ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിൽ ആട്ടയോലിയിൽ കർഷകനായ വള്ളികാവുങ്കൽ മാത്യു കടുവയെ കണ്ട സ്ഥലത്ത് വനംവകുപ്പ് രണ്ടു കാമറകൾ സ്ഥാപിച്ചു. സുരക്ഷയെ മുൻനിർത്തി കടുവയെ കൂടുവച്ചു പിടികൂടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ കൊട്ടിയൂർ റേഞ്ചർക്ക് പരാതി നൽകിയതിനെ തുടർന്നാണ് കാമറകൾ സ്ഥാപിച്ചത്.
വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ സഞ്ചരിക്കുന്ന പഞ്ചായത്ത് റോഡിൽ ജനങ്ങളുടെ ജീവനം സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തണമെന്ന് നാട്ടുകാർ വനംവകുപ്പിനോട് ആവശ്യപ്പെട്ടു.
കടുവയെ കണ്ട ആട്ടിയോലി മേഖലയിൽ കാടുകയറി കിടക്കുന്ന സ്ഥലങ്ങൾ കാടുവെട്ടിത്തെളിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ട്.
'കടുവ ഇവിടെത്തന്നെയുണ്ട്"
കഴിഞ്ഞദിവസം പിടികൂടിയ കാട്ടുപന്നിയുടെ ബാക്കിവന്ന ശരീരഭാഗം ഇപ്പോൾ കാണാതായിട്ടുണ്ട്. കടുവ തിരിച്ചെത്തി പന്നിയെ കടിച്ചുകൊണ്ടുപോയിട്ടുണ്ടാകുമെന്നാണ് മാത്യു അടക്കമുള്ള നാട്ടുകാർ പറയുന്നത്.
പെട്രോളിംഗ് നടത്തുമെന്ന് വനംവകുപ്പ്
നാട്ടുകാരനായ കർഷകൻ കടുവയെ കണ്ട പ്രദേശത്ത് പടക്കം പൊട്ടിച്ച് കാട്ടിലേക്ക് തുരത്താനുള്ള നടപടികൾ ആരംഭിച്ചതായി കൊട്ടിയൂർ റേഞ്ചർ ടി.നിഥിൻരാജ് പറഞ്ഞു . അതെ സമയം കർഷകൻ കണ്ടത് കടുവ ആണോ പുലിയാണോ എന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു . മൃഗം വീണ്ടും എത്തുന്നുണ്ടോ എന്നറിയാൻ പ്രദേശത്ത് രണ്ട് കാമറകൾ സ്ഥാപിച്ചതായി അദ്ദേഹം പറഞ്ഞു . പടക്കം പൊട്ടിച്ച് ശബ്ദം ഉണ്ടാക്കിയതോടെ വന്യമൃഗം കാട്ടിലേക്ക് കയറി എന്നാണ് നിലവിൽ വനംവകുപ്പിന്റെ നിഗമനം. മേഖലയിൽ നിരീക്ഷണം അടുത്ത ദിവസവും തുടരുമെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |