ദുബായ്: വര്‍ഷങ്ങളായി ഒരു മാറ്റവുമില്ലാതെ തുടരുന്ന ചില നിയമങ്ങള്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് തലവേദനയാകുന്നു. വിദേശത്ത് നിന്ന് നിയമപരമായി നാട്ടിലേക്ക് സ്വര്‍ണം കൊണ്ടുവരുന്നതിനാണ് കാലാനുസൃതമായി മാറ്റമില്ലാത്തത് കാരണം ആശയക്കുഴപ്പം ഉണ്ടായിരിക്കുന്നത്. ഇക്കാര്യം സൂചിപ്പിച്ച് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരമന് നിവേദനം സമര്‍പ്പിച്ചിരിക്കുകയാണ് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍.
ഒരു വര്‍ഷം വിദേശത്ത് താമസിച്ച ശേഷം നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ക്ക് ഡ്യൂട്ടി നല്‍കാതെ നിശ്ചിത അളവില്‍ സ്വര്‍ണം കൊണ്ടുവരാന്‍ അനുമതിയുണ്ട്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാം നിരക്ക് വെറും 2500 രൂപ മാത്രമായിരുന്നപ്പോഴുള്ള പരിധി അനുസരിച്ച് 50,000 രൂപ മൂല്യമുള്ള 20 ഗ്രാം സ്വര്‍ണമാണ് കൊണ്ടുവരാന്‍ കഴിയുക. എന്നാല്‍ ഈ പരിധി അനുസരിച്ച് ഇപ്പോഴത്തെ നിരക്കില്‍ വെറും ഏഴ് ഗ്രാം സ്വര്‍ണം പോലും നാട്ടിലേക്ക് കൊണ്ടുവരാന്‍ കഴിയില്ല.
20 ഗ്രാം സ്വര്‍ണം ഇപ്പോഴത്തെ നിരക്കില്‍ നാട്ടിലെത്തിച്ചാല്‍ അതിന്റെ മൂല്യം നിയമപരമായി നിലനില്‍ക്കുന്ന 50,000 മറികടക്കും. അങ്ങനെ വരുമ്പോള്‍ അതിന് അമിത നികുതി നല്‍കേണ്ടതായി വരും. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ നിയമത്തില്‍ മാറ്റം ആവശ്യപ്പെട്ടിരിക്കുന്നത്. വിമാനത്താവളങ്ങളില്‍ കസ്റ്റംസുമായി പലപ്പോഴും തര്‍ക്കത്തിനും ഒപ്പം ഏറെ നേരത്തെ കാത്തിരിപ്പിനും നടപടിക്രമങ്ങള്‍ക്കും കാരണമാകുന്നുവെന്നും നിവേദനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രവാസികളെ സംബന്ധിച്ച് വലിയ പ്രതിസന്ധിയുണ്ടാക്കുന്ന ഈ സാഹചര്യം മാറണമെന്നും സ്വര്‍ണത്തിന്റെ വിലയ്ക്ക് പകരം ഭാരം മാനദണ്ഡമാക്കി നിയമത്തില്‍ മാറ്റം കൊണ്ടുവരണമെന്നുമാണ് പ്രവാസി സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |