ശിവഗിരി :ഗുരുദേവജയന്തി പ്രമാണിച്ച് ആലുവ അദ്വൈതാശ്രമത്തിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച ഗുരുദേവ ചിത്രങ്ങൾ അടങ്ങിയ ബോർഡുകളും പീതപതാകകളും ആലുവ മുനിസിപ്പാലിറ്റി നശിപ്പിച്ചത് ശ്രീനാരായണ ഗുരുദേവനെ ആരാധിക്കുന്ന ജനവിഭാഗത്തിന് സഹിക്കാനാവില്ലെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ആശ്രമത്തിലെ ജയന്തി ആഘോഷത്തിന്റെ കൊടി തോരണങ്ങൾ പൊതുസ്ഥലത്തല്ല, ആശ്രമത്തിന്റെ കോമ്പൗണ്ടിൽ തന്നെയാണ് സ്ഥാപിച്ചിരുന്നത്.
പതിനാലാം തീയതി വരെ നീണ്ടുനിൽക്കുന്ന ഒരു മാസത്തെ ആഘോഷ പരിപാടികളുടെ കൊടി തോരണങ്ങളാണ് നശിപ്പിച്ചത്. പൊതുസ്ഥലത്ത് കൊടി തോരണങ്ങൾ പാടില്ല എന്നുള്ള കോടതി ഉത്തരവിന്റെ മറവിലാണ് മുനിസിപ്പാലിറ്റി ഗുരുവിനെയും പ്രസ്ഥാനത്തെയും അവഹേളിച്ചത്. നശിപ്പിക്കരുതെന്ന് ആശ്രമം പ്രതിനിധികൾ പറഞ്ഞിട്ടും നിന്ദാപൂർവ്വം കൊടി തോരണങ്ങൾ നശിപ്പിച്ചെന്ന് മാത്രമല്ല മുനിസിപ്പാലിറ്റിയുടെ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന കേന്ദ്രത്തിൽ കൊണ്ടിട്ടത് ഗുരുദേവ പ്രസ്ഥാനത്തോടുള്ള അവജ്ഞയും അവഹേളനവുമാണ്.
മാപ്പർഹിക്കാത്ത ഈ കൊടും തെറ്റിന് ഉത്തരവാദികളായവരെ എത്രയും വേഗം മാതൃകാപരമായി ശിക്ഷിച്ചു നീതി കാട്ടണമെന്ന് സ്വാമി സച്ചിദാനന്ദ, ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ , ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ ആവശ്യപ്പെട്ടു. ശിവഗിരി മഠത്തിലെ മുഴുവൻ സന്യാസിമാരും ഗുരുധർമ്മ പ്രചരണസഭ പ്രവർത്തകരും രാജ്യമൊട്ടാകെയുള്ള ശ്രീനാരായണ സമൂഹവും ആലുവ മുനിസിപ്പാലിറ്റിയുടെ നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തുകയാണ്. ഗുരുദേവനെയും ഗുരുദേവ പ്രസ്ഥാനങ്ങളെയും ആകമാനം ആക്ഷേപിക്കും വിധം ആലുവ മുനിസിപ്പാലിറ്റിയുടെ ഭാഗത്തുനിന്നും മാപ്പർഹിക്കാത്ത കുറ്റമാണ് സംഭവിച്ചതെന്ന് ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി പറഞ്ഞു. ഗുരുതരമായ ഈ കുറ്റം കാട്ടിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുവാൻ കാലതാമസം നേരിട്ടാൽ ഗുരുധർമ്മ പ്രചരണ സഭയുടെ നേതൃത്വത്തിൽ വിശ്വാസികളുടെ പങ്കാളിത്തത്തോടെ വ്യാപകമായ പ്രക്ഷോഭത്തിന് രൂപം നൽകുമെന്നും അസംഗാനന്ദസ്വാമി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |