ചോക്കാട്: അങ്ങാടിയിൽ റോഡിന്റെ വീതിയിൽ തുടങ്ങിയ തർക്കം കാരണം ഒന്നര വർഷം മുടങ്ങിയ റോഡു നിർമ്മാണം തുടങ്ങി മൂന്നാം ദിവസം വീണ്ടും മുടങ്ങി. റോഡിന്റെ മദ്ധ്യത്തിൽ നിന്ന് ഉരുവശത്തേക്കും അളവ് കണക്കാക്കി സ്ഥാപിച്ച ആണികൾ മാറ്റിസ്ഥാപിച്ചതാണ് മുടങ്ങാൻ കാരണം.
അങ്ങാടിയിൽ റവന്യുഭൂമി മുഴുവൻ റോഡിനായി ഉപയോഗിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചില സ്ഥലങ്ങളിൽ റവന്യു ഭൂമി കെട്ടിട ഉടമകൾക്ക് ലഭിക്കുന്ന തരത്തിലാണ് അടയാളങ്ങൾ മാറ്റി സ്ഥാപിച്ചിട്ടുള്ളത്.
അങ്ങാടിയിൽ 15 മീറ്ററിൽ റോഡു നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യമാണ് റോഡു നിർമ്മാണം വൈകിപ്പിച്ചത്.എന്നാൽ നിലവിലുള്ള വീതി കുറച്ച് നിർമ്മിക്കാനുള്ള നീക്കമാണ് നാട്ടുകാർ തടഞ്ഞത്.
മലയോര ഹൈവേയ്ക്ക് വേണ്ടി സ്ഥാപിച്ച അടയാളങ്ങൾ മാറ്റിയതിലൂടെ
ചില സ്ഥലങ്ങളിൽ ഒരു മീറ്ററിലധികമാണ് റോഡിലെ ആദ്യ അലൈൻ മെന്റിൽ നിന്ന് മാറ്റം വരുന്നത്.
ചോക്കാട് അങ്ങാടിയിൽ റോഡ് കൈയേറ്റം നിയമാനുസൃതമായി പരിശോധിച്ച് നേരത്തെ അടയാളപ്പെടുത്തിയ അലൈൻമെന്റിൽ നിന്ന് വലിയ തോതിൽ മാറ്റം വരുത്തിയതായി നാട്ടുകാർ പറഞ്ഞു. ചോക്കാട് സി.പി.എം ഓഫീസിന് സമീപം മുതൽക്കാണ് റോഡിൽ അലൈൻമെന്റിൽ മാറ്റം വന്നിട്ടുള്ളത്.
നേരത്തെ ഉണ്ടാക്കിയ അലൈൻമെന്റ് പ്രകാരം റോഡിന്റെ മദ്ധ്യഭാഗത്ത് സ്ഥാപിച്ച ആണികളും റോഡരികിലായി സ്ഥാപിച്ച കുറ്റികളും ചില സാമൂഹ്യ വിരുദ്ധർ മാറ്റി സ്ഥാപിച്ചതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു കാരണം.ഇത് ജനം കണ്ട് പിടിക്കുകയും അധികൃതർക്ക് കാണിച്ച് കൊടുക്കുകയും ചെയ്തു.
റവന്യൂ ഭൂമി പൂർണ്ണമായി കണ്ടെത്തി റോഡിനോട് ചേർക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ഒമ്പത് മീറ്റർ ടാറിംഗും ഒന്നര മീറ്റർ വീതം ഇരു ഭാഗത്തും അഴുക്കുചാലുകളുമാണ് റോഡിന്റെ നിയമാനുസൃതമായ അലൈൻമെന്റ്.ചോക്കാട് അങ്ങാടിയിലെ അലൈൻമെന്റ് പുനർനിർണ്ണയിച്ച് മാത്രമേ ചോക്കാട് അങ്ങാടിയിൽ പ്രവൃത്തി നടത്താനാകൂ എന്നതാണ് അവസ്ഥ. ഇത് രണ്ട് വർഷമായി പരിഹരിക്കാനാകാത്ത പ്രശ്നം പരിഹരിച്ച് തുടങ്ങിയ റോഡു നിർമ്മാണം വീണ്ടും മുടങ്ങാനിടയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |