തിരുവനന്തപുരം: സർക്കാർ അനുമതിയില്ലാതെ മന്ത്രി കെ.ബി.ഗണേശ് കുമാറിനും ചീഫ്സെക്രട്ടറി ഡോ.എ.ജയതിലകിനും മറ്റ് 7 സിവിൽ സർവീസുകാർക്കുമെതിരേ അന്വേഷണം തുടങ്ങിയ സംഭവത്തിൽ ഡി.ജി.പി യോഗേഷ് ഗുപ്‌തയ്ക്കെതിരേ സർക്കാരിന്റെ അന്വേഷണം. നിലവിൽ ഫയർഫോഴ്സ് മേധാവിയായ ഗുപ്ത,വിജിലൻസ് ഡയറക്ടറായിരുന്നപ്പോഴുള്ള നടപടികളാണ് അന്വേഷിക്കുക.
ഗണേശിന്റെ വീട്ടിൽ ആനക്കൊമ്പുണ്ടെന്ന പരാതിയിൽ അഴിമതി നിരോധന നിയമം ചുമത്തിയുള്ള അന്വേഷണമാണ് തുടങ്ങിയത്. 100 വർഷത്തിലേറെയായി തന്റെ വീട്ടിലുള്ളതാണെന്ന് മന്ത്രി ഗണേശ് മുഖ്യമന്ത്രിയെക്കണ്ട് അറിയിച്ചിരുന്നു. ആവശ്യമെങ്കിൽ ഫോറസ്റ്ര് ആക്ട് പ്രകാരമുള്ള നടപടികളെടുക്കേണ്ടിടത്താണ് അഴിമതി നിരോധന നിയമം ചുമത്തിയത്. ഡോ.എ.ജയതിലക് ധനകാര്യ സെക്രട്ടറിയായിരിക്കെയുള്ള നടപടികളിലായിരുന്നു അന്വേഷണം. മനോജ് എബ്രഹാം വിജിലൻസ് മേധാവിയായ ശേഷം ഈ അന്വേഷണങ്ങളെല്ലാം അവസാനിപ്പിച്ചു.
യോഗേഷിനെതിരേ ചീഫ്സെക്രട്ടറി നേരിട്ടാണ് അന്വേഷണം നടത്തുന്നത്. അനുമതിയില്ലാതെയുള്ള അന്വേഷണങ്ങളെക്കുറിച്ച് സർക്കാരിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേന്ദ്ര നിയമനം ലഭിക്കുന്നതിനുള്ള വിജിലൻസിന്റെ സ്ഥിതിവിവര റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറാത്തതിൽ ഡി.ജി.പി യോഗേഷ് ഗുപ്ത സംസ്ഥാന സർക്കാരിനെതിരെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിട്ടുണ്ട്. ഈ കേസ് ഇനി പരിഗണിക്കുമ്പോൾ യോഗേഷിനെതിരായ അന്വേഷണത്തിന്റെ വിവരങ്ങൾ സർക്കാർ കൈമാറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |