ന്യൂഡൽഹി: മുൻ ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ രാജിവച്ചത് ആരോഗ്യ കാരണങ്ങളാലാണെന്ന് വിശദീകരിച്ച കേന്ദ്ര സർക്കാരിനെ വെട്ടിലാക്കി ആർ.എസ്.എസ് സൈദ്ധാന്തികൻ എസ്. ഗുരുമൂർത്തിയുടെ വെളിപ്പെടുത്തൽ. ധൻകർ ഭരണകക്ഷിക്ക് ചേരാത്ത രീതിയിൽ പെരുമാറിയതിനാൽ സ്ഥാനമൊഴിയേണ്ടി വന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഇല്ലെങ്കിൽ ഇംപീച്ച്മെന്റ് വേണ്ടി വരുമായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
ധൻകറിന്റെ അപ്രതീക്ഷിത രാജിയുടെ യഥാർത്ഥ കാരണം വെളിപ്പെടുത്തണമെന്ന് പ്രതിപക്ഷം മുറവിളി കൂട്ടിയിട്ടും സർക്കാർ വ്യക്തമായ മറുപടി പറഞ്ഞിരുന്നില്ല. തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ധൻകറിന് സർക്കാരുമായി അഭിപ്രായ വ്യത്യാസമുണ്ടായെന്ന വെളിപ്പെടുത്തൽ ഗുരുമൂർത്തി നടത്തിയത്. ഭരണകക്ഷിക്ക് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടാൻ അവകാശമുണ്ട്. രാജിവയ്‌ക്കാത്ത പക്ഷം ഇംപീച്ച്മെന്റ് ചെയ്യാൻ ആലോചിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഹൈക്കോടതി ജഡ്‌ജി യശ്വന്ത് വർമ്മയ്‌ക്കെതിരായ ഇംപീച്ച്മെന്റ് നടപടിയുമായി ബന്ധപ്പെട്ട ഭിന്നതയാണ് അപ്രതീക്ഷിത രാജിയിൽ കലാശിച്ചതെന്ന് റിപ്പോർട്ടുണ്ടായിരുന്നു. പ്രതിപക്ഷം കൊണ്ടുവന്ന ഇംപീച്ച്മെന്റ് പ്രമേയം ധൻകർ സ്വീകരിച്ചതിനെ ചൊല്ലി കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, കിരൺ റിജിജു എന്നിവരുമായി അദ്ദേഹം തർക്കിച്ചെന്നും വാർത്ത വന്നു. സർക്കാർ പ്രമേയം നൽകുമെന്ന് അറിയിച്ചിട്ടും ആദ്യം പ്രതിപക്ഷത്തെ പരിഗണിച്ചതാണ് ബി.ജെ.പി നേതൃത്വത്തെ ചൊടിപ്പിച്ചത്.
ഭിന്നതയെ തുടർന്നുള്ള രാജിയായതിനാൽ തുടർന്നുള്ള ദിവസങ്ങളിൽ ധൻകർ പൊതുവേദികളിൽ എത്തിയിരുന്നില്ല. സർക്കാർ യാത്ര അയപ്പും നൽകിയില്ല. ഔദ്യോഗിക വസതി മാറാൻ നേരമാണ് അദ്ദേഹം പുറത്തു വന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |