കോന്നി : മലയാള ചലച്ചിത്രഗാന ശാഖയ്ക്ക് വാക്കിന്റെ വിസ്മയംകൊണ്ട് വേറിട്ട സൗന്ദര്യം നൽകിയ കോന്നിയൂർ ഭാസിനെ വീണ്ടും ഓർമ്മയിലെത്തിച്ച് കോന്നി റിപ്പബ്ളിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ. ഭാസിന്റെ ജൻമനാട്ടിൽ അദ്ദേഹത്തിന് സ്മാരകമായാണ് സ്‌കൂളിലെ ലിറ്റിൽ കൈറ്റസ് പാട്ടെഴുത്തിന്റെ ഭാസിസം എന്ന ഡോക്യുമെന്ററി തയ്യാറാക്കിയത്.
ശേഷം കാഴ്ച എന്ന സിനിമയിലെ 'മോഹം കൊണ്ടു ഞാൻ,' 'കണ്ണുകളിൽ പൂവിരിയും,' കാര്യം നിസാരത്തിലെ 'കൺമണി പൊൻമണിയെ,' അഹത്തിലെ 'നന്ദി ആരോടു ഞാൻ ചൊല്ലേണ്ടു,' കളിപ്പാട്ടത്തിലെ 'മൊഴിയഴകും മിഴിയഴകും' എന്നിങ്ങനെ നിരവധി നിത്യഹരിത ചലച്ചിത്ര ഗാനങ്ങളുടെ രചയിതാവാണ് കോന്നിയൂർ ഭാസ്. 1951ലായിരുന്നു ജനനം.സ്‌കൂൾ പഠനകാലത്ത് കവിതകളെഴുതിയായിരുന്നു തുടക്കം. യൗവനകാലത്ത് ആകാശവാണിയിൽ നിരവധി പാട്ടുകളെഴുതി സംപ്രേഷണം ചെയ്തു.. മാദ്ധ്യമപ്രവർത്തകനായതോടെ കോന്നി വിട്ട് തിരുവനന്തപുരം തട്ടകമാക്കി. ബാലചന്ദ്രമേനോൻ, വേണു നാഗവള്ളി, രാജീവ്നാഥ് എന്നിവർക്കൊപ്പം സംവിധാന സഹായിയായും പ്രവർത്തിച്ചു.
1975ൽ പുറത്തിറങ്ങിയ ചന്ദനച്ചോല എന്ന ചിത്രത്തിൽ കെ. ജെ. ജോയിയുടെ സംഗീതത്തിൽ 'ലവ് ലി ഈവനിംഗ്' എന്നു തുടങ്ങുന്ന ഗാനമെഴുതിയായിരുന്നു സിനിമയിൽ കോന്നിയൂർ ഭാസിന്റെ തുടക്കം. ജി. ദേവരാജൻ, എം.കെ. അർജ്ജുനൻ, എ.ടി ഉമ്മർ തുടങ്ങിയവർക്കൊപ്പവും പ്രവർത്തിച്ചു .തുടർച്ചയായി അവസരങ്ങൾ കിട്ടാതെ പോയത് ഭാസിനെ പലപ്പോഴും നിരാശനാക്കിയിരുന്നു.ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് 45-ാം വയസിൽ 1996 ഡിസംബർ രണ്ടിനായിരുന്നു മരണം.
സ്കൂളിലെ അദ്ധ്യാപികയായ അപ്സര പി. ഉല്ലാസിന്റെ നേതൃത്വത്തിലാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്. കോ ഓഡിനേറ്റർ: വിധു ആർ, ക്യാമറ: ജിജു വിഷ്വൽസ്. അനദ്ധ്യാപകനായ ഗിരീഷ്‌കുമാർ, വിദ്യാർത്ഥി ആദിദേവ് എന്നിവരാണ് കോന്നിയൂർ ഭാസായി അഭിനയിച്ചിരിക്കുന്നത്.
കോന്നിയൂർ ഭാസിന്റെ ഗാനങ്ങൾ
മോഹം കൊണ്ടു ഞാൻ...
കണ്ണുകളിൽ പൂവിരിയും..
കൺമണി പൊൻമണിയെ...
നന്ദി ആരോടു ഞാൻ ചൊല്ലേണ്ടു..
മൊഴിയഴകും മിഴിയഴകും....
കോന്നി റിപ്പബ്ളിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ലിറ്റിൽ കൈറ്റസ് ഒരുക്കിയ ഡോക്യുമെന്ററി ശ്രദ്ധേയമായി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |