ആലപ്പുഴ: പാല ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ പിണറായി വിജയൻ സർക്കാരിനെ ജനങ്ങൾ അംഗീകരിച്ചെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പിണറായി വിജയൻ സർക്കാരിന്റെ ചൂണ്ടുപലകയാണ് പാല ഉപതിരഞ്ഞെടുപ്പെന്ന് പലരും വിലയിരുത്തിയിരുന്നു. അത് അംഗീകരിക്കുന്നെങ്കിൽ ഇത് പിണറായിയുടെ വിജയമാണെന്ന് ആർത്തിച്ചു പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആലപ്പുഴയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.എൻ.ഡി.പി സ്വീകരിച്ച നിലപാട് കൊണ്ടു മാത്രമല്ല മാണി സി.കാപ്പൻ വിജയിച്ചത്. പാലാ ബിഷപ്പ് പോലും കാപ്പനെ പിന്തുണച്ചു. ബിഷപ്പിന് കേരള കോൺഗ്രസിനോട് താൽപര്യമില്ലായിരുന്നു. ജോസ് കെ മാണിക്ക് കഴിവില്ലെന്ന് അണികൾ പോലും പറഞ്ഞു. എല്ലാവരും കാപ്പൻ വിജയിക്കുമെന്ന് പറഞ്ഞു. അധികാരത്തിന് വേണ്ടി എന്ത് തറവേലയും കാണിക്കുന്നവരെ പുറത്തുനിർത്തണമെന്ന വികാരം പാലായിലെ ജനങ്ങൾക്കുണ്ടായിരുന്നു- വെള്ളാപ്പള്ളി പറഞ്ഞു.
അരൂരിൽ ബി.ഡി.ജെ.എസ് ഇല്ലെങ്കിൽ ബി.ജെ.പി മത്സരിക്കുമായിരിക്കും.കേരളത്തിൽ ബി.ജെ.പിക്കാർക്ക് സംഘടന കൊണ്ടുനടക്കാനുള്ള പ്രാപ്തിയില്ല. കൂട്ടായ്മയില്ല, എൻ.ഡി.എയിലെ ഘടകക്ഷികളെ അവർതന്നെ പുറത്തുചാടിക്കാൻ നോക്കുന്നു. പാലായിൽ വോട്ട് മറിച്ചെന്ന് പറഞ്ഞ നേതാവിനെതിരെ നടപടിയെടുത്തു. എന്നാൽ അതിന്റെ കുറ്റം ബി.ഡി.ജെ.എസിനുമേൽ ചാർത്തി. ബി.ഡി.ജെ.എസ് വോട്ടുമറിച്ചെന്ന് പറഞ്ഞു. ബി.ജെ.പി. കൂടെനിൽക്കുന്നവരെ നുള്ളിയും മാന്തിയും കളിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ അരൂരിലെ ജയസാദ്ധ്യത പറയാറായിട്ടില്ലെന്ന് വെളളാപ്പളളി നടേശൻ പറഞ്ഞു. സമുദായമല്ല തന്നെ നിശ്ചയിച്ചതെന്ന് ഷാനിമോൾ പറഞ്ഞെങ്കിൽ അങ്ങനെ ആകട്ടെ. ഷാനിമോളെ കാന്തപുരമാണ് പറഞ്ഞുവിട്ടതെന്ന് കേട്ടെന്നും വെളളാപ്പളളി പറഞ്ഞു. കോന്നിയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർദേശിച്ചത് എന്‍.എസ്.എസാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |