കോന്നി: പൊലീസിന്റെ ക്രൂരമായ മർദ്ദനമുറകളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ ഒന്നൊന്നായി പുറത്തുവരുമ്പോൾ ഒരുകാലത്ത് നാടിനെ നടുക്കിയ പൊലീസ് പീഡനത്തിന്റെ ഒാർമ്മയിലാണ് കോന്നി. 1984 നവംബറിലാണ് കോന്നി പൊലീസ് സ്റ്റേഷനിൽ ജോസ് സെബാസ്റ്റ്യൻ എന്ന യുവാവ് മർദ്ദനമേറ്റ് കസ്റ്റഡിയിൽ മരിച്ചത്.
ഏഴുദിവസത്തെ നിയമവിരുദ്ധ കസ്റ്റഡിയിലെ മൂന്നാംമുറയ്‌ക്കൊടുവിലാണ് കോട്ടയം അതിരമ്പുഴ സ്വദേശിയായ ജോസ് സെബാസ്റ്റ്യൻ മരിച്ചത്. കോന്നി സ്റ്റേഷനിലെ പൊലീസുകാർക്കുണ്ടായിരുന്ന വ്യക്തിവിരോധമായിരുന്നു കാരണമെന്ന് പിന്നീട് കണ്ടെത്തി. ചാങ്കൂർ മുക്കിലെ കള്ളുഷാപ്പിലെ വില്പന തൊഴിലാളിയായിരുന്നു ജോസ് സെബാസ്റ്റ്യൻ. ഷാപ്പിനു സമീപം അടഞ്ഞുകിടന്ന വീട്ടിൽ നിന്ന് അക്കാലത്ത് ഫർണിച്ചറടക്കം മോഷ്ടിക്കപ്പെട്ടു. ജോസ് എന്നയാൾക്കാണ് ഫർണിച്ചർ വിറ്റതെന്ന് പിടിയിലായ പ്രതി പറഞ്ഞു. അത് ജോസ് സെബാസ്റ്റ്യനായിരുന്നില്ല. പക്ഷേ ജോസ് സെബാസ്റ്റ്യനോടുള്ള വ്യക്തിവിരോധവും മുൻവിധിയുമാണ് കസ്റ്റഡിയിലേക്ക് നയിച്ചത്. ഷാപ്പിൽവന്ന് കഴിച്ചിട്ട് കാശ് കൊടുക്കാതെ പോകുന്നത് ജോസ് ചോദ്യം ചെയ്‌തതിന്റെ രോഷം കൂടി തീർക്കുകകൂടിയായിരുന്നു പൊലീസുകാർ.
അന്നത്തെ കോന്നി എസ് .ഐ ബാബുരാജ്, കോൺസ്റ്റബിൾമാരായ ചക്രപാണി, രഘുനാഥപിള്ള എന്നിവർ ചേർന്നാണ് കസ്റ്റഡിയിലെടുത്തത്. ജി.ഡി (ജനറൽ ഡയറി) രജിസ്റ്ററിൽ രേഖപ്പെടുത്താതെ ഏഴു ദിവസമാണ് അന്യായ തടങ്കലിൽ വച്ചത്. കോടതിയിൽ ഹാജരാക്കിയതുമില്ല. സി.ഐ രാജഗോപാലാചാരി പറഞ്ഞിട്ടും വിട്ടയയ്ക്കാൻ എസ് .ഐ കൂട്ടാക്കിയില്ല. ആറുദിവസം നിരന്തരം മർദ്ദിച്ചിട്ടും ജോസിൽനിന്ന് പ്രതീക്ഷിച്ച മൊഴി കിട്ടിയില്ല. ഏഴാംദിവസം പത്തനംതിട്ടയിലെ സി.ഐ ഓഫീസിലേക്ക് മാറ്റി. അവിടെ മർദനത്തിനൊപ്പം ഉരുട്ടലുംകൂടിയായപ്പോൾ ജീവൻ നഷ്‌ടപ്പെട്ടു. സിഐ ഓഫീസിലേക്ക് കൊണ്ടുപോയതും കോന്നി ഗവ. ആശുപത്രിയിലെത്തിച്ചതും രേഖപ്പെടുത്തിയിരുന്നില്ല. വീഴ്‌ചവരുത്തിയ ജിഡി ചുമതലയിൽ ഉണ്ടായിരുന്ന പൊലീസുകാരൻ പിന്നീട് വിഷം കഴിച്ച് ജീവനൊടുക്കി.
വൻ പ്രക്ഷോഭം, ഒടുവിൽ ശിക്ഷ
പൊലീസിനെതിരെ കേരളത്തിലാകമാനം പ്രതിഷേധമുയർന്നു. നിരന്തര പ്രക്ഷോഭങ്ങൾ നടന്നു. ഇതിനിടെ പ്രതികൾക്ക് ജാമ്യം കിട്ടി. പത്തനംതിട്ട സെഷൻസ് കോടതിയിലായിരുന്നു വിചാരണ. ജോസിന്റെ ഭാര്യ സൂസിയുടെ അഭ്യർത്ഥനപ്രകാരം അഡ്വ. ജി ജനാർദ്ദനക്കുറുപ്പിനെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു. അന്ന് സംസ്ഥാനത്തെ അഭിഭാഷക പ്രമുഖരായിരുന്ന കുഞ്ഞിരാമ മേനോനും മഹേശ്വരൻപിള്ളയുമെല്ലാം പ്രതിഭാഗത്ത് അണിനിരന്നങ്കിലും കേസിലെ പ്രതികളായ പൊലീസുകാരെ കോടതി ജീവപര്യന്തം ശിക്ഷിച്ചു.
കോന്നി പൊലീസ് സ്റ്റേഷനിൽ ജോസ് സെബാസ്റ്റ്യൻ എന്ന യുവാവ് മരിച്ചത് ഉരുട്ടൽ ഉൾപ്പെടെയുള്ള പൊലീസിന്റെ ക്രൂരമായ മർദ്ദനമേറ്റായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |