തിരുവനന്തപുരം: നാടിന്റെ സംസ്‌കാരവും പെരുമയും വിളിച്ചോതുന്ന കലാരൂപങ്ങളാൽ തലസ്ഥാന വീഥി നിറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് അതിഗംഭീര ഘോഷയാത്രയോടെ സമാപനം. ഫ്ലാഗ്‌ഓഫിന് ശേഷം കേരള പൊലീസിന്റെ അശ്വാരൂഢസേന മുന്നിൽ നീങ്ങി. ഘോഷയാത്രയുടെ വരവറിയിച്ച് 51 കലാകാരന്മാർ ശംഖുനാദം മുഴക്കി. വാദ്യോപകരണമായ കൊമ്പ്,ഗവർണർ മുഖ്യകലാകാരനായ കലാപീഠം വാമനപുരം സുരേഷ്‌കുമാറിന് കൈമാറിയതോടെ സാംസ്‌കാരിക ഘോഷയാത്രയുടെ താളമേളങ്ങൾക്ക് തുടക്കമായി.
കേന്ദ്ര-സംസ്ഥാന സർക്കാർ,അർദ്ധസർക്കാർ വകുപ്പുകളുടെ 59 ഫ്ലോട്ടുകൾ സാംസ്‌കാരിക കലാരൂപങ്ങളുടെ അകമ്പടിയോടെ അണിനിരന്നു.ഇന്ത്യൻ ആർമിയുടെയും വിവിധ സേനാവിഭാഗങ്ങളുടെയും ബാൻഡ് ഘോഷയാത്ര പ്രൗഢഗംഭീരമാക്കി.
തെയ്യവും വേലകളിയും പൂരക്കളിയുമെല്ലാം തനത് മേളങ്ങൾക്കൊപ്പം ആടിത്തിമിർത്തു. തലകുലുക്കിയെത്തിയ ആനയുടെ മാതൃകയും സിനിമാതാരങ്ങളുടെ ഭീമൻ രൂപവുമെല്ലാം കുട്ടികൾക്ക് കൗതുകമായി. നാനാത്വത്തിൽ ഏകത്വം എന്ന പ്രമേയം മുൻനിറുത്തി ജാർഖണ്ഡ്,ഉത്തർപ്രദേശ്,മദ്ധ്യപ്രദേശ്,മഹാരാഷ്ട്ര,ആന്ധ്രപ്രദേശ്, തെലങ്കാന,കർണാടക,തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ള ഇന്ത്യൻ ഗ്രാമീണ കലാരൂപങ്ങളും ഘോഷയാത്രയിൽ പങ്കെടുത്തു.
പതിനായിരങ്ങളാണ് വെള്ളയമ്പലം മുതൽ ഘോഷയാത്ര സമാപിക്കുന്ന കിഴക്കേക്കോട്ട വരെയുള്ള പാതയുടെ ഇരുവശത്തുമായി നിറഞ്ഞുനിന്നത്. മറ്റു ജില്ലകളിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുള്ളവരും തലസ്ഥാനനഗരിയിലേക്ക് ഒഴുകിയെത്തി. മുഖ്യമന്ത്രിയും ഗവർണറും കുടുംബസമേതവും മന്ത്രിമാരും സാംസ്‌കാരിക നായകന്മാരുമെല്ലാം കാണികളായി. ഓണം വാരാഘോഷത്തിന്റെ സമാപനം നിശാഗന്ധിയിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്‌ഘാടനംചെയ്‌തു. മികച്ച ഫ്ലോട്ടുകൾക്കുള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്‌തു.
ലഹരിക്കെതിരെ ബോധവത്കരണം
ലഹരിക്കെതിരെയുള്ള ബോധവത്കരണവുമായാണ് ഇത്തവണ എക്സൈസ് വകുപ്പ് എത്തിയത്.ഒരു മനുഷ്യ നിർമ്മിത തലയിൽ പ്രതീതാത്മകമായി ലഹരി നിറയുന്നതും അതിന്റെ ദുർവശങ്ങളുമടങ്ങിയ ഫ്ളോട്ടാണ് എക്സൈസ് വകുപ്പ് ഒരുക്കിയത്. കുട്ടികളിലെ ലഹരി ഉപയോഗം തടയൂ, നല്ലൊരു നാളളേക്കായി കൈകോർക്കൂവെന്ന സന്ദേശമുയർത്തിയാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ നിശ്ചല ദൃശ്യം.
പതിവിലും വ്യത്യസ്തമായി സൈബർ തട്ടിപ്പിനെതിരെയായിരുന്നു കേരള പൊലീസിന്റെ ഫ്ളോട്ട്.സൈബർ തട്ടിപ്പ് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കാൻ 'നാമൊന്നിക്കാം' എന്ന സന്ദേശത്തിലായിരുന്ന കേരള പൊലീസിന്റെ ഫ്ളോട്ട്.
ലൈവ് ചിത്രം വര
മ്യൂസിയം മൃഗശാല വകുപ്പിന്റെ ഫ്ലോട്ടിൽ രാജാരവിവർമ്മയുടെ ആർട് ഗ്യാലറി പുനരാവിഷ്‌കരിച്ചു. മെല്ലെ ചലിച്ച ഫ്ലോട്ടിൽ തത്സമയമുള്ള ചിത്രംവര ആളുകൾക്കും കൗതുകമായി. തിരുവനന്തപുരം മ്യൂസിയത്തിലെ ആർടിസ്റ്റ് കീഴില്ലം സ്വദേശി ബിനുക്കുട്ടനാണ് രാജാരവിവർമ്മയായി തത്സമയം ക്യാൻവാസിൽ വിസ്‌മയം തീർത്തത്. അഭിനയത്രിയായ കൊട്ടാരക്കര സ്വദേശി രമ്യ കൃഷ്ണനായിരുന്നു ദമയന്തിയായത്.നെയ്യാറ്റിൻകര സ്വദേശി സചിത്രയും ഷഫീക് തിരുമലയും ചേർന്നാണ് ഫ്ളോട്ട് രൂപകല്പന ചെയ്‌തത്.
പുരസ്കാരം
കേന്ദ്രസർക്കാർ സ്ഥാപന വിഭാഗത്തിൽ ഒന്നാം സ്ഥാനം വി.എസ്.എസ്.സിക്കും രണ്ടാം സ്ഥാനം തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഫ്ളോട്ടുകൾക്ക് ലഭിച്ചു.സംസ്ഥാന സർക്കാർ വകുപ്പുകളുടെ വിഭാഗത്തിൽ ക്ഷീര വികസന വകുപ്പും മത്സ്യബന്ധന വകുപ്പും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
സർക്കാരിതര സ്ഥാപന വിഭാഗത്തിൽ ഒന്നാം സ്ഥാനം ശുചിത്വ മിഷനും രണ്ടാം സ്ഥാനം എനർജി മാനേജ്മെന്റ് സെന്ററിന്റെയും ഫ്ളോട്ടുകൾ സ്വന്തമാക്കി.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ തിരുവനന്തപുരം കോർപ്പറേഷനും തിരുവനന്തപുരം ജില്ലാ പഞ്ചായത്തുമൊരുക്കിയ ഫ്ലോട്ടുകൾക്ക് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ കെൽട്രോണും കേരള വാട്ടർ അതോറിട്ടിയും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.ബാങ്കിംഗ് മേഖലയിൽ കേരള ബാങ്കും നബാർഡും ഒന്നും രണ്ടും സ്ഥാനം സ്വന്തമാക്കി.ദൃശ്യകലാരൂപങ്ങളുടെ വിഭാഗത്തിൽ ഝാർഖണ്ഡിലെ ഗ്രാമീണരുടെ തനത് നൃത്തവും ഉത്തർപ്രദേശിലെ തനത് നൃത്തവും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |