കണ്ണൂർ : മരക്കാർ കണ്ടിയിൽ നിർമ്മിക്കുന്ന മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ ടെൻഡർ സുതാര്യമല്ലെന്നാരോപിച്ച് ഇന്നലെ ചേർന്ന കോർപറേഷൻ കൗൺസിലിൽ യോഗത്തിൽ
പ്രതിപക്ഷബഹളം.ആരെയോ സഹായിക്കാൻ വേണ്ടിയാണ് സുതാര്യമല്ലാതെ ടെൻഡർ വിളിച്ചതെന്ന് സി.പി.എം കൗൺസിലറായ എൻ.സുകന്യ ആരോപിച്ചു.
അതെ സമയം സർക്കാർ നിർദേശിച്ച കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് ടെൻഡർ വിളിച്ചതെന്നായിരുന്നു മേയർ മുസ്ലീഹ് മഠത്തിലിന്റെ വിശദീകരണം.പയ്യാമ്പലം ശ്മശാനത്തിലെ കരാർ പുതുക്കി നൽകാൻ വന്നതിലെ കാലതാമസവും കൗൺസിൽ യോഗത്തിൽ ചർച്ചയായി. കരാർ ജീവനക്കാരന് കരാറും പഴയ കാലയളവിലെ വേതനവും പുതുക്കി നൽകുന്നതിനും കൗൺസിൽ തീരുമാനിച്ചു. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനപ്രകാരം വെരിഫിക്കേഷന് ഹാജരാവാത്ത ഓട്ടോറിക്ഷകളുടെ കെ.സി നമ്പർ റദ്ദ് ചെയ്യാനും കോർപ്പറേഷൻ കൗൺസിൽ തീരുമാനിച്ചു.
തെക്കീ ബസാറിലെ ആനക്കുളം വൃത്തിയായി സൂക്ഷിക്കുന്നതിന് വാച്ച്മാനെ നിയമിക്കണമെന്ന്
കൗൺസിലർ അഡ്വ.പി. കെ. അൻവർ കൗൺസിലിന് മുന്നിൽ വച്ചു.
പയ്യാമ്പലത്ത് എല്ലാം പഴയപടി
പയ്യാമ്പലം ശ്മശാനത്തിലെ ശോചനീയാവസ്ഥയിൽ ശാശ്വത പരിഹാരം കാണാനാവുന്നില്ലെന്നായിരുന്നു കൗൺസിലിൽ ബി.ജെ.പി അംഗമായ വി.കെ. ഷൈജുവിന്റെ ആരോപണം.പയ്യാമ്പലത്തെ വേണ്ടാത്ത ഇടമായി കാണുന്ന അവസ്ഥ അവസാനിപ്പിക്കണമെന്ന് സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.കെ.രാഗേഷും ആരോപിച്ചു. എന്നാൽ പയ്യാമ്പലം ശ്മശാനം മനോഹരമാക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുന്നുവെന്നാണ് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ സുരേഷ്ബാബു എളയാവൂർ വിശദീകരിച്ചത്. അതെസമയം കൂട്ടായ ഇടപെടലിന്റെ ഭാഗമായി ശ്മശാനത്തിലെ സ്ഥിതിയിൽ മാറ്റം വന്നിട്ടുണ്ടെന്ന് പ്രതിപക്ഷ കൗൺസിലർ ടി.രവീന്ദ്രൻ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |