വൻ ഗതാഗതനിയന്ത്രണം
വെഞ്ഞാറമൂട്: നീണ്ട കാത്തിരിപ്പിനൊടുവിൽ വെഞ്ഞാറമൂട് ഓവർ ബ്രിഡ്ജിന്റെ ആദ്യഘട്ട നിർമ്മാണം ഇന്ന് ആരംഭിക്കും. തൂണുകൾക്കായുള്ള പൈലിംഗ് ജോലിയാണ് ഇന്ന് ആരംഭിക്കുക.
ഇതിനുള്ള യന്ത്രങ്ങൾ കഴിഞ്ഞ ദിവസമെത്തി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമ്മാണച്ചുമതല. കേരള റോഡ് ഫണ്ട് ബോർഡ് മേൽനോട്ടം വഹിക്കും. 24 മാസമാണ് നിർമ്മാണ കാലാവധി. നിർമ്മാണം ആരംഭിക്കുന്നതോടെ ടൗൺ വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു.
അതേസമയം, പ്രദേശവാസികളുടെ ബുദ്ധിമുട്ട് പരിഗണിച്ച് അത്യാവശ്യ വാഹനങ്ങൾ ജംഗ്ഷനിലേക്ക് കടത്തിവിടും.
പൈലിംഗ് വർക്ക് പുരോഗമിക്കുന്ന പക്ഷം ഫെൻസിംഗ് ക്രമീകരിക്കുകയും ആ സമയം ഗതാഗത നിയന്ത്രണം പുനഃക്രമീകരിക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
ഓവർ ബ്രിഡ്ജ് പ്ലാൻ
11 സ്പാനുകളിലായി 337 മീറ്റർ നീളത്തിലും 10 മീറ്റർ വീതിയിലുമാണ് ഓവർ ബ്രിഡ്ജ് നിർമ്മിക്കുന്നത്. 800 മീറ്റർ നീളത്തിലും 5.5 മീറ്റർ വീതിയിലുമുള്ള സർവീസ് റോഡും ഇരുവശങ്ങളിലുമുള്ള അനുബന്ധ റോഡിന്റെ നിർമ്മാണവും ഇതിൽ ഉൾപ്പെടും. ഓവർ ബ്രിഡ്ജിന്റെ 2 സൈഡുകളിലും കോൺക്രീറ്റ് ബാരിയറും ഉണ്ടാകും. 3.5 മീറ്റർ ഉയരത്തിൽ റീട്ടയിനിംഗ് വാൾ സജ്ജീകരിക്കും. അപ്പ്രോച്ച് റോഡിന്റ നീളം തിരുവനന്തപുരം ഭാഗം 56.7 മീറ്റർ, കൊട്ടാരക്കര ഭാഗം 52 മീറ്റർ. ആകെ അപ്പ്രോച്ച് റോഡിന്റെ നീളം 446 മീറ്റർ.
ഗതാഗത ക്രമീകരണം
കൊട്ടാരക്കരയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള കെ.എസ്.ആർ.ടി.സി ഒഴികെയുള്ള ഹെവി വാഹനങ്ങൾ കിളിമാനൂരിൽ നിന്ന് നഗരൂർ- ആലംങ്കോട് വഴി എൻ.എച്ചിലൂടെ കഴക്കൂട്ടത്തേക്ക് പോകണം.
കൊട്ടാരക്കരയിൽ നിന്നും പോത്തൻകോട്,കഴക്കൂട്ടം തിരുവനന്തപുരം ഭാഗത്തേക്ക് പോകേണ്ട മറ്റു വാഹനങ്ങൾ അമ്പലമുക്കിൽ നിന്ന് തിരിഞ്ഞ് ബൈപ്പാസ്‌വഴി എം.സി റോഡിൽ പ്രവേശിക്കണം.
തിരുവനന്തപുരത്തുനിന്ന് എം.സി റോഡ് വഴി കൊട്ടാരക്കരയിലേക്ക് പോകേണ്ട കെ.എസ്.ആർ.ടി.സി ഒഴികെയുള്ള ചരക്ക്, ഹെവി വാഹനങ്ങൾ കഴക്കൂട്ടത്തുനിന്ന് ആലംങ്കോട് തിരിഞ്ഞ് കിളിമാനൂരിലെത്തി യാത്ര തുടരണം
വട്ടപ്പാറയിൽ നിന്നും കൊട്ടാരക്കര ഭാഗത്തേക്കുള്ള വാഹനങ്ങൾ കന്യാകുളങ്ങരയിൽ നിന്ന് തിരിഞ്ഞ് പോത്തൻകോട് വഴി മംഗലപുരം ഭാഗത്തെത്തി എൻ.എച്ചിൽ പ്രവേശിച്ച് ആറ്റിങ്ങൽ- ആലംങ്കോട്-കിളിമാനൂർ വഴി എം.സി റോഡിൽ പ്രവേശിക്കണം.
പോത്തൻകോട് ഭാഗത്ത് നിന്ന് വെഞ്ഞാറമൂട് ഭാഗത്തേക്ക് വരുന്ന കെ.എസ്.ആർ.ടി.സി വാഹനങ്ങൾ തൈക്കാട് ജംഗ്ഷന് മുമ്പുള്ള സമന്വയ നഗറിലെത്തി ഇടത്തേക്ക് തിരിഞ്ഞ് ആറ്റിങ്ങൽ റോഡിലുള്ള പാക്കിസ്ഥാൻ മുക്ക് ജംഗ്ഷൻ വഴി വെഞ്ഞാറമൂട് ഭാഗത്തേക്ക് പോകണം.
തിരുവനന്തപുരം ഭാഗത്തുനിന്ന് വരുന്ന ലൈറ്റ് വാഹനങ്ങൾ പിരപ്പൻകോട് നിന്നും ബൈപ്പാസ് വഴി നാഗരുകുഴി -കുറ്റിമൂടെത്തി അമ്പലമുക്ക് നിന്ന് എം.സി റോഡിൽ പ്രവേശിച്ച് യാത്ര തുടരും.
മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട സർവീസ് റോഡ് വീതി കൂട്ടാൻ സ്ഥലം ഏറ്റെടുക്കും. അൻപത് കോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. രണ്ട് ഘട്ടമായാകും സ്ഥലം ഏറ്റെടുക്കൽ. സ്ഥലം ഏറ്റെടുക്കൽ ഓവർ ബ്രിഡ്ജ് നിർമ്മാണവുമായി ബന്ധപ്പെട്ട് സമാന്തരമായി നടക്കും (ഡി.കെ. മുരളി എം.എൽ.എ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |