പാപ്പിനിശ്ശേരി: കെ.എസ്.ടി.പി റോഡിലെ പാപ്പിനിശ്ശേരി ഓവർബ്രിഡ്ജിൽ റെയിൽവേ ലൈനിനിന് മുകളിൽ നിന്നും മാറി കിഴക്ക് ഭാഗത്തെ സ്പാനുകൾ ബന്ധിപ്പിക്കുന്ന എക്സ്പൻഷൻ ജോയന്റ് തകർന്നു. ഈ ഭാഗത്തെ കമ്പികളും കോൺക്രീറ്റും തകർന്ന നിലയിലാണ്. ഇവിടെ കോൺക്രീറ്റ് ഭാഗം പൂർണമായി തകർന്ന് താഴെയുള്ള തൂണിന് മുകളിലുള്ള ഭാഗത്ത് വലിയ കുഴിയും രൂപ പ്പെട്ടിട്ടുണ്ട്.
എക്സ്പൻഷൻ ജോയന്റുകൾ തമ്മിൽ കൂട്ടായിണക്കുന്ന വലിയ ഇരുമ്പ് പട്ടയും മുറിഞ്ഞ നിലയിലാണ് കൂറ്റൻ ലോറികൾ അടക്കം കടന്നു പോകുമ്പോൾ മുറിഞ്ഞ ഇരുമ്പുപട്ട മുകളിലേക്ക് തള്ളുന്നതും വാഹനങ്ങൾക്ക് വലിയ ഭീഷണിയാണ്. കെ.എസ്.ടി.പി റോഡും പഴയങ്ങാടി, താവം ഓവർബ്രിഡ്ജുകൾ തുറന്ന് കൊടുത്ത് ആഴ്ചകൾക്കുള്ളിൽ തന്നെ തകർന്നുതുടങ്ങിയിരുന്നു. നിർമ്മാണം പൂർത്തിയായി ഏഴ് വർഷം കഴിയുമ്പോഴേക്കും പരിഹരിക്കാൻ സാധിക്കാത്ത തരത്തിലുള്ള തകർച്ചയാണ് കണ്ടുതുണങ്ങുന്നത്.
പഴക്കം വെറും ഏഴുവർഷം; അറ്റകുറ്റപ്പണി നടന്നത് പലതവണ
21 കി.മീ ദൈർഘ്യമുള്ള പാപ്പിനിശ്ശേരി-പിലാത്തറ കെ എസ് ടി.പി റോഡിൽ രണ്ട്
ഓവർബ്രിഡ്ജുകളാണ് നിർമ്മിച്ചത്. 2013ൽ നിർമ്മാണം തുടങ്ങിയ റോഡും മേൽപ്പാലങ്ങളും പൂർത്തിയായത് 2018ലാണ്.ആദ്യഘട്ടത്തിൽ പാപ്പിനിശ്ശേരി മേൽപ്പാലം ധൃതഗതിയിൽ നിർമ്മാണം നടന്നെങ്കിലും താവം മേൽപ്പാലം വളരെ പതുക്കെയാണ് നിർമ്മാണം പൂർത്തിയാക്കിയത്. 120 കോടിയ്ക്കായിരുന്നു ഏറണാകുളം കേന്ദ്രമായ ആർ.ഡി.എസ് കമ്പനി നിർമ്മാണം ഏറ്റെടുത്തത്. റോഡ് പൊതു മരാമത്ത് വകുപ്പ് ഏറ്റെടുത്തെങ്കിലും രണ്ട് മേൽപ്പാലങ്ങളുടെയും
നടത്തിപ്പ് ഇപ്പോഴും കെ.എസ്.ടി.പിക്ക് തന്നെയാണ്.തകരാറിനെ തുടർന്ന് പൊളിച്ചുകളഞ്ഞ പാലാരിവട്ടം പാലം നിർമ്മിച്ച കമ്പനിയാണ് കെ.എസ്.ടി.പിയുടെ രണ്ട് പാലങ്ങളും നിർമ്മിച്ചതെന്നതും ശ്രദ്ധേയമാണ്.
മുഖം നഷ്ടപ്പെട്ട് കെ.എസ്.ടി.പി
വമ്പൻ പ്രതീക്ഷയോടെ നിർമ്മിച്ച പാപ്പാനിശ്ശേരി പിലാത്തറ റോഡിന്റെ നിലവിലെ അവസ്ഥ കെ.എസ്.ടി.പിക്ക് തന്നെ നാണക്കേടുണ്ടാക്കുന്നതാണ്.കുണ്ടും കുഴിയുമായി കിടക്കുന്ന പാലങ്ങളും റോഡും നിരന്തരം വാഹനപകടങ്ങൾക്ക് ഇടയാക്കുന്നു. റോഡിന്റെ അറ്റക്കുറ്റ പണി ഉടൻ ഉണ്ടാകുമെങ്കിലും പാലങ്ങളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. കെ.എസ്.ടി.പി റോഡിൽ സ്ഥാപിച്ച 216 സോളാർ വിളക്കുകളും കണ്ണടച്ച് വർഷങ്ങളായി. ദേശീയപാത നിർമ്മാണം നടക്കുന്നതിനാൽ വാഹനങ്ങൾ ഭൂരിഭാഗവും സഞ്ചരിക്കുന്നത് കെ.എസ്.ടി.പി റോഡ് വഴിയാണ്. ദൂരക്കുറവും സൗകര്യവും പരിഗണിച്ചാണ് വാഹനങ്ങൾ ഈ റോഡ് തിരഞ്ഞെടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |