ബംഗളൂരു: തന്റെ കുഞ്ഞിനെ മാറോട് ചേർത്തു ജോലി ചെയ്യുന്ന ഓട്ടോറിക്ഷാ തൊഴിലാളിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലൂടെ വൈറലാകുന്നത്. ബംഗളൂരു നഗരത്തിലാണ് സംഭവം. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോ ഞൊടിയിടെയാണ് തരംഗമായത്. ആറ് ലക്ഷത്തിലധികം കാഴ്ചക്കാരും 70,000 ത്തിലധികം ലൈക്കുകളും എണ്ണമറ്റ കമന്റുകളുമാണ് ലഭിച്ചത്. ഓട്ടോ ഡ്രൈവർക്ക് തന്റെ കുടുംബത്തോടുള്ള സ്നേഹത്തെയും സമർപ്പണത്തെയും അദ്ദേഹത്തിന്റെ കഠിനാധ്വാനത്തെയും നിരവധി പേർ പ്രശംസിച്ചു.
ഒട്ടേറെ വൈകാരികമായ കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചു. മാതാപിതാക്കൾ പലപ്പോഴും ജീവിതത്തിലെ ഏറ്റവും വലിയ ഉത്തരവാദിത്തങ്ങൾ വഹിക്കുന്നത് തങ്ങളുടെ കുഞ്ഞുങ്ങളെ പരിപോഷിപ്പിക്കുന്നതിനിടയിലാണെന്ന് ഈ വീഡിയോയിലൂടെ ഓർമ്മിപ്പിക്കുകയാണ്. വെല്ലുവിളികൾ നിറഞ്ഞ ഈ ലോകത്ത്, പിതാവിന്റെ ലളിതവും എന്നാൽ ഹൃദയസ്പർശിയുമായ ഇത്തരം പ്രവൃത്തികൾ പലരെയും സ്വാധിനിച്ചുവെന്നും ചിലർ പ്രതികരിച്ചു.
ഇതാദ്യമായല്ല ബംഗളൂരുവിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ സമൂഹമാദ്ധ്യമങ്ങളിലൂടെ വൈറലാകുന്നത്. ഇതിനു മുമ്പും ഒട്ടേറെ പേർ ട്രെൻഡിംഗിൽ ഇടം പിടിച്ചിട്ടുണ്ട്. കുറച്ചുനാൾ മുമ്പാണ്, തന്റെ പതിവ് സീറ്റ് മാറ്റി ഒരു ഗെയിമിംഗ് ചെയർ സ്ഥാപിച്ച ഓട്ടോ ഡ്രൈവറുടെ വീഡിയോ വ്യാപകമായി ശ്രദ്ധ നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |