പലിശ കുറച്ചതോടെ നിക്ഷേപകർ പുതുവഴികൾ തേടുന്നു
കൊച്ചി: ഫെബ്രുവരിക്ക് ശേഷം റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്ക് ഒരു ശതമാനം കുറച്ചതോടെ ബാങ്കുകളിലെയും ധനകാര്യ സ്ഥാപനങ്ങളിലെയും സ്ഥിര നിക്ഷേപങ്ങൾക്ക് തിളക്കം മങ്ങുന്നു. രാജ്യത്തെ സാമ്പത്തിക മേഖലയിൽ അനിശ്ചിതത്വം കടുക്കുന്നതിനാൽ അടുത്ത മാസം പലിശ വീണ്ടും കുറയാൻ സാദ്ധ്യത തെളിഞ്ഞതും ചെറുകിട നിക്ഷേപകരിൽ ആശങ്ക സൃഷ്‌ടിക്കുകയാണ്. കൊവിഡിന് ശേഷം നാണയപ്പെരുപ്പം നിയന്ത്രിക്കാൻ റിസർവ് ബാങ്ക് വിവിധ ഘട്ടങ്ങളിലായി പലിശ നിരക്ക് 2.5 ശതമാനം പലിശ വർദ്ധിപ്പിച്ചതോടെ ബാങ്ക് നിക്ഷേപങ്ങൾ മികച്ച വരുമാനം നൽകിയിരുന്നു. ഒരവസരത്തിൽ ചില ധനകാര്യ സ്ഥാപനങ്ങൾ ദീർഘകാല നിക്ഷേപങ്ങളുടെ പലിശ ഒൻപത് ശതമാനം വരെ വർദ്ധിപ്പിച്ചിരുന്നു.
നാണയപ്പെരുപ്പം നിയന്ത്രണവിധേയമായതോടെ റിസർവ് ബാങ്ക് പലിശ കുറയ്ക്കൽ നടപടികൾ വേഗത്തിലാക്കിയതാണ് തിരിച്ചടിയായത്. കഴിഞ്ഞ മാസങ്ങളിൽപല ബാങ്കുകളും സ്ഥിരനിക്ഷേപങ്ങളുടെ പലിശ അര ശതമാനത്തിലധികം കുറച്ചു. എങ്കിലും മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങൾക്ക് 8.4 ശതമാനം വരെ പലിശ ചുരുക്കം സ്മാൾ ഫിനാൻസ് ബാങ്കുകൾ നൽകുന്നുണ്ട്.
പലിശ ഇനിയും കുറഞ്ഞേക്കും
അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ ചുവടു പിടിച്ച് ഇന്ത്യയിലും പലിശ വീണ്ടും കുറച്ചേക്കും. സെപ്തംബർ 29 മുതൽ ഒക്ടോബർ ഒന്ന് വരെ നടക്കുന്ന റിസർവ് ബാങ്കിന്റെ ധന നയ രൂപീകരണ യോഗത്തിൽ റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ച് 5.25 ശതമാനമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുതിർന്ന പൗരന്മാർക്ക് 8.4 ശതമാനം പലിശ
അഞ്ച് വർഷ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 60 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് സൂര്യോദയ സ്‌മാൾ ഫിനാൻസ് ബാങ്ക് 8.4 ശതമാനം പലിശയാണ് നൽകുന്നത്. രണ്ട് മുതൽ മൂന്ന് വർഷത്തേക്ക് സീനിയർ സിറ്റിസൺസിന് ഉത്‌കർഷ് സ്‌മാൾ ഫിനാൻസ് ബാങ്കിൽ 8.15 ശതമാനം പലിശ ലഭിക്കും. ജന സ്‌മാൾ ഫിനാൻസ് ബാങ്ക് ഈ വിഭാഗത്തിൽ എട്ടു ശതമാനം പലിശ വാഗ്‌ദാനം ചെയ്യുന്നു.
വാണിജ്യ ബാങ്കുകൾ നൽകുന്ന പലിശ
ബാങ്ക്: നിരക്ക്: കാലാവധി
ബന്ധൻ ബാങ്ക്: 7.2%: രണ്ട് മുതൽ മൂന്ന് വർഷം വരെ
എച്ച്.ഡി.എഫ്.സി ബാങ്ക് 7.1%: 18 മുതൽ 21 മാസം വരെ
ഫെഡറൽ ബാങ്ക് 7.2% 999 ദിവസം
എസ്.ബി.ഐ 6.95% രണ്ട് മുതൽ മൂന്ന് വർഷം വരെ
യൂണിയൻ ബാങ്ക് 7.1% മൂന്ന് വർഷം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |