കോഴിക്കോട്: മഴമാറി വെയിലിന് ചൂടുകൂടിയതോടെ ജില്ലയിൽ ചിക്കൻപോക്സ് തലപൊക്കി. ഈ മാസം 18 വരെ മാത്രം 126 പേരാണ് ചികിത്സതേടിയത്. കഴിഞ്ഞ മാസം 200 പേർക്ക് രോഗബാധയുണ്ടായതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നവരെ കൂടാതെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെയും പച്ചമരുന്ന് കഴിക്കുന്നവരുടെയും വീട്ടിൽ വിശ്രമിക്കുന്നവരുടെയും കണക്കുകൾ കൂടി പരിഗണിച്ചാൽ രോഗബാധിതരുടെ എണ്ണം കൂടും.
നഗരപ്രദേശങ്ങളിലും മലയോര മേഖലകളിലുമടക്കം രോഗം പടർന്നു പിടിക്കുകയാണ്. അന്തരീക്ഷത്തിലെ ചൂട് കൂടുന്നതിന് അനുസരിച്ചാണ് രോഗം പടരുന്നത്. ചിക്കൻപോക്സ് കുമിളകളിലെ സ്രവങ്ങളിൽ നിന്നും അണുബാധയുള്ളവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറ്റും തെറിക്കുന്ന കണങ്ങളിലൂടെയും അസുഖം പകരാം. രോഗലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടണമെന്നും രോഗം പകരാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.
വയറിളക്കരോഗ ബാധിതരുടെ
എണ്ണത്തിലും വർദ്ധന
ചിക്കൻപോക്സിനൊപ്പം വയറിളക്ക രോഗങ്ങളുമായെത്തുന്നവരുടെ എണ്ണത്തിലും വർദ്ധന. ഈ മാസം 18 വരെ 2306 പേരാണ് വയറിളക്ക രോഗങ്ങളുമായി ചികിത്സ തേടിയത്. ഭക്ഷ്യവിഷബാധ, സൂക്ഷ്മജീവികളായ വൈറസ്, ബാക്ടീരിയ, ഫംഗസ് മുതലായവ കാരണവും മറ്റു രോഗങ്ങളുടെ ലക്ഷണമായുമാണ് വയറിളക്കം പിടിപെടുന്നത്. കോളറ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, ഷിഗല്ല, നോറോ, റോട്ടോ തുടങ്ങിയ അനേകം രോഗാണുക്കൾ ഉണ്ടാക്കുന്ന രോഗങ്ങളുടെ പ്രധാന ലക്ഷണമാണ് വയറിളക്കം.
ചിക്കൻ പോക്സിനെ കരുതാം
വരിസെല്ല സോസ്റ്റർ വൈറസാണ് രോഗ കാരണം. രോഗിയുടെ ശരീരത്തിലെ കുമിളകളിൽ നിന്നുള്ള ദ്രാവകങ്ങളിൽ നിന്നും അണുബാധയുള്ളവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറ്റും തെറിക്കുന്ന കണങ്ങളിലൂടെയുമാണ് മറ്റുള്ളവരിലെത്തുക. വൈറസിന്റെ ഇൻക്യുബേഷൻ സമയം 10-21 ദിവസമാണ്. ശരീരത്തിൽ കുമിളകൾ പൊന്തിത്തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പുതൊട്ട് 58 ദിവസംവരെ അണുക്കൾ പകരാനുള്ള സാദ്ധ്യതയുണ്ട്
ലക്ഷണങ്ങൾ
പനി, തലവേദന, പേശിവേദന, വിശപ്പില്ലായ്മ എന്നിവ കുരുക്കൽ പൊങ്ങുന്നതിന് മുമ്പ് കാണപ്പെടും.ആദ്യം തൊലിക്ക് മുകളിൽ കുമിളകൾ പൊങ്ങിത്തുടങ്ങും. നേരിയ ചൊറിച്ചിലോടു കൂടെ ആരംഭിക്കുന്ന ചുവന്നു തിണർത്ത പാടുകളിൽ നിന്നും, തൊലിപ്പുറത്ത് വെള്ളം നിറഞ്ഞിരിക്കുന്ന ചെറിയ കുമിളകൾ പോലുള്ള പൊങ്ങലുകളായി മാറുന്നതാണ് ചിക്കൻ പോക്സിന്റെ പ്രധാന ലക്ഷണം.
തുടക്കത്തിൽ മുഖത്തും പുറത്തും നെഞ്ചിലുമായിരിക്കും കുമിളകൾ പ്രത്യക്ഷപ്പെടുക. പിന്നീടത് ശരീരമാസകലം പടരാം. കുരുക്കൾ പൊറ്റകളായി മാറുകയും ഏഴ്- 10 ദിവസങ്ങൾക്കുള്ളിൽ അപ്രത്യക്ഷമാകുകയും ചെയ്യും. പൊറ്റകൾ ഉണ്ടാകുന്ന സമയംവരെ മാത്രമേ ഇത് മറ്റൊരാളിലേക്ക് പകരുകയുള്ളൂ.
കരുതാം
രോഗബാധിതർ വായുസഞ്ചാരമുള്ള മുറിയിൽ വിശ്രമിക്കുക
ധാരാളം വെള്ളവും പഴവർഗ്ഗങ്ങളും കഴിക്കുക
മറ്റുള്ളവരുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക
രോഗിയുമായി ഇടപെടുമ്പോൾ മാസ്ക് ധരിക്കുക
രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റു വസ്തുക്കളും മറ്റുള്ളവരുമായി പങ്കിടാതെ ബ്ലീച്ചിംഗ് ലായനി ഒഴിച്ച് വൃത്തിയാക്കുക
രോഗം ബാധിച്ചവരുമായി അധികം ഇടപൊടതിരിക്കുക
''മെഡിക്കൽ ഓഫീസർമാരുടെ ജില്ലാതല അവലോകന യോഗം ഇന്ന് നടക്കും. അതിൽ വിഷയം ചർച്ച ചെയ്യുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യും. രോഗലക്ഷണങ്ങൾ കാണുന്നവർ അധികം വെെകാതെ ചികിത്സ തേടണം''- ഡോ.രാജാറാം, ജി.എം.ഒ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |