തൃശൂർ : വടക്കാഞ്ചേരി തെക്കുംകരയിൽ മദ്യലഹരിയിൽ റോഡരികിൽ കിടന്നുറങ്ങിയ ആൾക്ക് നേരെ ക്രൂരത. ഹൃദ്രോഗിയും പട്ടികജാതിക്കാരനുമായ വയോധികന്റെ ശരീരത്തിൽ അജ്ഞാതർ തിളച്ച വെള്ളം ഒഴിച്ചു. തെക്കുംകര സ്വദേശിയായ പി.വി.ശശിയാണ് ക്രൂരതയ്ക്ക് ഇരയായത്. ഗുരുതരമായി പരിക്കേറ്റ ശശി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ശശിക്ക് നേരിട്ട ക്രൂരത ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടും വടക്കാഞ്ചേരി പൊലീസ് കേസെടുക്കാൻ തയ്യാറായിട്ടില്ലെന്നാണ് ബന്ധുക്കളുടെ ആക്ഷേപം.
ഇക്കഴിഞ്ഞ തിരുവോണ ദിവസം സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ആരോഗ്യപ്രശ്‌നങ്ങളും മദ്യപിച്ചതുകൊണ്ടുണ്ടായ ക്ഷീണവും മൂലം വീടിന് സമീപത്തെ നടപ്പുവഴിയിൽ ശശി ബോധരഹിതനായി വീണു. പിന്നീട് ചില നാട്ടുകാർ അറിയിച്ചതറിഞ്ഞ് ബന്ധുക്കളും അയൽവാസികളുമെത്തി പരിശോധിച്ചപ്പോളാണ് ഇദ്ദേഹത്തെ പൊള്ളലേറ്റ നിലിയിൽ കണ്ടെത്തുന്നത്. ഇരുകാലുകൾക്കും പിറകിൽ പൊള്ളലേറ്റ് ത്വക്ക് വേർപ്പെട്ട ശശിയെ ആദ്യം വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിസ്ചാർജ് വാങ്ങി വീട്ടിലെത്തിയെങ്കിലും തൊട്ടടുത്ത ദിവസം അണുബാധയുണ്ടാവുകയും പൊള്ളലേറ്റ മുറിവുകൾ വ്രണമായി മാറുകയും ചെയ്തു. ഇതിന് പിന്നാലെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹമിപ്പോൾ ഐ.സി.യു വാർഡിൽ ഗുരുതരാവസ്ഥയിലാണ്. അതേസമയം ശശിയുടെ ശരീരത്തിൽ 18 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ടെന്നും ചൂടുവെള്ളം പോലുള്ള ദ്രാവകം ഒഴിച്ചതിന് സമാനമായ പൊള്ളലാണിതെന്നുമാണ് ഡോക്ടർ ബന്ധുക്കളെ അറിയിച്ചത്. ആശുപത്രിയിൽ നിന്ന് ലഭിച്ച ഇന്റിമേഷൻ അനുസരിച്ച് പ്രാഥമിക അന്വേഷണം നടക്കുകയാണെന്നും തുടർ നടപടി വേഗത്തിൽ സ്വീകരിക്കുമെന്നുമാണ് വടക്കാഞ്ചേരി പൊലീസ് നൽകുന്ന വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |