ലക്നൗ: ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന മദ്രസയിൽ നടത്തിയ പരിശോധനയിൽ പ്രായപൂർത്തിയാകാത്ത നാല്പതോളം പെൺകുട്ടികളെ ടോയ്ലെറ്റിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി. ഒമ്പതിനും 14നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെയാണ് ടോയ്ലെറ്റിനുള്ളിൽ നിന്ന് കണ്ടെത്തിയതെന്ന് പായഗ്പൂർ സബ് കളക്ടർ അശ്വനികുമാർ പാണ്ഡെ വാർത്താഏജൻസിയോട് പറഞ്ഞു.
പഹൽവാര ഗ്രാമത്തിലെ മദ്രസയിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന സംഭവം.
സ്ഥാപനത്തിന്റെ രജിസ്ട്രേഷനും നിയമപരമായ കാര്യങ്ങളും പരിശോധിക്കാൻ ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസർ മുഹമ്മദ് ഖാലിദിന് നിർദ്ദേശം നൽകിയിട്ടുണ്ട്. രജിസ്ട്രേഷൻ ഇല്ലാതെയാണ് മദ്രസ മൂന്നുവർഷമായി പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. മദ്രസ നടത്തിപ്പുകാർക്ക് രജിസ്ട്രേഷൻ രേഖകൾ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
മദ്രസയിൽ എട്ടുമുറികളുണ്ടായിട്ടും പെൺകുട്ടികൾ ടോയ്ലെറ്റിൽ ഒളിച്ചത് എന്തിനെന്ന ചോദ്യത്തിന് കൃത്യമായ വിശദീകരണം നൽകാൻ നടത്തിപ്പുകാർക്ക് കഴിഞ്ഞിട്ടില്ല. ബഹളത്തിനിടെ പരിഭ്രാന്തരായി അവർ ടോയ്ലെറ്റിനകത്ത് കയറി സ്വയം പൂട്ടിയിട്ടതാണെന്നാണ് ഒരു അദ്ധ്യാപകൻ അവകാശപ്പെട്ടത്. സ്ഥാപനം അടച്ചുപൂട്ടാൻ പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം സംഭവത്തിൽ ഇതുവരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പരാതികൾ ലഭിക്കുന്ന പക്ഷം തുടർനടപടി സ്വീകരിക്കുമെന്നും എ.എസ്.പി രാമാനന്ദ് പ്രസാദ് കുശ്വാഹ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |