തിരുവനന്തപുരം: ലോകോത്തര സർവകലാശാലയായ ഓക്സ്‌ഫോർഡിൽ പഠിക്കണമെങ്കിൽ സ്കൂൾതലം മുതൽ ഉയർന്ന പഠനനിലവാരം ആവശ്യമാണോ? പഠിപ്പിസ്റ്റുകൾക്ക് മാത്രമാണോ ഇവിടെ സ്കോളർഷിപ്പുകൾ കിട്ടുന്നത്? അല്ലെന്നാണ് തിരുവനന്തപുരം നന്ദൻകോട് സ്വദേശി ആത്മ എസ്.കുമാറിന്റെ അഭിപ്രായം. സ്കൂൾകാലത്ത് ശരാശരി വിദ്യാർത്ഥിയായിരുന്ന ആത്മ ഓക്സ്‌ഫോർഡ് സർവകലാശാലയിൽ പഠിക്കുന്നതിന് മുഴുവൻ ചെലവുകളും ലഭിക്കുന്ന ചെവ്നിംഗ് സ്‌കോളർഷിപ്പും വൈഡൻഫെൽഡ് ഹോഫ്‌മാൻ സ്‌കോളർഷിപ്പും ഒരേസമയം കരസ്ഥമാക്കിയിരിക്കുകയാണ്. വിദേശകാര്യ,കോമൺവെൽത്ത് ആൻഡ് ഡെവലപ്‌മെന്റ് ഓഫീസാണ് നേതൃത്വശേഷിക്ക് ചെവ്നിംഗ് സ്‌കോളർഷിപ്പ് നൽകുന്നത്. സ്കോളർഷിപ്പ് നേടിയെടുത്ത വഴിയെക്കുറിച്ച് ആത്മ കേരളകൗമുദിയോട് സംസാരിച്ചു.
സ്കോളർഷിപ്പിനെകുറിച്ച് അറിയുന്നത്?
ഹോളി ഏഞ്ചൽസ് സ്‌കൂളിലെ പഠനത്തിന് ശേഷം ഗുജറാത്ത് നാഷണൽ ലാ യൂണിവേഴ്സിറ്റിയിൽ ബി.എസ്.സി എൽ.എൽ.ബിക്ക് ചേർന്നു. അവിടുത്തെ സീനിയേർസ് മുഖേന സ്കോളർഷിപ്പിനെക്കുറിച്ച് അറിഞ്ഞു. ലോണെടുത്ത് വിദേശത്ത് പഠിക്കുന്നത് താത്പര്യമില്ലായിരുന്നു. സ്കോളർഷിപ്പ് കിട്ടാൻ മികച്ചൊരു പോർട്ട്ഫോളിയോ വേണം. അതിനായി ലാ യൂണിവേഴ്സിറ്റിക്ക് ശേഷം ഡൽഹി നാഷണൽ ലാ സർവകലാശാലയിൽ പ്രോജക്ട് 39എ(സ്ക്വയർ സർക്കിൾ ക്ലിനിക്ക്)എന്നൊരു സ്ഥാപനത്തിൽ പ്രവർത്തിച്ചു. തൂക്കുകയറ് ലഭിക്കുന്നവർക്കായി സുപ്രീംകോടതിയിലും ഹൈക്കോടതിയിലും ഹാജരാകേണ്ടതായിരുന്നു ജോലി. ഞാൻ വാദിച്ച പലരെയും വെറുതെവിട്ടിട്ടുണ്ട്. അങ്ങനെ പോർട്ട്ഫോളിയോ ഉണ്ടാക്കിയെടുത്തു.
സ്കോളർഷിപ്പിലൂടെയുള്ള നേട്ടങ്ങൾ?
പബ്ലിക്ക് പോളിസിയിൽ ഒരുവർഷത്തെ മാസ്റ്റേഴ്സ് കോഴ്സാണ് ഞാൻ തിരഞ്ഞെടുത്തത്. ഒരു ചെലവും ഞാൻ വഹിക്കേണ്ടതില്ല. യുകെയിലേയ്ക്കുള്ള വിസയും ഫ്ലൈറ്റ് ടിക്കറ്റും വരെ അവരാണ് ബുക്ക് ചെയ്തത്. ഞാൻ യുകെയിൽ എത്തിയപ്പോൾ തന്നെ അടുത്തമാസത്തെ സ്റ്റൈപൻഡ് ഉൾപ്പെടെ 2,50,000 രൂപ എന്റെ അക്കൗണ്ടിലുണ്ടായിരുന്നു.
എങ്ങനെ അപേക്ഷിക്കും?
ഓക്സ്‌ഫോർഡിന്റെയും ചെവ്നിംഗിന്റെയും സൈറ്റിൽ വിവരങ്ങൾ ലഭിക്കും. വിദേശപഠനത്തിന് സഹായിക്കുന്ന ഏജൻസികളിൽ പലതും ഇത്തരം സ്കോളർഷിപ്പുകളുടെ കാര്യം പറയുന്നില്ല. നിയമം മാത്രമല്ല. ടെക്ക്,മാനേജ്മെന്റ് പോലുള്ള മേഖലകളിലും സ്കോളർഷിപ്പിന് അപേക്ഷിക്കാം. കരിയർ പ്ലാൻ, യു.കെ പഠനം എന്നിങ്ങനെ നാല് വിഷയങ്ങളിൽ ഉപന്യാസങ്ങൾ എഴുതി അയയ്ക്കണം. അതിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക് ഓൺലൈനായി അഭിമുഖം. ഈ വർഷത്തെ ചെവ്നിംഗ് സ്കോളർഷിപ്പിന് പോർട്ടൽ ഓപ്പണാണ്.
വിജയസാദ്ധ്യത?
ചെവ്നിംഗ് സ്‌കോളർഷിനായി ലോകത്തിൽ ഒരുലക്ഷം പേർ അപക്ഷേിക്കുമ്പോൾ ഒരുശതമാനത്തിന് താഴെ മാത്രമാണ് ലഭിക്കുന്നത്. ഇന്ത്യയിൽ 50000 പേർ അപക്ഷേിക്കുമ്പോൾ 100 പേർക്കാണ് ലഭിക്കുന്നത്.
സ്കൂൾ ടോപ്പറായിരുന്നോ?
ഒരിക്കലുമല്ല. സഹപാഠികൾ മെഡിസിനും എൻജിനിയറിംഗും തിരഞ്ഞെടുത്തപ്പോൾ ഞാൻ നിയമമെടുത്തു. എനിക്ക് അതിലായിരുന്നു ആത്മവിശ്വാസം. എനിക്കൊപ്പം മാസ്റ്റേഴ്സ് ചെയ്യുന്നവരിൽ 50 ശതമാനത്തിലധികം പെൺകുട്ടികളാണ്. ടയർ2,ടയർ3 നഗരങ്ങളിൽ നിന്നുള്ള ധാരാളം പേരുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |