കണ്ണൂർ: കേരള അർബൻ കോൺക്ലേവിന്റെ ഭാഗമായി കൊച്ചി മറൈൻ ഡ്രൈവിൽ സംഘടിപ്പിക്കുന്ന പ്രദർശനത്തിന്റെ ചിലവിലേക്കായി കോർപ്പറേഷൻ ഫണ്ടിൽ നിന്ന് 20 ലക്ഷം നൽകണമെന്ന സർക്കാർ ഉത്തരവിനെതിരെ ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ ഭരണപക്ഷത്തിന്റെ രൂക്ഷവിമർശനം.അജണ്ടയായി വിഷയം എത്തിയതോടെ ഫണ്ട് നൽകരുതെന്ന് കോൺഗ്രസ്, മുസ്ലിം ലീഗ് കൗൺസിലർമാർ ഒന്നടങ്കം പറഞ്ഞു. അതെസമയം പ്രതിപക്ഷ കൗൺസിലർമാർ ഇക്കാര്യത്തിൽ സർക്കാരിനെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
കൊച്ചിൻ മുനിസിപ്പിൽ കോർപ്പറേഷൻ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് 20 ലക്ഷം രൂപ അയക്കാനായിരുന്നു ഉത്തരവ്. ഡോക്യുമെന്റ് തയ്യാറാക്കുന്നതിന് 50000 രൂപ അഡ്വാൻസ് നൽകണമെന്നും ഉത്തരവിൽ പറയുന്നു.
സംസ്ഥാന സർക്കാർ കഴിഞ്ഞ അഞ്ച് വർഷമായി കോർപ്പറേഷനോട് കടുത്ത അവഗണനയാണ് കാണിക്കുന്നതെന്നായിരുന്നു ഭരണപക്ഷ കൗൺസിലർ അബ്ദുൾ റസാഖ് കത്തിനെ എതിർത്ത് പറഞ്ഞു.വിവിധ പദ്ധതിയുടെ കാര്യത്തിലും അധികാരങ്ങൾ കവർന്നെടുക്കുന്ന കാര്യത്തിലും സർക്കാർ കോർപ്പറേഷന് എതിരാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ആടിനെ പട്ടിയാക്കുന്ന സമീപനമാണ് യു.ഡി.എഫ് അംഗങ്ങളുടെ വാദമെന്നായിരുന്നു ഇക്കാര്യത്തിൽ പ്രതിപക്ഷ കൗൺസിലർ ടി.രവീന്ദ്രന്റെ അഭിപ്രായം.രാഷ്ട്രീയം പറയേണ്ടിടത്ത് മാത്രം പറയേണ്ടതാണെന്നും രവീന്ദ്രൻ ചൂണ്ടിക്കാട്ടി. പി.കെ.സുരേഷ് ബാബു എളയാവൂർ,അഡ്വ.ചിത്തിര ശശിധരൻ,കെ.നിർമ്മല എന്നിവർ പങ്കെടുത്തു.
ഫയലുകളിൽ നടപടിയില്ല
കോർപറേഷനിലെ ഉദ്യോഗസ്ഥർ ഫയലുകൾ സമയബന്ധിതമായി പരിശോധിച്ച് നടപടി സ്വീകരിക്കുന്നില്ലെന്ന് പി.കെ.രാഗേഷ് ആരോപിച്ചു.ഫയലുകൾ പരിശോധിക്കുന്നതിൽ കാലതാമസം വരുത്തരുത്. 24 മണിക്കൂറിനുള്ളിൽ ഒരു ഫയൽ പരിശോധിച്ച് നടപടിയെടുക്കാൻ ആവശ്യപ്പെട്ടാൻ ഉദ്യോഗസ്ഥർ അതിന് ബാദ്ധ്യസ്ഥരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദസറാകാലമാണ്, ഈ റോഡുകളുമായി എങ്ങനെ?
കോർപ്പറേഷൻ പരിധിയിലെ വിവിധ റോഡുകളുടെ ശോച്ഛനീയാവസ്ഥയും യോഗത്തിൽ ചർച്ചയായി.കണ്ണൂർ ദസറയോടനുബന്ധിച്ച് നഗരത്തിലെത്തുന്നവരുടെ യാത്രാസൗകര്യം പ്രശ്നത്തിലാണെന്ന് കൺസിലർമാർ ചൂണ്ടിക്കാട്ടി.താളിക്കാവ് റോഡ്,തെക്കീ ബസാർ ബൈപ്പാസ് റോഡ്,മാർക്കറ്റ് റോഡ് എന്നിവിടങ്ങളിലൂടെയെല്ലാം വാഹനങ്ങൾ കടന്നുപോകാൻ പോലും സാധിക്കാത്ത സ്ഥിതിയാണെന്ന് ഭരണപ്രതിപക്ഷ ഭേദമില്ലാതെ അംഗങ്ങൾ ചൂണ്ടിക്കാട്ടി. എൽ.ഡി.എഫ് കൗൺസിലർമാർക്ക് റോഡ് ഫണ്ട് വളരെ കുറച്ച് മാത്രമാണ് നൽകുന്നതെന്ന് എസ് ഷഹീദ ആരോപിച്ചു.യു.ഡി.എഫ് കൗൺസിലർമാരുടെ വാർഡുകളിൽ അഞ്ചും ആറും റോഡുകൾ പരിഗണിക്കുമ്പോൾ എൽ.ഡി.എഫ് കൗൺസിലർമാരുടെ വാർഡുകളെ രണ്ടു മൂന്നും റോഡുകൾക്ക് മാത്രമാണ് ഫണ്ട് അനുവദിക്കുന്നതെന്നും ഷഹീദ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |