മുഹമ്മ : 29 വർഷം മുമ്പ് പുത്തനങ്ങാടിയിലെ ബീന ടെക്സ്റ്റൈൽസിൽ നിന്നും തുണിത്തരങ്ങൾ മോഷ്ടിച്ചതിന് പിടയിലായ ശേഷം ജാമ്യത്തിലിറങ്ങി ഒളിവിൽപ്പോയ പ്രതിയെ പിടികൂടി. ചേർത്തല പാണാവള്ളി പഞ്ചായത്ത് ആറാം വാർഡിൽ വിനോദ് ഭവനത്തിൽ വേണുഗോപാലൻ നായരാണ് (69) മുഹമ്മ പൊലീസിന്റെ പിടിയിലായത്. 1996 സെപ്തംബർ 7നാണ് രാത്രി ആണ് വേണുഗോപാലൻ നായരും കൂട്ടുപ്രതിയായ തമിഴ്നാട് ആമ്പല്ലൂർ സ്വദേശി കുഞ്ഞുമോനും ചേർന്ന് ബീന ടെക്സ്റ്റൈൽസിന്റെ മേൽക്കൂര പൊളിച്ച് അകത്തു കയറി തുണിത്തരങ്ങൾ മോഷ്ടിച്ചത്. ഈ കേസിൽ ജാമത്തിൽ ഇറങ്ങിയ വേണുഗോപാലൻ നായർ അന്ന് താമസിച്ചിരുന്ന പള്ളിപ്പുറത്ത് നിന്നും മുങ്ങി കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ എന്ന സ്ഥലത്ത് ഒളിവിൽ താമസിച്ച് വരികയായിരുന്നു. അവിടെ ഹോട്ടൽ തൊഴിലാളിയായും ഓട്ടോറിക്ഷ ഡ്രൈവറായും ജോലി നോക്കി. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ഈ വേണുഗോപാലൻ നായർ കൊട്ടിയൂരിലെ ഒരു പ്രദേശവാസിയായ സ്ത്രീയെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ ഒരു കുട്ടിയുണ്ട്. ഏതാനും വർഷങ്ങൾക്കു മുമ്പ് കൊട്ടിയൂരിലെ കുടുംബത്തെ ഉപേക്ഷിച്ചതിനു ശേഷം വീണ്ടും നാട്ടിലെത്തിയ വേണുഗോപാലൻ നായർ ആദ്യ ഭാര്യയോടും മക്കളോടും ഒപ്പം പാണാവള്ളി അരയങ്കാവിൽ പുതിയ മേൽവിലാസത്തിൽ താമസിച്ചു വരികയായിരുന്നു. എറണാകുളത്ത് പള്ളികളിൽ മെഴുകുതിരികളും മറ്റും കച്ചവടം നടത്തി വരികയായിരുന്നു ഇയാൾ. എ എസ് പി ഹാരിഷ് ജയിന്റെ നിർദ്ദേശാനുസരണം മുഹമ്മസി.ഐ ലൈസാദ് മുഹമ്മദ്, സീനിയർ സി.പി.ഒ സുഹാസ്, സി.പി.ഒ അബിൻകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിൽ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |