മുണ്ടക്കയം : കോരുത്തോട് പഞ്ചായത്തിന്റെ വനാർതിർത്തി മേഖലകളിൽ നാശംവിതച്ചിരുന്ന കാട്ടുപന്നികൾ ടൗണിലേക്കും എത്തിത്തുടങ്ങി. ടൗണിനോട് ചേർന്ന് പൂവക്കുളം ജോഷി കന്നേപ്പറമ്പിൽ, കെ.ടി.പ്രദീപ്, ഓലിക്കൽ ജോസ് എന്നിവരുടെ കപ്പ, വാഴ കൃഷികളാണ് പന്നിക്കൂട്ടം കുത്തിമറിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ പൂവക്കുളം പോൾ, ചാത്തനാട്ട് റെന്നി മാത്യു, ചരിവുപറമ്പിൽ അച്ചൻകുഞ്ഞ്, പൂക്കുളം ജോൺസൺ എന്നിവരുടെ കപ്പയും മറ്റ് കൃഷികളും നശിപ്പിച്ചിരുന്നു. ഇതോടെ കർഷകർ ആശങ്കയിലാണ്. കൃഷി നശിപ്പിക്കുന്ന പന്നികളെ വെടിവയ്ക്കാൻ ഉത്തരവിടാൻ പഞ്ചായത്ത് പ്രസിഡന്റിന് അധികാരം ഉണ്ടെങ്കിലും വിനിയോഗിക്കുന്നില്ലെന്ന് കർഷകർ പറഞ്ഞു. രാത്രി സമയങ്ങളിലും ശബരിമല തീർത്ഥാടകർ ഉൾപ്പടെ നിരവധിപ്പേരാണ് ഈ പാതയിലൂടെ കടന്നുപോകുന്നത്. വനംവകുപ്പിന്റെ ഹെൽപ്പ് ഡെസ്ക് പഞ്ചായത്ത് ഓഫീസിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെങ്കിലും പരാതികൾ സ്വീകരിക്കുക മാത്രമാണ് ചെയ്യുന്നത്.
ആര് വെടിവയ്ക്കും, ലൈസൻസുള്ളവർ കുറവ്
തോക്ക് ഉപയോഗിക്കാൻ ലൈസൻസുള്ള സ്വകാര്യ വ്യക്തികൾക്ക് തദ്ദേശ സ്ഥാപന മേധാവിയുടെ അനുമതിയോടെ പന്നിയെ വെടിവച്ചു കൊല്ലാം. എന്നാൽ എല്ലാ പഞ്ചായത്തിലും ലൈസൻസുള്ള തോക്ക് ഉടമകൾ ഇല്ല. പുതുക്കാനുള്ള അപേക്ഷകൾ പോലും കെട്ടിക്കിടക്കുകയാണ്. രാത്രി ഉറക്കമൊഴിഞ്ഞ് പന്നിയെ വെടിവയ്ക്കാൻ തോക്കുള്ളവരിൽ മിക്കവരെയും കിട്ടാറുമില്ല. നിലവിൽ തോക്ക് ലൈസൻസുള്ളവരിൽ ഭൂരിഭാഗവും 75 വയസിന് മുകളിലുള്ളവരാണ്. അനാരോഗ്യം കാരണം ഇവരുടെ സേവനം ബുദ്ധിമുട്ടാണ്.
നഷ്ടപരിഹാരം തുച്ഛം
കാട്ടുമൃഗങ്ങൾ അപായപ്പെട്ടാൽ ഉത്തരവാദിത്വം കർഷകർക്കുമേൽ കെട്ടിവയ്ക്കുന്നു
പ്രദേശത്തെക്കുറിച്ച് ധാരണയുള്ളവർ ഇറങ്ങിയാലെ പന്നിയെ കണ്ടെത്താനാകൂ
കർഷകർക്കുണ്ടാകുന്ന കൃഷി നാശത്തിന് ലഭിക്കുന്നത് തുച്ഛമായ നഷ്ടപരിഹാരം
കഴിഞ്ഞ വർഷം : 30 ലക്ഷം രൂപയുടെ കൃഷിനാശം
''അധികൃതർ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ വൻഅപകടങ്ങൾക്കിടയാക്കും. വാഹനങ്ങൾക്ക് കുറുകെ കാട്ടുപന്നികൾ ചാടുന്നത് ഭീതിയിലാഴ്ത്തുന്നത്. വനംവകുപ്പ് അടിയന്തരമായി ഇടപെടണം.
-പോൾസൺ, കോരുത്തോട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |