കോഴഞ്ചേരി : ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയും സമൂഹസദ്യയും 14ന് രാവിലെ 10.30ന് ദേവസ്വം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. 52 പള്ളിയോടക്കരകളിൽ നിന്നുള്ളവരും ക്ഷേത്രാങ്കണത്തിൽ എത്തും. ഇന്ന് രാവിലെ 9നും 9.45 നും ഇടയ്ക്കുള്ള മുഹൂർത്തത്തിൽ ക്ഷേത്രത്തിലെ ഊട്ടുപുരയിലെ അടുപ്പിൽ അഗ്നിപകരും. അമ്പലപ്പുഴ പാൽപ്പായസം ഉൾപ്പെടെ വള്ളസദ്യക്കുള്ള വിഭവങ്ങൾ ചേർത്താണ് സദ്യ ഒരുക്കുന്നത്. 501 പറ അരിയുടെ ചോറാണ് തയ്യാറാക്കുന്നത്. ക്ഷേത്രത്തിന്റെ വടക്കും പടിഞ്ഞാറും ഭാഗത്ത് പള്ളിയോടങ്ങൾക്കും തെക്ക് ഭാഗത്ത് ഭക്തർക്കുമാണ് സദ്യ വിളമ്പുന്നത്. സദ്യയ്ക്ക് ആവശ്യമായ തൈര് ചേനപ്പാടിയിൽ നിന്ന് പരമ്പരാഗത ശൈലിയിൽ ശനിയാഴ്ച രാവിലെ 10ന് ആറന്മുള ക്ഷേത്രത്തിൽ ഘോഷയാത്രയായി എത്തിക്കും. അമ്പലപ്പുഴ അരവിന്ദാക്ഷൻനായരുടെ നേതൃത്വത്തിലുള്ള സംഘമാണ് അമ്പലപ്പുഴ പാൽപ്പായസം തയ്യാറാക്കുക. അഷ്ടമിരോഹിണി വിഭവങ്ങൾ ചെറുകോൽ സി.കെ.ഹരിചന്ദ്രൻ തയ്യാറാക്കും. ഓഡിറ്റോറിയങ്ങളിൽ ആറന്മുള അനീഷ് ചന്ദ്രന്റെ നേതൃത്വത്തിൽ സദ്യയൊരുക്കും. 25 ലക്ഷം രൂപ ചെലവിട്ടാണ് ഇക്കുറി അഷ്ടമിരോഹിണി സദ്യ ഒരുക്കുന്നത്. അഷ്ടമിരോഹിണി വള്ളസദ്യ ഹൈക്കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ചിട്ടുള്ള നിർവഹണസമിതിയുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്. രവീന്ദ്രൻ നായർ (ഭക്തജന പ്രതിനിധി), ശശി കണ്ണങ്കേരിൽ (ഉപദേശക സമിതി പ്രതിനിധി), ദേവസ്വം പ്രതിനിധികളായി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആർ.രേവതി, അസിസ്റ്റന്റ് കമ്മിഷണർ എസ്.ശ്രീലേഖ, പള്ളിയോട സേവാസംഘം സെക്രട്ടറി പ്രസാദ് ആനന്ദഭവൻ ,പ്രസിഡന്റ് സാംബദേവൻ.കെ.വി എന്നിവരാണ് അംഗങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |