കണ്ണൂർ: ദേശീയപാതയിൽ കണ്ണൂർ മേലേ ചൊവ്വയിലെ അഴിയാക്കുരുക്കിന് പരിഹാരമായി നിർമ്മിക്കുന്ന ഓവർബ്രിഡ്ജിന്റെ ടെസ്റ്റ് പൈലിംഗ് പൂർത്തിയായി. കണ്ണൂർ നഗരം തൊട്ട് താഴെ ചൊവ്വ വരെയുള്ള ഈ ഭാഗം മലബാറിൽ തന്നെ ഏറ്റവുമധികം ഗതാഗതക്കുരുക്കനുഭവപ്പെടുന്ന ഇടങ്ങളിലൊന്നാണ്. പാലം പൂർത്തിയാകുന്നതോടെ കണ്ണൂർ നഗരത്തിലെ യാത്ര ഏറെക്കുറെ സുഗമമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നിലവിൽ രാവിലെയും വൈകുന്നേരവും ഇവിടെ വാഹനങ്ങളുടെ നീണ്ട നിരയാണ്. കണ്ണൂർ തലശ്ശേരി ദേശീയപാത, മട്ടന്നൂർ-ഇരിട്ടി സംസ്ഥാന പാത എന്നിവ കടന്നു പോകുന്നത് മേലേ ചൊവ്വ വഴിയാണ്.ദേശീയപാതയിലൂടെ പോകുന്ന വാഹനങ്ങൾക്ക് പുറമെ സംസ്ഥാനപാതയിൽ നിന്നും വാഹനങ്ങളെത്തുന്നതോടെയാണ് ജംഗ്ഷനിൽ ഗതാഗതകുരുക്ക് മുറുകുന്നത്. റോഡിലെ കുഴികളും കൂടിയാകുമ്പോൾ പ്രശ്നം ഗുരുതരമാകുന്നു.ഗതാഗതം നിയന്ത്രിക്കാൻ പൊലീസിന് തന്നെ സാധിക്കാത്ത സ്ഥിതിയാണിവിടെ. സ്വകാര്യ ബസുകളുടെയുൾപ്പെടെ ഓടിച്ചുകയറ്റുന്നതും കുരുക്ക് വർദ്ധിപ്പിക്കുന്നു. ജംഗഷനിൽ ബസ് നിർത്തുന്നത് ഒഴിവാക്കാൻ ഇവിടത്തെ കാത്തിരിപ്പ് കേന്ദ്രങ്ങൾ മാറ്റിയിരുന്നു. എന്നാൽ പൊലീസ് നിരീക്ഷണമില്ലെങ്കിൽ ജംഗഷന് സമീപം തന്നെ ബസ് നിർത്തി യാത്രക്കാരെ കയറ്റാറുണ്ട്.
ഹൈമാസ്റ്ര് മാറ്രിയാൽ രണ്ടാം ഘട്ടം
പാതയിലെ ഹൈമാസ്റ്റ് ലൈറ്റുകൾ മാറ്രിയാലുടനെ രണ്ടാംഘട്ട പ്രവൃത്തി ആരംഭിക്കാമാകുമെന്നാണ് അധികൃതർ പറയുന്നത്. കേരള ബ്രിഡ്ജസ് ഡെവലപ്മെന്റ് ആൻഡ് കോർപ്പറേഷന്റെ മേൽനോട്ടത്തിൽ യു.എൽ.സി.സിക്കാണ് നിർമ്മാണ ചുമതല. ചൊവ്വ ഹയർസെക്കൻഡറി സ്‌കൂളിന് മുന്നിൽ നിന്ന് തുടങ്ങി ചൊവ്വ ശിവക്ഷേത്രത്തിന്റെ മുൻ ഭാഗം കിഴക്കെനട റോഡ് വരെയാണ് ഓവർബ്രിഡ്ജ് നിർമ്മിക്കുന്നത്.
ചൊവ്വ ഓവർ ബ്രിഡ്ജ് ആകെ നീളം 424.60 മീറ്രർ
ഓവർബ്രിഡ്ജ് 200.53 മീറ്റർ
കണ്ണൂർ ഭാഗത്ത് അപ്രോച്ച് റോഡ് 126.57 മീറ്റർ
തലശ്ശേരി ഭാഗത്ത് അപ്രോച്ച് റോഡ് 97.50 മീറ്റർ
വീതി 9 മീറ്റർ
ചെലവ് 44.17 കോടി
നിർമ്മാണകാലാവധി രണ്ട് വർഷം
പുതിയതെരുവിലെ കുരുക്കഴിച്ചു...
ദേശീയപാതയിൽ ഏറ്റവും വലിയ കുരുക്കുണ്ടായിരുന്ന പുതിയതെരുവിൽ ട്രാഫിക് പരിഷ്കാരത്തിലൂടെ പരിഹാരം കണ്ടതിന് പിന്നാലെയാണ് മേലേ ചൊവ്വയിൽ ഓവർബ്രിഡ്ജ് നിർമ്മിച്ച് പ്രശ്നത്തിന് ശാശ്വതപരിഹാരം കാണുന്നത്. നിരവധി വിമർശനങ്ങൾക്ക് വിധേയമായിരുന്നെങ്കിലും വളപട്ടണത്തെയും പുതിയ തെരുവിലേയും ഗതാഗത പരിഷ്കരണങ്ങൾ സാധാരണ ദിവസങ്ങളിൽ വിജയമാണ്. ഓവർബ്രിഡ്ജ് വരുന്നതോടെ ഇവിടത്തെ പ്രശ്നം ശാശ്വതമായി പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് പൊലീസും അധികൃതരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |