വില കിലോയ്ക്ക് 20 മുതൽ 25 രൂപവരെ
ചാലക്കുടി: പരിയാരത്തേയ്ക്കുള്ള വരവു കായയുടെ കുത്തൊഴുക്ക് മൂലം ഓണത്തിന് ശേഷം പച്ച തൊടാതെ പച്ചക്കായ വിപണി. ഓണത്തിന് മുമ്പ് കിലോയ്ക്ക് 65 രൂപയായിരുന്നു വിലയെങ്കിൽ ഓണക്കാലത്ത് 45 ആയി കുറഞ്ഞിരുന്നു. എന്നാൽ ഈ ആഴ്ച്ച വില കിലോയ്ക്ക് 20 മുതൽ 25 രൂപ വരെയെത്തി. ബാങ്ക് വായ്പ്പയെടുത്തും മറ്റും കൃഷി ഇറക്കിയ പരിയാരം സ്വാശ്രയ കർഷക സമിതിയിലെ അംഗങ്ങളായ നൂറുകണക്കിന് കർഷകരാണ് ദുരിതത്തിലായത്. നിലവിൽ സ്വാശ്രയ കർഷക സമിതിയിലെ 22 യൂണിറ്റിലായി നിരവധി കർഷകരുണ്ട്. ഇനിയും വിലയിടിഞ്ഞാൽ പ്രതിസന്ധി രൂക്ഷമാകും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന കായകൾ പതിനെട്ട് രൂപയ്ക്കാണ് വിപണിയിലെത്തുന്നത്. മായമില്ലാത്ത നാടൻ ഇനങ്ങൾ ലഭ്യമായിട്ടും ഇത്തരം ഉൽപന്നങ്ങൾ വിപണി കീഴടക്കുമ്പോൾ പരമ്പരാഗത കർഷകർ ഭീഷണിയിലാണെന്ന് കർഷകർ പറയുന്നു.
എത്തുന്നത് ഹോർമോൺ നിറച്ച്
ഇതര സംസ്ഥാനങ്ങളിൽ നിന്ന് വിപണിയിൽ നേന്ത്രക്കായയെത്തുന്നത് ഹോർമോൺ നിറച്ച്. എന്നാൽ വൻവിലക്കുറവിൽ കായ വാങ്ങാൻ ഇടത്തരം കച്ചവടക്കാരുടെ കുത്തൊഴുക്കാണ്. ഉപ്പേരി വിൽക്കുന്ന സംഘങ്ങളും മറ്റുമാണ് കൂടുതലും ഈ കായയെ ആശ്രയിക്കുന്നത്. നാടൻ പൂവൻ കായ, ഞാലിപ്പൂവൻ എന്നിവയ്്ക്ക് കിലോയ്ക്ക് അമ്പത് രൂപയോളം സ്വാശ്രയ ചന്തയിൽ ലഭിക്കുന്നുണ്ട്. എന്നാൽ ഇവ കർഷകരുടെ പറമ്പുകളിൽ വിരളമാണ്.
സമിതി പ്രവർത്തനം
രാജഭരണകാലം മുതൽ പ്രസിദ്ധമായിരുന്നു പരിയാരം കർഷക ചന്ത. 1997 ൽ കെ.എച്ച്.ഡി.പിയുടെ കീഴിൽ കർഷകരുടെ 12 സ്വാശ്രയ യൂണിറ്റുകൾ ആരംഭിച്ചു. 1998ൽ സ്വാശ്രയ വിപണിക്ക്്് തുടക്കമിട്ടു. ഇപ്പോൾ 22 യൂണിറ്റുണ്ട്. ഉൽപന്നങ്ങൾ എത്തിക്കുന്ന കർഷരുടെ ലേല തുകയിൽ നിന്ന് സമിതി ഈടാക്കും. രണ്ട് ശതമാനം വാർഷിക യോഗത്തിൽ അംഗങ്ങൾക്ക് തിരിച്ച് നൽകും.
പരിയാരം, കോടശേരി, അതിരപ്പിള്ളി പഞ്ചായത്തുകളിലെ എഴുന്നൂറോളം കർഷകർ കടുത്ത പ്രതിസന്ധിയിലാണ്.
ഷിബു കൈതാരൻ
(കർഷകൻ).
കൃഷി വകുപ്പ് ഇടപെട്ട്് പ്രതിസന്ധിക്ക് പരിഹാരം കാണണം.
ഷോബി വട്ടോലി
കർഷകൻ
ദുരിതം തുടർന്നാൽ കർഷകർ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയാകും.
ഐ.സി.ജോണി
(സമിതി പ്രസിഡന്റ്).
സ്വാശ്രയ കർഷക സമിതി
പഞ്ചായത്തുകൾ..
പരിയാരം
കോടശേരി
അതിരപ്പിള്ളി.
കൃഷിയിറക്കുന്നത് - 800 ഹെക്ടറിൽ.
കർഷകർ സ്ഥിരാംഗങ്ങൾ- 400.
താത്കാലികം- 300
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |