കോഴഞ്ചേരി : പതിനെട്ടാം തവണ മന്നം ട്രോഫി നേടിയ കോറ്റാത്തൂർ കൈതക്കോടി പള്ളിയോടമാണ് ഇത്തവണ ഏറ്റവും വേഗതയേറിയ പള്ളിയോടമായി മാറിയത്. ബി ബാച്ച് നാലാം ഹീറ്റ്സ് മത്സരത്തിൽ പങ്കെടുക്കവെ 3. 58 മിനിട്ടു കൊണ്ട് മത്സരം പൂർത്തിയാക്കിയാണ് കോറ്റത്തൂർ വേഗരാജാവായത്. ഒപ്പം മത്സരിച്ച പള്ളിയോടങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് വിജയം നേടിയത്. ഫൈനലിലും വിജയം ആവർത്തിച്ചെങ്കിലും ഹീറ്റ്സിൽ കുറിച്ച വേഗത കൈവരിക്കാൻ കഴിഞ്ഞില്ല. 4. 46 മിനിട്ടിലാണ് ഫിനിഷ് ചെയ്തത്. കോടിയാട്ടുകരയും ഇടപ്പാവൂരും 5.18 മിനിട്ട് സമയമെടുത്താണ് ഫൈനലിൽ മത്സരം പൂർത്തിയാക്കിയത്.ഏറ്റവുമധികം തവണ മന്നം ട്രോഫി നേടിയ റെക്കോഡും കോറ്റാത്തൂർ പള്ളിയോടത്തിനാണ്. 1981 , 82 , 83 വർഷങ്ങളിൽ തുടർച്ചയായ വിജയം നേടി ഹാട്രിക് വിജയം കൈവരിച്ച നേട്ടവും കോറ്റാത്തൂർ -കൈതക്കോടിക്ക് സ്വന്തം . കോറ്റത്തൂർ കൈതക്കോടി ദേവി വിലാസം പള്ളിയോട സമിതിയുടെ ഉടമസ്ഥതയിലുള്ള പള്ളിയോടത്തിന്റെ ക്യാപ്റ്റൻ അശ്വിൻ പി. രാജീവാണ്. പള്ളിയോട സേവാ സംഘം ജോ. സെക്രട്ടറി അജയ് ഗോപിനാഥ് , ഹരീഷ് ടി. എസ് എന്നിവരും നേതൃത്വത്തിലുണ്ട്.
മേലുകരയ്ക്കിത് എട്ടാം വിജയം
കോഴഞ്ചേരി: എ ബാച്ചിൽ മന്നം ട്രോഫി നേടിയ മേലുകര എട്ടാം തവണയാണ് ഒന്നാമത് എത്തുന്നത്. 1971 , 72 , 2000 ,2004 , 2006 , 2 007, 2019 വർഷങ്ങളിലാണ് ഇതിന് മുമ്പ് മന്നം ട്രോഫി നേടിയത്. 2011 ൽ പുതിയ പള്ളിയോടം നിർമ്മിച്ച് ഇത്തവണ പുതുക്കിപ്പണിത പള്ളിയോടം ആറന്മുള പള്ളിയോടങ്ങളിൽ ഏറ്റവും നീളമേറിയ പള്ളിയോടമാണ്. 52 കോൽ നീളവും 16 അടി അമരപ്പൊക്കവും 64 അംഗുലം ഉടമയുമുള്ള പള്ളിയോടം മേലുകര പള്ളിയോട സംരക്ഷണ സമിതിയുടെ ഉടമസ്ഥതയിലാണുള്ളത്. പ്രവീണാണ് ക്യാപ്റ്റൻ. പള്ളിയോട സേവാ സംഘം എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം അനൂപ് ഉണ്ണികൃഷ്ണൻ പ്രദീപ് കാഞ്ഞിരമൺ എന്നിവർ പ്രതിനിധികളാണ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |