കൊച്ചി: എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിനെന്നു പറഞ്ഞ് നഗരത്തിലെ തിരുമ്മൽ കേന്ദ്രം നടത്തിപ്പുകാരിയിൽ നിന്ന് 11.000 രൂപ തട്ടിയ വിരുതനെ പിടികൂടാൻ പൊലീസ് അന്വേഷണം തുടങ്ങി. സ്റ്റേഷൻ ‘സർക്കിൾ ഇൻസ്പെക്ടർ’ എന്ന വ്യാജേന ഫോണിൽ വിളിച്ചാണ് രണ്ട് തവണയായി പണം തട്ടിയത്. ഓണാഘോഷത്തിന് ആവശ്യപ്പെട്ട പണം മുഴുവനായി നൽകാത്തതിന്റെ പേരിൽ വ്യാജ‘സി.ഐ’യുടെ നിർദ്ദേശപ്രകാരം തൃശൂർ സ്വദേശിനിയായ യുവതി തിരുമ്മൽ കേന്ദ്രം ഒരാഴ്ച പൂട്ടിയിട്ടു.
യുവതി എട്ട് മാസം മുമ്പാണ് എറണാകുളം എസ്.ആർ.എം റോഡിൽ ലക്ഷങ്ങൾ മുതൽ മുടക്കി തിരുമ്മൽ കേന്ദ്രം തുടങ്ങിയത്. ഒരു തെറാപ്പിസ്റ്റും ടെലി കോളറുമുൾപ്പെടെ ജോലി ചെയ്യുന്നുണ്ട്. ഈ മാസം ആദ്യമാണ് നോർത്ത് സ്റ്റേഷനിലെ സി.ഐ എന്ന വ്യാജേന യുവതിക്ക് ഫോൺവിളിയെത്തിയത്. സ്റ്റേഷനിലെ ഓണാഘോഷത്തിന് സി.ഐയുടെ ഫണ്ടിലേക്ക് സ്റ്റേഷൻ പരിധിയിലെ എല്ലാ സ്ഥാപനങ്ങളും സംഭാവന നൽകുന്നുണ്ടെന്നും തിരുമ്മൽ കേന്ദ്രത്തിന്റെ വിഹിതം നൽകണമെന്നുമായിരുന്നു ആവശ്യം.
സെപ്തംബർ ഒന്നിന് 6000 രൂപ യുവതി ഗൂഗിൾ പേ ചെയ്തെങ്കിലും അടുത്തദിവസം വീണ്ടും 'സി.ഐയുടെ" വിളിയെത്തി. 20000 രൂപയാണ് സംഭാവനയിനത്തിൽ കിട്ടേണ്ടതെന്നും പറ്റില്ലെങ്കിൽ സ്ഥാപനം പൂട്ടിയിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി. ഭയന്നുപോയ യുവതി തൃശൂരിലെ വീട്ടിൽ വിളിച്ച് മകന്റെ സ്വർണമാല പണയപ്പെടുത്തി 5000 രൂപ തരപ്പെടുത്തി. കേന്ദ്രത്തിൽ സി.ഐയുടെ ‘നിർദ്ദേശപ്രകാരം’ 60 വയസ് തോന്നിക്കുന്നയാളാണ് പണം വാങ്ങാനെത്തിയത്.
ബാക്കി 9000 രൂപ ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ട് വീണ്ടും വിളിയെത്തിയെങ്കിലും പണമില്ലെന്ന് യുവതി അറിയിച്ചു. അങ്ങനെയെങ്കിൽ തിരുമ്മൽ കേന്ദ്രം പൂട്ടാനായിരുന്നു ‘നിർദ്ദേശം’. ഇതുപ്രകാരം സെപ്തംബർ രണ്ടിന് സ്ഥാപനം പൂട്ടി തൃശൂരിലെത്തിയ യുവതി അഭിഭാഷകന്റെ നിർദ്ദേശപ്രകാരം കഴിഞ്ഞദിവസം നോർത്ത് സ്റ്റേഷനിലെത്തി എസ്.എച്ച്.ഒയെ കണ്ടപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ട വിവരം മനസിലാക്കുന്നത്. യുവതിയുടെ മൊഴിയിൽ കേസെടുത്ത പൊലീസ് തിരുമ്മൽ കേന്ദ്രത്തിലെത്തി പണം കൈപ്പറ്റിയ ആളാണ് തട്ടിപ്പിന് പിന്നിലെന്ന് തിരിച്ചറിഞ്ഞു. ഇയാൾ ഉടൻ പിടിയിലായേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |