കൊല്ലം: ബി.എഡ് ബിരുദധാരിയായ രമ്യയും ടി.ടി.സി പൂർത്തിയാക്കിയ സഹോദരി ആര്യയും വീട്ടിൽ ട്യൂഷൻ തുടങ്ങി അദ്ധ്യാപകരായപ്പോൾ അച്ഛൻ മണിക്കുട്ടനും (49) അപ്പച്ചി ഉഷയും (48) വിദ്യാർത്ഥികളായി! വീട്ടിലെ ദാരിദ്ര്യവും മറ്റും കാരണം 33 വർഷം മുമ്പ് മുടങ്ങിപ്പോയ പഠനമാണ് സാക്ഷരതാ മിഷൻ തുല്യത കോഴ്സിലൂടെ ഇരുവരും ചേർന്ന് തിരികെപ്പിടിക്കുന്നത്.
മാവടി മഠത്തിനാപ്പുഴ കലമ്പട്ടിവിള വീട്ടിലെ അംഗങ്ങളാണ് ഈ അദ്ധ്യാപകരും വിദ്യാർത്ഥികളും. ഓട്ടോ ഡ്രൈവറായ മണിക്കുട്ടന്റെ ഭാര്യ രാധ ആറുവർഷം മുമ്പ് മരിച്ചു. അവിവാഹിതയായും അങ്കണവാടി ഹെൽപ്പറുമായ സഹോദരി ഉഷ ഇവരോടൊപ്പമാണ് താമസം. ഉഷയാണ് ഏറെനാളത്തെ ആഗ്രഹമായിരുന്ന തുടർ പഠനത്തിന് വേണ്ടി മുന്നിട്ടിറങ്ങിയത്. ഉഷയുടെ ആഗ്രഹത്തിന് എല്ലാവിധ പിന്തുണയുമായി മണിക്കുട്ടനും. ഇത് മക്കളെ അറിയിച്ചതോടെ അവരും കൂടെ നിന്നു.
കുളക്കട മാവടി ഗവ. എൽ.പി.എസിലാണ് ഇരുവരും സംസ്ഥാന സാക്ഷരതാ മിഷന്റെ എഴാംതരം തുല്യതാ പരീക്ഷ ഒന്നിച്ചെഴുതിയത്. ഫലം വരാൻ കാത്തിരിക്കുന്നു. തുടർന്ന് പത്താം ക്ലാസിൽ അഡ്മിഷൻ എടുക്കാനാണ് തീരുമാനം. രമ്യയും ആര്യയും പി.എസ്.സി പരിശീലനവും നടത്തുന്നുണ്ട്.
നല്ല മാർക്ക് കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. വീട്ടിലുള്ള രണ്ട് അദ്ധ്യാപകർ ഒട്ടും ഉഴപ്പാൻ സമ്മതിച്ചിട്ടില്ല. ഞാനും സഹോദരിയും വളരെ ആഗ്രഹിച്ചാണ് വീണ്ടും പഠിക്കാൻ പോയത്. പോയിത്തുടങ്ങിയത് മുതൽ പഠനത്തെയോർത്ത് ഞങ്ങളേക്കാൾ വെപ്രാളവും സന്തോഷവുമെല്ലാം ആര്യയ്ക്കും രമ്യയ്ക്കുമാണ്.
മണിക്കുട്ടൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |