കൊല്ലം: വാളും പരിചയുമല്ല, കൊല്ലം കരിക്കോട് അച്യുതത്തിൽ ഡോ. ആരോമൽ ചേകവർക്ക് (42) ആയുധം സ്റ്റെതസ്കോപ്പ്. എൻഡ്രോക്രൈൻ സർജനായ ഡോ. ആരോമൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ സ്വകാര്യ ആശുപത്രികളിലായി പന്ത്രണ്ടായിരത്തിലധികം തൈറോയ്ഡ് രോഗികളെ ചികിത്സിച്ചു. 1600 പേർക്ക് ശസ്ത്രക്രിയയും നടത്തി. ബാക്കിയുള്ളവർക്ക് ക്യാൻസറില്ലെന്ന് ഗൈഡഡ് എഫ്.എൻ.ഇ.സി വഴി ഉറപ്പാക്കി ശസ്ത്രക്രിയ ഒഴിവാക്കി.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അസോ. പ്രൊഫസറായിരുന്ന ഡോ. എൻ. സുരേഷ് ബാബുവിന്റെയും ജി. ഗീതയുടെയും ഏക മകനാണ് ആരോമൽ ചേകവർ. അമ്മയാണ് ആരോമൽ എന്ന പേര് നിർദ്ദേശിച്ചത്. ചേകവർ എന്നുകൂടി ചേർത്തത് അച്ഛനാണ്.
'ജീവനോടെ ഇവിടെയുണ്ട്"
അടുത്തകാലത്ത് ഡോ. ആരോമലിന്റെ നെയിം ബോർഡ് സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. 'ഇല്ല മരിച്ചിട്ടില്ല, ജീവനോടെ ഇവിടെയുണ്ട്" എന്ന കമന്റോടെയാണ് ഇത് നിറഞ്ഞത്. മച്ചുനൻ ചന്തു കുത്തുവിളക്കുകൊണ്ട് ചതിയിൽ കൊലപ്പെടുത്തിയ ആരോമൽ ചേകവരുടെ കഥ അറിയാവുന്നവരാണ് നെയിംബോർഡ് ഇട്ട് കമന്റിട്ടത്.
കോയിക്കൽ സ്കൂൾ, കൊല്ലം എസ്.എൻ കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ്, മാംഗ്ളൂർ കെ.എം.സിയിൽ നിന്ന് പി.ജി, ലക്നൗ സഞ്ജയ്ഗാന്ധി പോസ്റ്റ് ഗ്രാഡ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എൻഡ്രോക്രൈൻ സർജറിയിൽ എം.സി.എസ് ബിരുദവും കരസ്ഥമാക്കി. പേരിന്റെ പെരുമ കൊണ്ട് ആരോമൽ ചേകവർക്ക് ക്ളാസിൽ ഉഴപ്പാനായിട്ടില്ല. അത് ജീവിതത്തിൽ വിജയവുമായി. ഭാര്യ. ഡോ.പേളി ബാലകൃഷ്ണൻ. മക്കൾ ഈഷ (11), ഈഷാൻ(3).
പേര് മോശമെന്ന് തോന്നിയിട്ടില്ല. ആദ്യകാലത്ത് സ്കൂളിലും കോളേജിലുമൊക്കെ അദ്ധ്യാപകർ കൂടുതൽ ശ്രദ്ധിക്കുന്നതിന്റെ ചില്ലറ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ വല്ലാത്ത അഭിമാനം.
ഡോ. ആരോമൽ ചേകവർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |