വിദേശ, ആഭ്യന്തര വിപണികളിൽ വിപുലമായ അവസരങ്ങൾ
കൊമേഴ്‌സ് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ഫോറൻസിക് അക്കൗണ്ടിംഗ് ഇന്ത്യയിലും വിദേശത്തും പുതിയ അവസരങ്ങൾ തുറന്നിടുന്നു. കൊമേഴ്‌സ് വിദ്യാർത്ഥികൾക്ക് പരമ്പരാഗതമായി പ്രധാനമായും അക്കൗണ്ട്‌സ്, ഫിനാൻസ്, ഓഡിറ്റിംഗ് തുടങ്ങിയ മേഖലകളിലായിരുന്നു ജോലി ലഭിച്ചിരുന്നത്. ഇപ്പോഴും ഈ മേഖലകളിൽ മികച്ച സാദ്ധ്യതകളുണ്ടെങ്കിലും തൊഴിലവസരങ്ങളുടെ സ്വഭാവവും ആവശ്യമായ വൈദഗ്ധ്യവും മാറുന്നതിനാൽ സ്‌പെഷ്യലൈസേഷനുകൾക്ക് പ്രാധാന്യമേറുകയാണ്.
ബാങ്കിംഗ്, ഇൻഷ്വറൻസ്. ധനകാര്യ മേഖലകളിലെ വൻകിട കമ്പനികളിൽ ഉൾപ്പെടെ അക്കൗണ്ട്‌സ്, ഫിനാൻസ്, ഓഡിറ്റിംഗ് രംഗത്ത് സ്‌പെഷ്യലൈസേഷൻ നേടിയ വിദ്യാർത്ഥികൾക്കാണ് പ്രിയം.
പരമ്പരാഗത അറിവിൽ ഒതുങ്ങാതെ പുതിയ അക്കൗണ്ടിംഗ് പ്രോസസുകൾ, അക്കൗണ്ടിംഗ് സോഫ്റ്റ് വെയറുകൾ, ഇന്റർനാഷണൽ ടാക്‌സേഷൻ, ആഗോള നികുതി നിയമങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുതലായ വിഷയങ്ങളിലെ അറിവിനാണ് ഇപ്പോൾ പ്രാധാന്യം. നവീന അറിവും പരിശീലനവും ഉറപ്പാക്കിയാൽ ഇന്ത്യയിലും വിദേശത്തും കരിയർ ഉറപ്പാക്കാം.
തട്ടിപ്പുകൾ തടയാൻ പങ്കാളിയാകാം
കൊമേഴ്‌സ് ബിരുദധാരികൾക്ക് വിപുല അവസരങ്ങളാണ് ഫോറെൻസിക് അക്കൗണ്ടിംഗ് തുറന്നിടുന്നത്. കമ്പനികളിൽ നടക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങൾ, തട്ടിപ്പുകൾ, വ്യാജ ഇടപാടുകൾ തുടങ്ങിയവ കണ്ടെത്തി തടയിടാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സാങ്കേതികവിദ്യ വളരുന്നതിനൊപ്പം തട്ടിപ്പുകളും സാമ്പത്തിക കുറ്റങ്ങളും കൂടുന്നതിനാൽ ഇവ തടയാൻ ഫോറൻസിക് അക്കൗണ്ടിംഗിന് ഏറെ പ്രാധാന്യമുണ്ട്. സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനും ഭാവി നഷ്ടങ്ങൾ ഒഴിവാക്കാനും ഫോറെൻസിക് അക്കൗണ്ടന്റുകളുടെ സഹായം അത്യാവശ്യമാണ്.
കരിയറിനൊപ്പം ഇൻവെസ്‌റ്റിഗേഷനും
ഫോറൻസിക് അക്കൗണ്ടിംഗ് ഇൻവെസ്റ്റിഗേറ്റീവ് സ്വഭാവമുള്ളതായതിനാൽ മികച്ച കഴിവും അന്വേഷണ ശേഷിയും ഉള്ളവർക്ക് ഈ രംഗത്ത് തിളങ്ങാനാകും. ഇതിനായി അക്കൗണ്ട്‌സ്, ഫിനാൻസ്, ഓഡിറ്റിംഗ്, ഇൻവെസ്റ്റിഗേറ്റീവ് ടെക്‌നിക്‌സ്, സോഫ്റ്റ് വെയർ, ഡാറ്റ അനലറ്റിക്‌സ് എന്നിവയിൽ പരിജ്ഞാനം വേണം. കമ്പനികളുടെ വളർച്ചയോടൊപ്പം വർദ്ധിക്കുന്ന കുറ്റകൃത്യങ്ങൾ നേരിടാൻ കഴിവുള്ള അന്വേഷണ മനോഭാവമുള്ള പ്രൊഫഷണലുകളെ ലോകമെമ്പാടും ആവശ്യമുണ്ട്.
പ്രൊഫഷണൽ സ്ഥാപനങ്ങൾ കണ്ടെത്തണം
ഫോറൻസിക് മേഖലയിൽ സ്‌പെഷ്യലൈസ് ചെയ്യാനും ഫോറൻസിക് അക്കൗണ്ടിംഗിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താനും പ്രൊഫഷണലി മാനേജ് ചെയ്യുന്ന ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പ്രാക്ടിക്കൽ എക്‌സ്‌പീരിയൻസോടെ പഠിക്കാനാകും. അവസരങ്ങളെ തിരിച്ചറിഞ്ഞ് ശരിയായ പരിശീലനം തെരഞ്ഞെടുത്താൽ വിജയം ഉറപ്പാണ്.
(കൊച്ചിയിലെ പ്രമുഖചാർട്ടേഡ് അക്കൗണ്ടന്റും അഡ്വക്കേറ്റും ഫോറൻസിക് അക്കൗണ്ടന്റുമാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |