവൻ മതാതീതമായ വളർച്ച മനുഷ്യരാശിക്ക് ഉണ്ടാവാണമെന്ന് കല്പിച്ചു. ലോകത്തുള്ള ഏവർക്കും നന്മയുണ്ടാകണമെന്നും അതിനുള്ള പ്രയത്നങ്ങൾ നാം ഏറ്റെടുക്കണമെന്നുമാണ് ഈ ജയന്തി നാളുകൾ നമ്മെ ഓർമിപ്പിക്കുന്നത്. ഗുരുദേവ സന്ദേശങ്ങൾ നമ്മുടെ ജീവിതവ്രതമായി ഏവരും ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു. എ. കുഞ്ഞൻ സ്മാരക സ്‌കോളർഷിപ്പ് വിതരണം കെ. ശശിധരൻ നിർവഹിച്ചു. ഡയറക്ടർ ബോർഡ് അംഗം ഷാജി പുള്ളോലിൽ, കൗസിലർമാരായ പി.കെ. രാജൻ, മനോജ് അപ്പാംതാനം, യൂണിയൻ വനിതാസംഘം പ്രസിഡന്റ് സി.കെ. വത്സ, യൂണിയൻ കുമാരിസംഘം പ്രസിഡന്റ് രേഷ്മ കെ.ബി, യൂണിയൻ സൈബർസേന ചെയർമാൻ അരുകുമാർ, ശാഖാ നേതാക്കളായ സന്തോഷ്‌കുമാർ പാതയിൽ, പ്രവീൺ വട്ടമല, പി.കെ. ജോഷി, പി.ഡി. ബിനു പാറയിൽ, അഖിൽ കൃഷ്ണൻകുട്ടി, ഒ.എൻ. സന്തോഷ്, എം.ആർ. ജയൻ, സി.എസ്. അജേഷ് എന്നിവർ സംസാരിച്ചു. സജീന്ദ്രൻ പൂവാങ്കൽ സ്വാഗതവും സുരേഷ് ബാബു നന്ദിയും പറഞ്ഞു.
കട്ടപ്പന ഗുരുദേവകീർത്തിസ്തംഭത്തിൽ വിശേഷാൽ പൂജകളും ഗുരുദേവ കൃതികളുടെ പാരായണവും നടന്നു. യൂണിയനിലുള്ള 38 ശാഖാ കേന്ദ്രങ്ങളും പ്രധാന വീഥികളും കൊടിതോരണങ്ങളാലും മറ്റ് അലങ്കാരങ്ങളാലും മഞ്ഞപുതച്ചു നിൽക്കുന്ന കാഴ്ച മലനാടിനെ കൂടുതൽ മനോഹരമാക്കി. ഉപ്പുതറ, അയ്യപ്പൻകോവിൽ, കട്ടപ്പന, ആലടി, കൽത്തൊട്ടി, മുത്തംപടി, പുറ്റടി, ആലംപള്ളി, പോത്തിൻകണ്ടം, തുളസിപ്പാറ, കൂട്ടാർ, കൊച്ചുതോവാള, കാമാക്ഷി, വലിയതോവാള, അമരാവതി, കമ്പംമെട്ട്, മയിലാടുംപാറ, ചെമ്പകപ്പാറ, തൊപ്പിപ്പാള, അന്യാർതൊളു, മാട്ടുതാവളം, ചക്കുപള്ളം, ഈട്ടിത്തോപ്പ്, വാഴവര, കൊച്ചറ, ചീന്തലാർ, കാഞ്ചിയാർ, ചേറ്റുകുഴി, കോവിൽമല, കുഴിത്തൊളു, ചപ്പാത്ത്, വളകോട്, കട്ടപ്പന നോർത്ത്, ശാന്തിഗ്രാം, നരിയംപാറ, വെള്ളയാംകുടി, പുളിയൻമല, പുളിയൻമല സെൻട്രൽ ശാഖകളിൽ ക്ഷേത്രപൂജാകർമ്മങ്ങൾ, ഗുരുദേവകൃതികളുടെ പാരായണം, ചെണ്ടമേളം, നാടൻ കലാരൂപങ്ങൾ, ബാൻഡ് മേളം, അലങ്കാരക്കാവടികൾ, നിശ്ചലദൃശ്യങ്ങൽ, പ്രച്ഛന്ന വേഷങ്ങൾ തുടങ്ങിയവയുടെ അകമ്പടിയോടെ വർണ്ണശബളമായ ഘോഷയാത്രകളും പൊതുസമ്മേളനങ്ങളും നടന്നു. സ്‌കോളർഷിപ്പ് വിതരണവും ചതയസദ്യയും വനിതാസംഘം, യൂത്ത്മൂവ്‌മെന്റ്, കുമാരിസംഘം, ബാലജനയോഗം തുടങ്ങിയ പോഷകസംഘടനകളുടെ നേതൃത്വത്തിൽ ആയിരക്കണക്കിനായ ആബാലവൃദ്ധം ജനങ്ങൾ പങ്കെടുത്ത ജയന്തിദിന ഘോഷയാത്രയും സംഘടിപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |