തിരുവല്ല : വിഖ്യാത ചലച്ചിത്രകാരൻ കെ.ജി.ജോർജിന്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് എം.ജി.സോമൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കെ.ജി.ജോർജ് ഫിലിം ഫെസ്റ്റിവൽ സമാപിച്ചു. മന്ത്രി സജി ചെറിയാൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. തിരുവല്ല കേന്ദ്രീകരിച്ച് സമീപ പ്രദേശങ്ങളിൽ എം.ജി.സോമൻ ഫൗണ്ടേഷൻ നിർവ്വഹിക്കുന്ന കാര്യക്ഷമമായ കലാസാംസ്കാരിക പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും മുന്നോട്ടുള്ള യാത്രയിൽ സാംസ്കാരിക വകുപ്പിന്റെ ഭാഗത്തു നിന്ന് കഴിവതും സഹായങ്ങൾ ലഭ്യമാക്കാൻ എപ്പോഴും ഉണ്ടാകുമെന്നും മന്ത്രി സജി ചെറിയാൻ അറിയിച്ചു. കെ.ജി ജോർജ് ഫിലിംസ്റ്റഡി ഫോറത്തിന്റെ ഉദ്ഘാടനം മന്ത്രി ഗണേഷ് കുമാർ നിർവ്വഹിച്ചു, തിരുവല്ല കെ.എസ്.ആർ.ടി.സി കോപ്ലക്സിൽ തിരുവല്ലയുടെ ചരിത്രവും, സാംസ്കാരിക അടയാളങ്ങളും രേഖപ്പെടുത്തുന്നതിനുള്ള അനുവാദങ്ങൾ സർക്കാർ നൽകുമെന്നും നാടക അവതരണത്തിനും സിനിമ പ്രദർശനത്തിനും അനുബന്ധ പഠനങ്ങൾക്കും ഉതകുന്ന രീതിയിൽ ഒരു ചെറിയ തിയേറ്റർ സംവിധാനം കെ.എസ്.ആർ.ടി.സി കോപ്ലക്സിൽ ഒരുക്കാനുള്ള ആലോചനയിലാണെന്നും ഗണേഷ് കുമാർ അറിയിച്ചു. ഫൗണ്ടേഷൻ ചെയർമാൻ ബ്ലസി അദ്ധ്യക്ഷതവഹിച്ചു. ചലച്ചിത്ര താരങ്ങളായ മല്ലിക സുകുമാരൻ, ജലജ, മോഹൻ അയിരൂർ, ഡോ.മോഹൻദാസ്, ഫാ.സിജോ പന്തപ്പള്ളിൽ, സിന്ധു സോമൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |