അടൂർ: ഡി.വൈ.എഫ്.ഐ അടൂർ മേഖലാ സെക്രട്ടറിയായിരുന്ന നെല്ലിമുകൾ കൊച്ചുമുകളിൽ ജോയൽ (28) മരിച്ചത് പൊലീസ് മർദ്ദനത്തെ തുടർന്നാണെന്ന് ബന്ധുക്കളുടെ ആരോപണം. 2020 ജനുവരി ഒന്നിന് അടൂർ ഹൈസ്കൂൾ ജംഗ്ഷനിൽ വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ജോയലിനെ അടൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച് അന്നത്തെ സി.ഐ യു.ബിജുവിന്റെ നേതൃത്വത്തിൽ ക്രൂരമായി മർദ്ദിച്ചു. ഇതിനുശേഷം ജോയലിന് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായി. തുടർന്ന് മാസങ്ങളോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൂത്രത്തിൽ പഴുപ്പും ചോരയുമായിരുന്നെന്നും ജോയലിനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച തന്നെയും മർദ്ദിച്ചെന്നും ജോയലിന്റെ പിതൃസഹോദരി കെ.കെ.കുഞ്ഞമ്മ പറഞ്ഞു. 2020 മേയ് 22ന് ജോയൽ മരിച്ചു. മാതാപിതാക്കളായ ജോയിക്കുട്ടിയും മറിയാമ്മയും മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമടക്കം പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. അതേസമയം, ജോയലിനെ കസ്റ്റഡിയിലെടുത്ത കാര്യങ്ങൾ വിവരാവകാശ നിയമപ്രകാരം കുടുംബം അന്വേഷിച്ചിട്ടുണ്ടെന്നും മറുപടി നിയമനാനുസൃതം നൽകുമെന്നും അടൂർ എസ്.എച്ച്.ഒ ശ്യാം മുരളി പറഞ്ഞു. 2013ൽ ബേക്കറി ഉടമ നെല്ലിമുകൾ സ്വദേശി കെ.ബാബുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു ജോയൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |