തിരുവനന്തപുരം: മാലമോഷണക്കുറ്റം ആരോപിച്ച് പേരൂർക്കട സ്റ്റേഷനിൽ 21 മണിക്കൂർ കസ്റ്റഡിയിൽ പീഡിപ്പിച്ച ആർ.ബിന്ദു ഒരു കോടി രൂപയും സർക്കാർ ജോലിയും നഷ്ടപരിഹാരം തേടി മനുഷ്യാവകാശ കമ്മിഷനിൽ. തന്നെ കുടുക്കിയ പൊലീസുകാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കി നൽകണമെന്നാണ് ബിന്ദുവിന്റെ ആവശ്യം.
ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി,പൊലീസ് മേധാവി,ജില്ലാ പൊലീസ് മേധാവി എന്നിവരെ ഒഫീഷ്യൽ റെസ്‌പോണ്ടന്റുമാരായും, ആരോപണ വിധേയനായ എസ്.ഐ പ്രദീപിനെയും എ.എസ്.ഐ പ്രസന്നകുമാറിനെയും കണ്ടസ്റ്റിംഗ് റെസ്പോണ്ടന്റുമാരായും കമ്മീഷൻ തീരുമാനിച്ചു. ബിന്ദുവിന്റെ ആവശ്യം പരിശോധിച്ച് രേഖാമൂലം മറുപടി നൽകാൻ കമ്മീഷൻ ആവശ്യപ്പെട്ടു.
പേരൂർക്കട സ്റ്റേഷനിൽ നടന്ന പൊലീസ് തിരക്കഥയാണ് കള്ളക്കേസിന് പിന്നിലെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയത്.സ്വർണമാല സോഫയുടെയടിയിൽ നിന്ന് കിട്ടിയെന്ന കാര്യം,ബിന്ദുവിനെതിരെ പരാതി നൽകിയ ഓമന ഡാനിയലും മകൾ നിധി ഡാനിയലും സ്റ്റേഷനിലെത്തി എസ്.ഐ പ്രസാദിനോട് പറഞ്ഞിരുന്നു. കേസെടുത്തതിനാൽ മാല കിട്ടിയ കാര്യം പുറത്തുപറയരുതെന്ന് എസ്.ഐ പ്രസാദ് പറഞ്ഞെന്നാണ് കണ്ടെത്തൽ. ചവർ കൂനയിൽ നിന്ന് കിട്ടിയെന്ന് പറയാൻ എസ്.ഐ നിർദ്ദേശിക്കുകയായിരുന്നു. ഇതനുസരിച്ചാണ് ഓമന മൊഴിനൽകിയത്. കേസില്ലെന്ന് എഴുതി വാങ്ങുകയും ചെയ്തു. ഇതിനു ശേഷമാണ് ബിന്ദുവിനെ കേസില്ലെന്നു പറഞ്ഞ് സ്‌റ്റേഷനിൽനിന്നു വിട്ടയച്ചത്.
മാല സോഫയ്ക്കടിയിൽ നിന്നാണ് കിട്ടിയതെന്ന് അറിഞ്ഞാൽ കുടുങ്ങുമെന്ന് തിരിച്ചറിഞ്ഞ് സ്‌റ്റേഷനിലുണ്ടായിരുന്ന എസ്.ഐയും പൊലീസുകാരും കൂടിയാലോചിച്ചാണ് തിരക്കഥ തയാറാക്കിയതെന്നും എല്ലാ ഉദ്യോഗസ്ഥർക്കുമെതിരെ നടപടി വേണമെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിലുണ്ട്. മോഷണക്കേസിൽ കുടുക്കാൻ ശ്രമിച്ച പേരൂർക്കട എസ്.എച്ച്.ഒ ശിവകുമാർ, വീട്ടുടമ ഓമന ഡാനിയൽ എന്നിവർക്കെതിരെ നടപടിവേണമെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്. എസ്.ഐ പ്രസാദ് ബാബുവിനെയും എ.എസ്.ഐ പ്രസന്നകുമാറിനെയും സസ്‌പെൻഡ് ചെയ്യുകയും സി.ഐ ശിവകുമാറിനെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |