തിരുവനന്തപുരം: കെ.എസ്.ഇ.ബി.യുടെ നഷ്ടം നികത്താൻ വൈദ്യുതി യൂണിറ്റിന് ഒരുരൂപ സർചാർജ്ജ് ചുമത്താൻ നീക്കം. 2024 മാർച്ച് 31വരെയുള്ള കണക്ക് അനുസരിച്ച് 6645.30കോടി രൂപയാണ് കെ.എസ്.ഇ.ബി.യുടെ നഷ്ടം. 2028 മാർച്ച് 31ന് മുമ്പ് ഇത് നികത്താൻ ഒരു രൂപയുടെ സർചാർജ്ജ് ഏർപ്പെടുത്തേണ്ടിവരുമെന്നാണ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ നിലപാട്. എന്നാൽ, നഷ്ടംനികത്താനുള്ള സമയം 2031 മാർച്ച് 31വരെയാക്കിയാൽ അതുവരെയുള്ള കെ.എസ്.ഇ.ബി.യുടെ പ്രവർത്തനലാഭം ഉപയോഗിച്ച് സർചാർജ്ജ് ഏർപ്പെടുത്താതെ തന്നെ സഞ്ചിതനഷ്ടത്തിൽ നിന്ന് കരകയറാമെന്നാണ് റെഗുലേറ്ററി കമ്മിഷന്റെ കണക്കുകൂട്ടൽ. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് സുപ്രീംകോടതിയാണ്.കോടതിയിൽ നേരിട്ട് അപേക്ഷ നൽകുമെന്ന് സംസ്ഥാന റെഗുലേറ്ററി കമ്മിഷൻ അറിയിച്ചു.
2024 ജനുവരിയിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന വൈദ്യുതി നിയമഭേദഗതിയിലാണ് സംസ്ഥാനങ്ങളിലെ വൈദ്യുതി വിതരണ സ്ഥാപനങ്ങൾ സഞ്ചിതനഷ്ടമില്ലാതെ പ്രവർത്തിക്കണമെന്ന വ്യവസ്ഥയുള്ളത്. ഏഴുവർഷം കൊണ്ട് നഷ്ടം നികത്തി പ്രവർത്തിക്കാനാണ് നിയമഭേദഗതിയിലുണ്ടായിരുന്നത്. എന്നാൽ, ഈ വർഷം ആഗസ്റ്റ് ആറിനുണ്ടായ സുപ്രീംകോടതി വിധിയിൽ ഏഴുവർഷത്തെ സാവകാശം നാലുവർഷമായി ചുരുക്കി. അതോടെയാണ് 2028 മാർച്ച് 31നകം കെ.എസ്.ഇബി.യുടെ സഞ്ചിതനഷ്ടമായ 6645.30 കോടി മറികടക്കണമെന്ന സാഹചര്യമുണ്ടായത്.ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര വൈദ്യുതി അപ്പലേറ്റ് ട്രൈബ്യൂണൽ കെ.എസ്.ഇ.ബി.യോടും സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനോടും നിലപാട് തേടി.ഇതിന് നൽകിയ മറുപടിയിലാണ് അടുത്ത രണ്ടുവർഷങ്ങളിലും വൈദ്യുതി യൂണിറ്റിന് ഒരുരൂപ സർചാർജ്ജ് ചുമത്തി സഞ്ചിതനഷ്ടം വീട്ടാമെന്ന നിർദ്ദേശമുണ്ടായത്. പ്രതിവർഷം 600 മുതൽ 1000കോടിയോളം രൂപയുടെ പ്രവർത്തനലാഭമാണ് കെ.എസ്.ഇ.ബി.ക്കുള്ളത്.ചെലവ് ചുരുക്കിയും ലാഭം വർദ്ധിപ്പിച്ചും നഷ്ടം നികത്താമെന്ന നിർദ്ദേശമാണ് റെഗുലേറ്ററി കമ്മിഷനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |