പന്തളം : ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ പന്തളത്ത് നടത്തിയ ശബരിമല സംരക്ഷണ സംഗമം ജനപങ്കാളിത്തം കൊണ്ടും ശരണംവിളികൾ കൊണ്ടും ശ്രദ്ധേയമായി. പരിപാടിയിൽ പങ്കെടുത്ത സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ കറുപ്പും കാവിയും വസ്ത്രങ്ങൾ അണിഞ്ഞാണ് എത്തിയത്. രാവിലെ നാനാക്ക് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ 1000 പ്രതിനിധികൾ പങ്കെടുക്കുമെന്നാണ് സംഘാടകർ അറിയിച്ചിരുന്നത്. എന്നാൽ സമ്മേളനം തുടങ്ങിയപ്പോഴേക്കും ഓഡിറ്റോറിയത്തിൽ കയറാൻ കഴിയാത്തവിധം ജനം തിങ്ങിനിറഞ്ഞു. വൈകിട്ട് നാലിന് കൈപ്പുഴ ശ്രീവത്സം മൈതാനിയിലാണ് പൊതുസമ്മേളനം നിശ്ചയിച്ചിരുന്നതെങ്കിലും ഒരു മണിയോടുകൂടി സദസിൽ ആളുകൾ നിറഞ്ഞു. സമ്മേളന നഗരിയിലേക്ക് കയറാൻ കഴിയാതെ ജനം റോഡിലേക്ക് കടന്നു നിന്നതോടെ എം.സി റോഡിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇതേ തുടർന്ന് കുളനട ജംഗ്ഷനിൽ നിന്ന് അമ്പലക്കടവ് വഴിയും പന്തളം ജംഗ്ഷനിൽ നിന്ന് തുമ്പമൺ വഴിയും പൊലീസ് വാഹനങ്ങൾ തിരിച്ചുവിട്ടു. ഇരു പരിപാടികളും തിരുവാഭരണ വാഹകസംഘത്തിന്റെ ശരണം വിളികളോടെയാണ് ആരംഭിച്ചത്. ശബരിമല തന്ത്രിമാർ, ശബരിമല, മാളികപ്പുറം മുൻ മേൽശാന്തിമാർ, കേരളത്തിനകത്തും പുറത്തും നിന്നുമുള്ള സന്യാസി ശ്രഷ്ഠന്മാർ, അയ്യപ്പ ഭക്ത സംഘടനാ പ്രതിനിധികൾ, സമുദായ സംഘടനാ നേതാക്കൾ, ശബരിമലയുമായി ബന്ധപ്പെട്ട അമ്പലപ്പുഴ, ആലങ്ങാട്ട് പേട്ട സംഘങ്ങൾ, പന്തളം കൊട്ടാരം പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. വൈകിട്ട് നടന്ന പൊതുസമ്മേളനത്തിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന നേതാക്കളായ അശോകൻ കുളനട , പന്തളം പ്രതാപൻ, സന്ദീപ് വാചസ്പതി, ഐശ്വര്യാ ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |