അടിയന്തര യോഗത്തിൽ ഇൻലാൻഡ് നാവിഗേഷനും റോഡ് ഫണ്ട് ബോർഡിനും വിമർശനം
തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ട് ദിവസമായി പെയ്യുന്ന മഴയിൽ, വീടുകളിൽ വെള്ളം കയറുന്ന തരത്തിലേക്ക് കെടുതി വിതച്ചതിന് കാരണം പൊഴി മുറിക്കുന്നതിലെ വീഴ്ച. പൊഴി മുറിക്കാൻ വ്യാഴാഴ്ച നൽകിയ നിർദ്ദേശം അവഗണിച്ച കരാറുകാരൻ ഇന്നലെയാണ് പൊഴി മുറിച്ചത്. നിർദ്ദേശം ലഭിച്ച് രണ്ട് മണിക്കൂറിനുള്ളിൽ പൊഴിമുറിക്കണമെന്നാണ് ചട്ടം. ഇത് പാലിച്ചിരുന്നെങ്കിൽ ഇന്നലെ വീടുകളിൽ വെള്ളം കയറില്ലായിരുന്നു. മഴക്കെടുതി സംബന്ധിച്ച് മന്ത്രി വി.ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിൽ അനാസ്ഥയ്ക്കെതിരെ രൂക്ഷവിമർശനം ഉയർന്നു.
കളക്ടർ അനുകുമാരി പൊഴിമുറിക്കുന്നതിൽ വീഴ്ചയുണ്ടായതായി യോഗത്തെ അറിയിച്ചു. കരാറുകാരന് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്ന് പറഞ്ഞ കളക്ടർ വീഴ്ച ജലസേചന മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും വ്യക്തമാക്കി.
യഥാസമയം പൊഴിമുറിക്കാത്തതിനാൽ ആമയിഴഞ്ചാൻ തോട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. തുടർന്ന് കരിക്കകം,ഗൗരീശപട്ടം,വള്ളക്കടവ്,കാരാളി,ആറന്നൂർ,ചാല,കുര്യാത്തി ഭാഗങ്ങളിലെ വീടുകളിൽ വെള്ളം കയറി.കിഴക്കേകോട്ടയിലും തമ്പാനൂരിലും മാലിന്യങ്ങൾ നിറഞ്ഞ വെള്ളക്കെട്ടുണ്ടായത് കാൽനടയാത്രക്കാരെയും ബൈക്ക് യാത്രികരെയും വലച്ചു.
ചിലഭാഗങ്ങളിൽ കടകളിൽ വെള്ളം കയറാൻ കാരണം ഓടകൾ വൃത്തിയാക്കുന്നതിൽ റോഡ് ഫണ്ട് ബോർഡിന്റെ വീഴ്ചയാണെന്ന് യോഗം ചൂണ്ടിക്കാണിച്ചു.
ചെളി,മണൽ,ചെടികൾ എന്നിവ നീക്കം ചെയ്ത് പാർവതീ പുത്തനാറിലേക്കുള്ള നീരൊഴുക്ക് സുഗമമാക്കുന്നതിൽ ഇൻലാൻഡ് നാവിഗേഷന് വീഴ്ചയുണ്ടായതായി യോഗം വിലയിരുത്തി. ഇൻലാൻഡ് നാവിഗേഷന്റെ ഉദ്യോഗസ്ഥർ മീറ്റിംഗിൽ പങ്കെടുക്കാത്തത് വിമർശനത്തിന് ഇടയാക്കി.
മന്ത്രി മുഹമ്മദ് റിയാസ്,എം.എൽ.എമാരായ ആന്റണി രാജു,വി.കെ.പ്രശാന്ത്,വി.ജോയി,എം.വിൻസന്റ്,കെ.ആൻസലൻ,ഐ.ബി.സതീഷ്,സി.കെ.ഹരീന്ദ്രൻ,ജി.സ്റ്റീഫൻ,കളക്ടർ അനുകുമാരി,മേയർ ആര്യാ രാജേന്ദ്രൻ എന്നിവരാണ് അടിയന്തരയോഗത്തിൽ പങ്കെടുത്തത്.
പൊതുമരാമത്ത് റോഡുകളിലെ വെള്ളക്കെട്ട് ഇന്നലെ വൈകിട്ടോടെ പി.ഡബ്ല്യു.ഡിയുടെ നേതൃത്വത്തിൽ നീക്കി. റോഡ് ഫണ്ട് ബോർഡിന്റെ റോഡുകളിലെ വെള്ളവും നീക്കംചെയ്തു. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ കൃഷിനാശം,വെള്ളക്കെട്ട്,മഴക്കെടുതി എന്നിവ സംബന്ധിച്ച് എം.എൽ.എമാർ യോഗത്തിൽ വിശദീകരിച്ചു. വ്യാഴാഴ്ച യെല്ലോ അലർട്ട് ആയിരുന്നെങ്കിലും കൂടുതൽ മഴ പെയ്തതും കെടുതികൾ വർദ്ധിപ്പിച്ചു.
24 മണിക്കൂർ കൺട്രോൾ റൂം
ഉദ്യോഗസ്ഥരുടെ ലീവ് റദ്ദാക്കി
മഴ കനത്ത സാഹചര്യത്തിൽ കളക്ടറേറ്റ്, താലൂക്ക് ഓഫീസ്, കോർപറേഷൻ എന്നിവിടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾറൂം തുറക്കാൻ തീരുമാനമായി. ജനങ്ങളെ മാറ്റി പാർപ്പിക്കേണ്ടിവന്നാൽ ക്യാമ്പുകൾ സജ്ജമാക്കാൻ കളക്ടർക്ക് നിർദ്ദേശം നൽകി. റവന്യു വകുപ്പിലെയും ബന്ധപ്പെട്ട വകുപ്പുകളിലെയും ഉദ്യോഗസ്ഥരുടെ ലീവ് റദ്ദാക്കാനും യോഗം തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |