കാഠ്‌മണ്ഡു: നേപ്പാളിൽ സുശീല കാർക്കി പ്രധാനമന്ത്രിയായി ഇടക്കാല സർക്കാർ നിലവിൽവന്നതോടെ പുതുതലമുറ (ജെൻ -സി) അഴിച്ചുവിട്ട പ്രക്ഷോഭത്തിന് താൽക്കാലിക ശമനമായെന്ന് പറയാം. 2008ൽ നേപ്പാൾ റിപ്പബ്ലിക്കായതിനുശേഷം ചരിത്രത്തിലെ ഏറ്റവും പ്രക്ഷുബ്‌ദ്ധമായൊരു ഘട്ടത്തിലൂടെയാണ് 2025 സെപ്‌തംബർ കടന്നുപോകുന്നത്. ഐക്യമുന്നണി സർക്കാരിന് രൂപം കൊടുത്ത, ചൈനീസ് ചായ്‌വുള്ള കമ്മ്യൂണിസ്റ്റ് നേതാവ് കെപി ശർമ്മ ഒലിക്ക് യുവതയുടെ പ്രക്ഷോഭത്തെത്തുടർന്ന് രാജിവച്ച് പോകേണ്ടിവന്നു.
നേപ്പാൾ ഐടി മന്ത്രാലയത്തിന് കീഴിൽ രജിസ്റ്റർ ചെയ്യാത്തത്തിന്റെ പേരിൽ 26 സാമൂഹ്യമാദ്ധ്യമങ്ങളെ നിരോധിച്ചതിനെത്തുടർന്നാണ് നേപ്പാളിൽ യുവജന പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. എന്നാൽ സാമൂഹ്യമാദ്ധ്യമങ്ങൾ നിരോധിച്ചതിന്റെ പേരിൽമാത്രമല്ല പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. അഴിമതി, അധികാരി വർഗത്തിന്റെ മക്കൾ പ്രേമം, സാമ്പത്തിക അസമത്വം തുടങ്ങി ഒട്ടേറെ കാര്യങ്ങളും പ്രതിഷേധത്തിന്റെ തീയാളാൻ കാരണമായി.രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായിരിക്കുന്ന അവസ്ഥയിലും രാഷ്ട്രീയ നേതാക്കന്മാരുടെ മക്കൾ ആഡംബര ജീവിതം നയിക്കുന്നതും വിദേശവിദ്യാഭ്യാസത്തിന് പോകുന്നതിനുമെതിരെ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രതിഷേധം നിറഞ്ഞിരുന്നു.
ലോകബാങ്കിന്റെ കണക്കുകൾ പ്രകാരം നേപ്പാളിൽ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ (2024) 20. 8 ശതമാനമാണ്. രാജ്യത്തിന്റെ ജിഡിപിയുടെ 33.1ശതമാനവും വിദേശത്ത് പണിയെടുക്കുന്ന നേപ്പാളി യുവതീ യുവാക്കൾ അയയ്ക്കുന്ന പണമാണ്. തൊഴിലില്ലായ്മയും സ്വജനപക്ഷപാതവും ശക്തമായിരിക്കുന്ന രാജ്യത്ത് നിന്ന് വിദേശത്ത് എന്തെങ്കിലും തൊഴിൽ തേടി രക്ഷപ്പെടാനുള്ള നേപ്പാളി യുവതയുടെ മുന്നിലെ വാതായനങ്ങളാണ് സാമൂഹ്യമാദ്ധ്യമങ്ങൾ. അതുകൊണ്ടുതന്നെ ദക്ഷിണേഷ്യയിലെ സാമൂഹ മാദ്ധ്യമ ഉപയോഗനിരക്ക് ഏറ്റവുമധികമുള്ള രാജ്യംകൂടിയാണ് നേപ്പാൾ. 1.43 കോടി സാമൂഹ മാദ്ധ്യമ ഉപയോക്താക്കളാണ് നേപ്പാളിലുള്ളത്.
ഈ സാഹചര്യത്തിൽ സാമൂഹ്യ മാദ്ധ്യമ നിരോധനം തങ്ങളുടെ ജീവിത വഴിതടയാനും അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്താനുമുള്ള ഭരണാധികാരികളുടെ നീക്കമായി യുവജനത കണ്ടതിനെ തുടർന്നുണ്ടായ പ്രക്ഷോഭത്തിനാണ് നേപ്പാൾസാക്ഷ്യം വഹിച്ചത്. രോഷാകുലരായ പ്രക്ഷോഭകർ പാർലമെന്റ് മന്ദിരത്തിന് തീയിടുകയും പ്രധാനമന്ത്രി ശർമ ഒലി രാജിവച്ചയുടനെ അദ്ദേഹത്തിന്റെ വസതി അഗ്നിക്കിരയാക്കുകയും ചെയ്തു. മന്ത്രിമാരുടെ ഭവനങ്ങളും വസ്തുവകകളും നശിപ്പിക്കപ്പെട്ടു. ഭരണകക്ഷിയായ സിപിഎൻ - യുഎംഎൽ ആസ്ഥാനം, നേപ്പാളി കോൺഗ്രസിന്റെ കേന്ദ്ര ഓഫീസ് എന്നിവയും ആക്രമിക്കപ്പെട്ടു.
ദക്ഷിണേഷ്യയിലെ ഏറ്റവും അസ്ഥിരമായ സർക്കാരുകൾ ഭരണം നടത്തിയ രാജ്യമാണ് നേപ്പാൾ. 2006ൽ നേപ്പാളിലെ ഏഴ് രാഷ്ട്രീയ കക്ഷികൾ ചേർന്ന് നടത്തിയ പ്രക്ഷോഭ സമരത്തിലൂടെയാണ് അവിടെ രാജഭരണം ഇല്ലാതാക്കിയത്. ഗ്യാനേന്ദ്രരാജാവ് സ്ഥാനഭ്രഷ്ഠനായതിനെ തുടർന്ന് നാല് സർക്കാരുകളാണ് മാറിമാറി നേപ്പാൾ ഭരിച്ചത്. ഭരണമാറ്റം വരുമ്പോഴും ഭരണാധിപൻമാർ തുടരുന്ന പ്രവണത ജനാധിപത്യത്തിന്റെ ശോഭ കെടുത്തിയിരുന്നു. ശർമ ഒലി തന്നെ നാലുതവണ പ്രധാനമന്ത്രിയായ ആളാണ്. ഇപ്പോൾ ജനമുന്നേറ്റത്തിൽ ശർമ ഒലിയും ഒലിച്ചുപോയിരിക്കുന്നു.
രാജഭരണാനന്തരം പല സർക്കാരുകൾ വന്നുപോയെങ്കിലും വ്യവസായിക വളർച്ച, ഭൂമി പുനർവിതരണം, പണപ്പെരുപ്പ നിയന്ത്രണം, സാമൂഹികസംരക്ഷണം ഒന്നും ഉറപ്പാക്കാൻ ഈ സർക്കാരുകൾക്ക് കഴിഞ്ഞില്ല. അതിനും പുറമേ സാമൂഹിക അടിത്തറ ഇല്ലാത്ത രാജ്യത്ത് ഭരണാധികാരികളുടെ അഴിമതിക്കും വിഭാഗീയ മത്സരങ്ങൾക്കും സ്വജനപക്ഷപാതത്തിനും ഒരു കുറവുമുണ്ടായില്ല. ഉയരുന്ന പ്രതിഷേധങ്ങളെ നിയന്ത്രിക്കാൻ ഭരണകൂടം ഏർപ്പെടുത്തിയ സാമൂഹ്യ മാദ്ധ്യമവിലക്ക് കുറേ കാലമായി നേപ്പാളിന്റെ ഉള്ളിൽ പുകഞ്ഞുകൊണ്ടിരുന്ന തീ ആളിപടരാൻ വഴിവയ്ക്കുകയായിരുന്നു.
ശ്രീലങ്കയിലും ബംഗ്ലാദേശിലും ഉണ്ടായത് പോലെയാണ് പ്രക്ഷോഭങ്ങൾ നേപ്പാളിലും ഭരണകൂടത്തെ തകിടം മറിച്ചതെങ്കിലും സമാനതകൾ കല്പിക്കാനാകില്ല. ശ്രീലങ്കയിൽ യുവാക്കൾ ഗോതബായ രാജപക്സയെ നാടുകടത്തി കുടുംബ വാഴ്ച അവസാനിപ്പിക്കുകയായിരുന്നു .ബംഗ്ലാദേശിൽ ജോലി സംവരണത്തിനെതിരായ വിദ്യാർത്ഥി പ്രക്ഷോഭം ഷേയ്ഖ് ഹസീനയുടെ ദീർഘകാല ഭരണത്തിന് വിരാമമിട്ടുവെങ്കിലും മതമൗലികവാദികളുടെ കയ്യിലാണ് ഇപ്പോൾ ഭരണം കൊണ്ടെത്തിച്ചുകൊടുത്തിരിക്കുന്നത്. തങ്ങളുടെ പ്രക്ഷോഭവിജയം പ്രതിലോമശക്തികളുടെ കൈകളിലാണ് എത്തപ്പെട്ടിരിക്കുന്നതെന്നും രാജ്യത്തെ ഇവർ മധ്യകാലഘട്ടത്തിലെ ഇരുണ്ടസാമൂഹിക വ്യവസ്ഥിതിയിലേക്കാണ് മടക്കി കൊണ്ടുപോകുന്നതെന്നും വിദ്യാർത്ഥി സംഘങ്ങൾക്ക് ബോധ്യമായിരിക്കുന്നു.
ഇന്ത്യയ്ക്ക് നേപ്പാൾ വെറുമൊരു അയൽപക്കം മാത്രമല്ല, പൗരാണിക കാലം മുതൽ ബന്ധങ്ങളുള്ള സഹോദരരാഷ്ട്രവുമാണ്. ഇന്ത്യയുടെ സ്വാധീനത്തിലായിരുന്ന നേപ്പാൾ രാജഭരണാനന്തരം ചൈനീസ് ചേരിയിലേക്ക് ചായുകയും ഇന്ത്യയുമായി അതിർത്തി തർക്കങ്ങളിൽ ഏർപ്പെടുകയും ചെയ്തു. നേപ്പാളിന്റെ ഈ പ്രവണതകളൊന്നും ഇന്ത്യയ്ക്ക് അഭികാമ്യമായ കാര്യങ്ങളായിരുന്നില്ല. ഇപ്പോൾ പ്രധാനമന്ത്രിയായി ചുമതലയേറ്റ ജസ്റ്റീസ് സുശീല കാർക്കി ഇന്ത്യയോട് മമത പുലർത്തുന്ന വ്യക്തിയായാണ് അറിയപ്പെടുന്നത്. സുശീല കാർക്കിയുടെ ഇടക്കാല സർക്കാരിന് നേപ്പാളിനെ സുസ്ഥിര ജനാധിപത്യ രാഷ്ട്രമായി പുനർനിർമ്മിക്കാനാകുമോ എന്ന് വരും നാളുകളിൽ അറിയാനാകും.
പുതിയ സാഹചര്യങ്ങളെ ഇന്ത്യയ്ക്ക് അനുകൂലമാക്കുവാനുള്ള നയസമീപനങ്ങളാണ് ഇനി നേപ്പാൾ കാര്യത്തിൽ ഇന്ത്യ സ്വീകരിക്കേണ്ടത്. ഇന്ത്യയുടെ അയൽ രാജ്യങ്ങളായ പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാഷ്ട്രങ്ങൾക്ക് എന്നും അസ്ഥിരമായ രാഷ്ട്രീയ പശ്ചാത്തലമാണ് ഉള്ളത്. ഇന്ത്യയുടെ അതേ പൈതൃകങ്ങളും പാരമ്പര്യവുമുള്ള നേപ്പാൾ എന്ന സഹോദര രാഷ്ട്രം ശക്തമായ ഭരണഘടനയോടെ ജനാധിപത്യ രാഷ്ട്രമായി വാഴേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണ്ണായകമാണ്. സുപ്രീംകോടതി നിരീക്ഷിച്ചതുപോലെ ബംഗ്ലാദേശിന്റെയും നേപ്പാളിന്റെയും അവസ്ഥകൾ പരിഗണിക്കുമ്പോൾ ഇന്ത്യൻ ഭരണഘടനയിൽ നമുക്ക് അഭിമാനിക്കാം.
( ഫൊക്കാന മുൻപ്രസിഡന്റും നാമം ( യു.എസ്.എ) ഫൗണ്ടർ പ്രസിഡന്റുമാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |