സഞ്ചാരികൾക്ക് ആനൂകൂല്യ പെരുമഴയൊരുക്കി കമ്പനികൾ
കൊച്ചി: ഇത്തവണത്തെ അവധി ആഘോഷങ്ങൾക്ക് നിറമേകാൻ ആഭ്യന്തര, വിദേശ യാത്രകളിൽ ആനകൂല്യ പെരുമഴയൊരുക്കി വിമാന കമ്പനികൾ. നവരാത്രി മുതൽ ആരംഭിക്കുന്ന ഉത്സവ കാലത്തിലും ജനുവരിയ്‌ക്ക് ശേഷമുള്ള വിന്റർ സീസണിലും നിരവധി ഡിസ്‌കൗണ്ട് സ്‌കീമുകളാണ് ഇൻഡിഗോയും എയർ ഇന്ത്യയും അടക്കമുള്ള കമ്പനികൾ പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇൻഡിഗോ ഉത്സവ കാലത്തിന് മുന്നോടിയായി ആഭ്യന്തര സെക്‌ടറിൽ 1,299 രൂപ മുതലും രാജ്യാന്തര സെക്‌ടറിൽ 4,599 രൂപ മുതലുമുള്ള ടിക്കറ്റുകളോടെ ഗ്രാൻഡ് റൺവേ ഫെസ്‌റ്റിന് തുടക്കമിട്ടു.
ബുക്ക് ഡയറക്ട് എന്ന പേരിൽ പുതിയ പ്രചാരണമാണ് എയർ ഇന്ത്യ എക്‌സ്‌പ്രസ് ആരംഭിച്ചത്. ഈ സ്‌കീമിൽ എയർലൈനിന്റെ വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, എയർപോർട്ട് കൗണ്ടർ എന്നിവിടങ്ങളിലൂടെ നേരിട്ട് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കും. പ്രാദേശിക എയർലൈനായ ഫ്ളൈ91സെപ്തംബറിലെ എല്ലാ ബുക്കിംഗുകൾക്കും കൺവീനിയൻസ് ഫീ ഒഴിവാക്കി. ഇന്ത്യയിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്ന ഉപഭോക്താക്കൾക്കായി നിരവധി ഓഫറുകൾ എമിറേറ്റ്‌സ് അടക്കമുള്ള രാജ്യാന്തര കമ്പനികളും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രീമിയം ക്ളാസിൽ ജി.എസ്.ടി കൂടും
ജി.എസ്.ടി പരിഷ്‌കരണം നിലവിൽ വരുന്ന സെപ്‌തംബർ 22 മുതൽ പ്രീമിയം, ബിസിനസ് ക്ളാസ് എന്നിവയിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ നിരക്ക് കൂടും. അതേസമയം ഇക്കണോമി ക്ളാസിൽ നികുതി അഞ്ച് ശതമാനത്തിൽ തുടരും. സെപ്‌തംബർ 22ന് മുൻപ് ബിസിനസ് ക്ളാസിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ജി.എസ്.ടി 12 ശതമാനമാണ്. പരിഷ്‌കരണത്തിന് ശേഷം ജി.എസ്.ടി 18 ശതമാനമായി ഉയരും.
ഇൻഡിഗോ ഗ്രാൻഡ് റൺവേ ഫെസ്‌റ്റ്
ആഭ്യന്തര യാത്രകൾക്ക് 1,299 രൂപ മുതലും രാജ്യാന്തര യാത്രകളിൽ 4,599 രൂപ മുതലും ടിക്കറ്റ് ബുക്ക് ചെയ്യാം. അടുത്ത വർഷം ജനുവരി 7 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യാനുള്ള ടിക്കറ്റുകളാണ് ലഭ്യമാക്കുന്നത്. ദുബായ്, ബാങ്കോക്ക്, സിംഗപ്പൂർ എന്നിവിടങ്ങളിലേക്ക് പ്രൊമോഷൽ നിരക്കുകൾ ലഭ്യമാകും.
എയർഇന്ത്യ എക്‌സ്‌പ്രസ് ഫ്‌ളാഷ്‌സെയിൽ
ആഭ്യന്തര യാത്രകൾക്ക് 1,449 രൂപ മുതൽ ടിക്കറ്റ് ലഭിക്കും. രാജ്യാന്തര സെക്‌ടറിൽ 4,362 രൂപ മുതലാണ് ടിക്കറ്റുകൾ. കൺവീനിയൻസ് ചാർജ് ഈടാക്കില്ല.
എമിറേറ്റ്‌സ്
16 മുതൽ 31 വയസ് വരെ പ്രായമുള്ള യാത്രക്കാർക്ക് STUDENT എന്ന പ്രൊമോകോഡ് ഉപയോഗിച്ചാൽ ടിക്കറ്റ് നിരക്കിൽ അഞ്ച് ശതമാനം ഇളവ് ലഭിക്കും. സെപ്തംബർ 30 വരെയുള്ള യാത്രകൾക്ക് ബാധകം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |