ആലപ്പുഴ: മുൻ എം.എൽ.എ സി.കെ. സദാശിവന്റെ മകൻ പ്രവീൺ സദാശിവൻ ഉന്നയിച്ച ആരോപണം അടിസ്ഥാന രഹിതമാണെന്ന് ആലപ്പുഴ നോർത്ത് പൊലീസ്. വാഹന ഷോറൂം ജീവനക്കാരുമായി വാക്കുതർക്കമുണ്ടായതിന് തനിക്കെതിരെ കള്ളക്കേസ് എടുക്കുകയും, പള്ളയ്ക്ക് ഇടിക്കുകയും ചെയ്തെന്നായിരുന്നു പ്രവീണിന്റെ ആരോപണം. എന്നാൽ വാഹനം റോഡിൽ കൊണ്ടിട്ട് ഒരുമണിക്കൂറോളം ഷോറൂമിലേക്കുള്ള വഴി തടസപ്പെടുത്തിയതിനാണ് കേസ് എടുത്തതെന്ന് പൊലീസ് പറഞ്ഞു. ഷോറൂം മാനേജരെക്കൊണ്ട് നിർബന്ധിച്ച് പരാതിയിൽ ഒപ്പിടീപ്പിച്ചിട്ടില്ല. 50 മിനിട്ടോളം പ്രവീൺ ഷോറൂമിലേക്കുള്ള വഴിയിൽ കാർ പാർക്ക് ചെയ്തിരുന്നു. ഇത് മാറ്റാൻ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കിയില്ല.
വണ്ടി മാറ്റാൻ പൊലീസ് താക്കോൽ ചോദിച്ചിട്ടും നൽകിയില്ല. മോശമായി പെരുമാറിക്കൊണ്ടിരുന്നതോടെയാണ് പൊലീസ് പ്രവീണിനെയും വാഹനത്തെയും സ്റ്റേഷനിലെത്തിച്ചത്. ഇതിന്റെ വീഡിയോയുണ്ടെന്നും പൊലീസ് പറഞ്ഞു. ആറുമാസം മുമ്പ് വാങ്ങിയ വാഹനത്തിന്റെ തകരാർ സംബന്ധിച്ച് ആറാട്ടുവഴിയിലെ ഷോറൂം ജീവനക്കാരുമായി ഈ മാസം രണ്ടിനാണ് തർക്കമുണ്ടായത്. കഴിഞ്ഞ ദിവസമാണ് പൊലീസ് കള്ളക്കേസിൽ കുടുക്കിയെന്ന ആരോപണവുമായി പ്രവീൺ രംഗത്തെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |