ആറ്റിങ്ങൽ: ആറ്റിങ്ങൽ പട്ടണത്തിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ന് വിളിച്ചു ചേർക്കുന്ന ഗതാഗത പരിഷ്‌കരണയോഗം പ്രഹസനമാകുമെന്ന് ആശങ്ക. കഴിഞ്ഞ നാലു മാസത്തിനിടെ രണ്ട് തവണ ഗതാഗത പരിഷ്കരണ സമിതിയോഗം ചേർന്ന് നിരവധി തീരുമാനങ്ങൾ എടുത്തിരുന്നെങ്കിലും ഒന്നുപോലും നടപ്പിലാക്കാൻ കഴിഞ്ഞില്ല. ജൂലായ് 5ന് ചേർന്ന യോഗം 19ന് നടപ്പിലാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതും നടപ്പായില്ല. കഴിഞ്ഞ ദിവസം ബി.ജെ.പി സ്വകാര്യ ബസ് തടഞ്ഞതോടെ വീണ്ടും പ്രശ്നം സജീവമായി.
വൺ വേ
പാലസ് റോഡിൽ സ്വകാര്യബസ് അടക്കമുള്ള വലിയ വാഹനങ്ങൾക്ക് വൺവേ ഏർപ്പെടുത്തിയാൽ ഗതാഗത കുരുക്കിന് പരിഹാരമാകും. എന്നാൽ ചിറയിൻകീഴ്,വക്കം മേഖലകളിൽ നിന്ന് വരുന്നവാഹനങ്ങൾ കച്ചേരി ജംഗ്ഷൻ വഴി പോയൽ വൻ ഗതാഗതകുരുക്ക് ഉണ്ടാകുമെന്ന് ബസ്ഓണോഴ്സ് പറയുന്നു. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി പാലസ് റോഡിൽ വാഹനങ്ങൾ വൺ വേയാക്കിയിട്ടും ഒരു കുരുക്കും പട്ടണത്തിൽ ഉണ്ടായിട്ടില്ല.
ചട്ട ലഘനം വ്യാപകം
മേഖലയിൽ പതിനഞ്ചോളം ബസ് ജീവനക്കാർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നത്. ഇവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കണമെന്നും ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്നും ചൂണ്ടിക്കാട്ടി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. ഇതിലും നടപടിയെടുത്തിട്ടില്ല.
ബസ് ജീവനക്കാർക്ക് നെയിംബോർഡ്
ബസ് ജീവനക്കാർക്ക് നെയിംബോർഡ് അടക്കം കർശനമാക്കണമെന്നും ശുപാർശ ചെയ്ത റിപ്പോർട്ടാണ് അട്ടിമറിച്ചത്. ഇത് സംബന്ധിച്ച് തുടർപരിശോധനകളില്ല. ആറ് മാസങ്ങൾക്ക് മുമ്പ് മോട്ടർ വാഹനവകുപ്പ് കൊട്ടിഘോഷിച്ച് സ്വകാര്യ ബസുകളിൽ പരിശോധന നടത്തിയിരുന്നു. ദിവസങ്ങൾ മാത്രം നീണ്ടുനിന്ന പരിശോധനയിൽ ഒട്ടേറെ ചട്ടലംഘനങ്ങളും കണ്ടെത്തി. ലക്ഷക്കണക്കിന് രൂപയാണ് ചുരുങ്ങിയ ദിവസം മാത്രം നീണ്ടുനിന്ന പരിശോധനയിൽ പിഴയായി ഈടാക്കിയത്. എന്നാൽ തുടർപരിശോധനകൾ സമ്മർദ്ദത്തിന് വഴങ്ങി പാതിവഴിയിലായതെന്നാണ് ആക്ഷേപം.
വിദ്യാർത്ഥികൾക്ക് കൺസഷൻ
അപൂർവം ബസുകളിലൊഴികെ വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകാറില്ലെന്നും പരാതിയുണ്ട്. എന്നാൽ ബസുകളിലടക്കം വാഹനപരിശോധന കൃത്യമായി നടത്താറുണ്ടെന്ന് മോട്ടർ വാഹനവകുപ്പ് അധികൃതർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |