അണ്ടർ 17 സുബ്രതോ കപ്പ് ഫുട്ബാളിൽ ആദ്യമായി കേരളം ജേതാക്കൾ
ന്യൂഡൽഹി : സുബ്രതോ കപ്പ് ദേശീയ സ്കൂൾ ഫുട്ബാൾ ടൂർണമെന്റിൽ അണ്ടർ 17 ആൺകുട്ടികളുടെ വിഭാഗത്തിൽ കിരീടം ചൂടി കേരളം. ചരിത്രത്തിൽ ആദ്യമായാണ് കേരളം സുബ്രതോ കപ്പ് സ്വന്തമാക്കുന്നത്. ഗോകുലം കേരള എഫ്.സി പരിശീലനം നൽകുന്ന കോഴിക്കോട് ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂളാണ് ടൂർണമെന്റിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. ഫൈനലിൽ സി.ബി.എസ്.ഇയെ പ്രതിനിധീകരിച്ച് ഇറങ്ങിയ അമിനിറ്റി സ്കൂളിനെയാണ് കേരളം കീഴടക്കിയത്. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു വിജയം.
എല്ലാ സംസ്ഥാനങ്ങളിൽ നിന്നും സി.ബി.എസ്.ഇ ഉൾപ്പടെയുള്ള ബോർഡുകളിൽ നിന്നുമുള്ള ടീമുകളെ ഉൾപ്പെടുത്തി ഇന്ത്യൻ എയർഫോഴ്സാണ് സുബ്രതോ കപ്പ് സംഘടിപ്പിക്കുന്നത്. മേഘാലയ,ഛത്തിസ്ഗഡ് , ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകൾ കൂടി ഉൾപ്പെട്ട പൂൾ എച്ചിൽ നിന്ന് ഒന്നാമന്മാരായാണ് കേരളം നോക്കൗട്ടിലേക്ക് കടന്നത്. സെമിയിൽ മിസോറാമിൽ നിന്നുള്ള ആർ.എം.എസ്.എ സ്കൂളിനെയാണ് തോൽപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |