തിരുവനന്തപുരം: അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമവും നടത്താൻ സർക്കാർ നീക്കം. കൊച്ചിയിൽ അടുത്തമാസം പകുതിയോടെ നടത്താനാണ് ആലോചന. ക്രിസ്ത്യൻ, മുസ്ളീം വിഭാഗങ്ങളെ ഉൾപ്പെടെ ന്യൂനപക്ഷ വിഭാഗങ്ങളെ ചേർത്തുനിറുത്തുകയാണ് ലക്ഷ്യം. അയ്യപ്പസംഗമം നടത്തുന്നത് ഭൂരിപക്ഷ വിഭാഗങ്ങളുടെ പ്രീണനത്തിനാണെന്ന പ്രതിപക്ഷ പ്രചാരണത്തിന്റെ മുനയൊടിക്കാനും ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.
വിഷൻ 2031 എന്നപേരിൽ ന്യൂനപക്ഷ വകുപ്പിന്റെ നേതൃത്വത്തിലാകും സംഗമം നടത്തുക. കെ.ജെ.മാക്സി എം.എൽ.എയ്ക്കാവും സംഘാടന ചുമതല. ന്യൂനപക്ഷ വകുപ്പ് മന്ത്രി അബ്ദുറഹിമാൻ മേൽനോട്ടം വഹിക്കും. എല്ലാവിഭാഗങ്ങളേയും ഒരുപോലെ പരിഗണിക്കുന്നുവെന്നും മതേതര, പുരോഗമന ആശയങ്ങൾ കൈവിടുന്നില്ലെന്നും വ്യക്തമാക്കുകയാണ് ന്യൂനപക്ഷ സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതോടെ തിരഞ്ഞെടുപ്പ് കാലത്ത് സർക്കാരിന്റെ സുപ്രധാന ചുവടുവയ്പ്പായി മാറും അയ്യപ്പ സംഗമവും ന്യൂനപക്ഷ സംഗമവും.
ന്യൂനപക്ഷ സമുദായങ്ങളുടെ ആവശ്യങ്ങൾ അറിയുന്നതിനൊപ്പം രാജ്യത്ത് അവർ നേരിടുന്ന വെല്ലുവിളികൾ ചർച്ചയാക്കുകയും എല്ലാവരെയും വേർതിരിവില്ലാതെ കാണുന്നുവെന്ന സന്ദേശം നൽകുകയുമാണ് ലക്ഷ്യമെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു.
ന്യൂനപക്ഷങ്ങളുടെ
പ്രശ്നങ്ങൾ ചർച്ച ചെയ്യും
ക്രിസ്ത്യൻ, മുസ്ലീം വിഭാഗങ്ങളിൽ നിന്ന് ഉൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ട 1500പേരെ സംഗമത്തിലേക്ക് ക്ഷണിക്കുമെന്നാണ് സൂചന. ന്യൂനപക്ഷ വിഭാഗങ്ങളിലെ പ്രശ്നങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്യാനുള്ള വേദിയൊരുക്കുകയാണ് ലക്ഷ്യം. വേദിയുടേയും ക്ഷണിതാക്കളുടേയും കാര്യത്തിൽ വരുംദിവസങ്ങളിൽ തീരുമാനമുണ്ടാകും. വിവിധ സമുദായ സംഘടനകളുമായും നേതാക്കളുമായും ആശയവിനിമയം ആരംഭിച്ചുവെന്നാണ് അറിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |