കണ്ണൂർ: അങ്കണവാടികളിൽ കുട്ടികളുടെ ഭക്ഷണമെനു പരിഷ്‌ക്കരിച്ചെങ്കിലും ആവശ്യമായ സാധനങ്ങൾ ലഭിക്കാത്തത് വെല്ലുവിളിയാകുന്നു. ഇതുകാരണം നിലവിലെ മെനു പ്രകാരം കുട്ടികൾക്ക് ഭക്ഷണം നൽകാൻ കഴിയാത്ത സാഹചര്യത്തിലാണ് മിക്ക അംഗണവാടികളും. ഫണ്ട് പാസാക്കുന്നതിലുള്ള കാലതാമസമാണ് പ്രതിസന്ധിക്കിടയാക്കുന്നത്.
ലഡു, മുട്ട ബിരിയാണി, പുലാവ് ഉൾപ്പെടെ കൂടുതൽ പോഷകങ്ങളോടു കൂടിയ ഭക്ഷണം മൂന്നുനേരം ആഴ്ചയിൽ ആറു ദിവസം നൽകാനായിരുന്നു തീരുമാനം. കഴിഞ്ഞ ആഴ്ച മുതലാണ് ഇതുപ്രകാരം ഭക്ഷണം നൽകി തുടങ്ങിയത്. എന്നാൽ ചിലയിടങ്ങളിൽ മെനു പ്രകാരമുള്ള സാധനങ്ങൾ എത്തി തുടങ്ങിയിട്ടില്ല.അരിയും പയറും മറ്റ് സാധനങ്ങളും മാവേലി സ്റ്റോറിൽ നിന്നാണ് എത്തിക്കുന്നത്. സാധനങ്ങൾ തീരുന്നതനുസരിച്ച് അങ്കണവാടി അദ്ധ്യാപകർ അതാത് പഞ്ചായത്ത് സൂപ്പർവൈസറോടാണ് സ്റ്റോക്ക് എത്തിച്ച് നൽകാൻ ആവശ്യപ്പെടേണ്ടത് .
പാൽ സൊസൈറ്റിയിൽ നിന്നാണ് എത്തിക്കുന്നത്. എന്നാൽ പച്ചക്കറി സാധനങ്ങൾ അങ്കണവാടി ജീവനക്കാർ തന്നെ പണം കൊടുത്ത് വാങ്ങണം. ഇതിനാവശ്യമായ ഫണ്ട് പഞ്ചായത്ത് സൂപ്പർവൈസർമാർ പിന്നീട് അനുവദിച്ച് നൽകുകയാണ് ചെയ്യുന്നത്. അങ്കണവാടി തോട്ടത്തിലെ പച്ചക്കറികളും രക്ഷിതാക്കൾ നൽകുന്ന പച്ചക്കറികളും ഉപയോഗപ്പെടുത്താനാണ് അധികൃതരുടെ നിർദേശം.എന്നാൽ ജില്ലയിലെ മിക്ക അങ്കണവാടികളിലും വലിയ രീതിയിലുള്ള പച്ചക്കറി തോട്ടമില്ല.അത്യാവശ്യത്തിന് പച്ചമുളകും തക്കാളിയും മാത്രമാണ് പലയിടത്തും ഉള്ളത്.
എല്ലാം ജീവനക്കാരുടെ മേൽ
പച്ചക്കറിക്ക് പുറമേ പായസമുണ്ടാക്കാനുള്ള ശർക്കരയും ജീവനക്കാർ തന്നെ വാങ്ങണം. വെളിച്ചെണ്ണയ്ക്ക് പകരം നെയ് ഉപയോഗിക്കാനാണ് നിർദേശം. അതും ജീവനക്കാർ വാങ്ങണം. ഇതിന് പുറമേ വാട്ടർ ബിൽ, വൈദ്യുതി ചാർജ്, ഗ്യാസിന്റെ പണം എന്നിവയെല്ലാം അങ്കണവാടി ജീവനക്കാർ നൽകണം. ഈ തുക പിന്നീട് പഞ്ചായത്ത് പാസാക്കി നൽകുമെങ്കിലും രണ്ടും മൂന്നും മാസം വൈകും. ശമ്പളത്തിൽ നിന്നാണ് ജീവനക്കാർ ഇത്രയും ചെലവഴിക്കുന്നത്.
മെനു ഇങ്ങനെ
തിങ്കൾ:പാൽ, പിടി, കൊഴുക്കട്ട അല്ലെങ്കിൽ ഇലയട, ചോറ്, ചെറുപയർ കറി, ഇലക്കറി തോരൻ, ഗോതമ്പ് അല്ലെങ്കിൽ അരി, ചെറുപയർ പരിപ്പ് പായസം
ചൊവ്വ: അരി, കടല, റാഗി, ശർക്കര, എള്ള് എന്നിവ കൊണ്ടുള്ള ന്യൂട്രിലഡു. മുട്ട ബിരിയാണി അല്ലെങ്കിൽ പുലാവ്. റാഗി, അരിപ്പൊടി, ശർക്കര, ചെറുപഴം എന്നിവ ചേർത്തുണ്ടാക്കിയ അട.
ബുധൻ: പാൽ, പിടി, കൊഴുക്കട്ട അല്ലെങ്കിൽ ഇലയട, കടല മിഠായി, പയറുകഞ്ഞി, പച്ചക്കറികിഴങ്ങ് കൂട്ടുകറി അല്ലെങ്കിൽ കടല ഡ്രൈഫ്രൈ, ഇഡ്ഡലി, സാമ്പാർ അല്ലെങ്കിൽ പുട്ട്, ഗ്രീൻപീസ് കറി.
വ്യാഴം: റാഗി അരി അട അല്ലെങ്കിൽ ഇലയപ്പം, ചോറ്, മുളപ്പിച്ച ചെറുപയർ, ചീരത്തോരൻ, സാമ്പാർ, ഓംലറ്റ്, അവൽ, ശർക്കര, പഴം മിക്സ്.
വെള്ളി: പാൽ, കൊഴുക്കട്ട, ചോറ്, ചെറുപയർ കറി അല്ലെങ്കിൽ അവിയൽ, ഇലക്കറിത്തോരൻ, നുറുക്ക് ഗോതമ്പ് പുലാവ്, ന്യൂട്രിലഡു, വെജിറ്റബിൾ പുലാവ്, മുട്ട, തേങ്ങാപ്പാൽ പായസം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |