ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും എട്ട് മരണം. നിരവധി പേരെ കാണാതായി. തലസ്ഥാനമായ ഡെറാഡൂണിൽ തിങ്കളാഴ്ച രാത്രി ആരംഭിച്ച അതിശക്തമായ മഴയിൽ നിരവധി വീടുകൾ ഒലിച്ചുപോയി.
ഐ.ടി പാർക്കിലും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വെള്ളം കയറി. പ്രളയത്തിൽ കാണാതായവർക്കായി ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകൾ തെരച്ചിൽ ഊർജ്ജിതമാക്കി. ട്രാക്ടർ ട്രോളി ആസാൻ നദിയിൽ ഒഴുക്കിൽപ്പെട്ടാണ്
അഞ്ച് പേർ മരിച്ചത്. ഇവരെല്ലാം തൊഴിലാളികളാണ്. എട്ട് പേരെ കാണാതായി. ചക്രത- കൽസി റോഡിൽ പാറക്കല്ല് സ്‌കൂട്ടറിന് മേൽ പതിച്ച് യുവാവ് മരിച്ചു. രാജ്പൂർ റോഡിലുണ്ടായ മണ്ണിടിച്ചിലിലാണ് മറ്റൊരാൾ മരിച്ചത്. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഹോസ്റ്റൽ കെട്ടിടം തകർന്ന് ഉത്തർ പ്രദേശ് സ്വദേശിയായ വിദ്യാർത്ഥി മരിച്ചു.വെള്ളം കയറിയ ഡെറാഡൂണിലെ ദേവ്ഭൂമി ഇൻസ്റ്റിറ്റ്യൂട്ട് ക്യാമ്പസിൽ നിന്ന് 200 വിദ്യാർത്ഥികളെ ദുരന്തനിവാരണ സേന രക്ഷപ്പെടുത്തി.
ടാമ്‌സ നദി കരകവിഞ്ഞൊഴുകി ഡെറാഡൂണിലെ തപ്‌കേശ്വർ മഹാദേവ ക്ഷേത്രത്തിലും സഹസ്ത്രധാര മാർക്കറ്റിലും വെള്ളം കയറി. ഡെറാഡൂൺ-മസൂറി പാതയിൽ നിരവധി ഇടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. നന്ദ കി ചൗകിയിലെ പാലം പ്രളയത്തിൽ ഒലിച്ചുപോയതിനെ തുടർന്ന് ഡെറാഡൂൺ-പോന്റ ദേശീയപാത അടച്ചു.
കനത്ത മഴയെ തുടർന്ന് ഋഷികേശിലെ ചന്ദ്രഭാഗ നദി കരകവിഞ്ഞൊഴുകി. ഒഴുക്കിൽപ്പെട്ട മൂന്നുപരെ സൈന്യം രക്ഷപ്പെടുത്തി.
കർണ്ണപ്രയാഗിലും ഗൗച്ചറിലും റോഡിൽ പാറക്കല്ലുകൾ വീണതിനെ തുടർന്ന് ബദ്രിനാഥ് ഹൈവേ അടച്ചു. ചമോലി, ചംപാവത്, ഉദ്ധംസിംഗ് നഗർ, ബാഗേശ്വർ, നൈനിറ്റാൾ, ഡെറാഡൂൺ ജില്ലകളിൽ ഇന്നലെയും ശക്തമായ മഴയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയെ ഫോണിൽ വിളിച്ച് സഹായം ഉറപ്പുനൽകി. ധാമി പ്രളയബാധിത മേഖലകൾ സന്ദർശിച്ച് സ്ഥിതി വിലയിരുത്തി. ഏപ്രിൽ മുതൽ ഉത്തരാഖണ്ഡിൽ മഴക്കെടുതിയിൽ 85 പേരാണ് മരിച്ചത്. 94 പേരെ കാണാതായതായും 128 പേർക്ക് പരിക്കേറ്റതായുമാണ് ഔദ്യോഗിക കണക്ക്.
ഹിമാചലിൽ മൂന്ന് മരണം
ഹിമാചൽ പ്രദേശിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് പേർ മരിച്ചു. മാണ്ഡിയിലെ നിഹ്‌റിയിൽ പാറക്കെട്ട് വീണ് വീട് തകർന്നാണ് മരണം. രണ്ട് പേരെ രക്ഷപ്പെടുത്തി. രാത്രി മുഴുവൻ തുടർന്ന മഴയിൽ സൺ ഖാഡ് നദി കരകവിഞ്ഞ് ധരംപൂർ ജില്ലയിൽ വെള്ളപ്പൊക്കമുണ്ടായി. നിരവധി വാഹനങ്ങൾ ഒലിച്ചുപോയി. നിരവധി വീടുകളിലും കെട്ടിടങ്ങളിലും വെള്ളം കയറി.
സിംലയിലും മണ്ണിടിച്ചിലുണ്ടായി. നിരവധി വാഹനങ്ങൾ മണ്ണിനടിയിൽ കുടുങ്ങി. ഇന്ത്യ-ചൈന അതിർത്തിയിലെ ഷിപ്കി ലായെ പഞ്ചാബിലെ ഫിറോസ്‌പൂരുമായി ബന്ധിപ്പിക്കുന്ന ദേശീയപാത- 5അടച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |