തൃശൂർ: പല മാർഗങ്ങളിലൂടെ നാട്ടിലെത്തുന്ന വിവരം ലഭിച്ചാലും സ്ഥലത്തെത്തുമ്പോഴേയ്ക്കും കൈമറിഞ്ഞ് പേകുന്നതിനാൽ ഒഡീഷയിലെ ഗ്രാമങ്ങളിൽ നിന്നുള്ള കഞ്ചാവ് പിടികൂടാനാകാതെ ഉദ്യോഗസ്ഥർ. ബസുകളിലും ട്രെയിനുകളിലുമാണ് കൂടുതൽ എത്തുന്നത്. വാഹനങ്ങളിൽ അതിർത്തി കടക്കാൻ വ്യാജസ്റ്റിക്കറുകൾ പതിപ്പിച്ച് ഉദ്യോഗസ്ഥരെ കബളിപ്പിക്കും. ഇതിൽ കണ്ണികളാകുന്നത് ഏറെയും യുവാക്കളാണ്. പിടിയിലാവുന്നവരിൽ പലരും പ്രായപൂർത്തിയാകാത്തവരാണ്. അങ്ങനെ യഥാർത്ഥ കഞ്ചാവ് കടത്തുകാർ രക്ഷപ്പെടും. അന്വേഷണ ഉദ്യോഗസ്ഥർക്ക് മറ്റ് സംസ്ഥാനങ്ങളിൽ പോയി പ്രതികളെ പിടികൂടാനും എളുപ്പമല്ല. രണ്ടു വർഷം മുൻപ് ഒഡിഷയിലെത്തിയ കേരള പൊലീസ് കണ്ടത് അഡബ പൊലീസ് സ്റ്റേഷനുമുകളിൽ പിടിച്ചെടുത്ത 20,000 കിലോഗ്രാം കഞ്ചാവായിരുന്നു. ഒരു വർഷം പിടികൂടുന്നത് ഇതിന്റെ ഇരട്ടിയിലേറെ വരുമെന്നാണ് ഒഡീഷ പൊലീസിന്റെ കണക്ക്. മാവോയിസ്റ്റുകളുടെ ആക്രമണം ഭയന്ന് പൊലീസുകാർ മുൻപ് കേസെടുക്കുന്നതും പരിശോധന നടത്തുന്നതും വളരെ കുറവായിരുന്നു. ഏതാനും വർഷങ്ങളെ ആയുള്ളു പൊലീസ് കഞ്ചാവ് കൃഷി നടത്തുന്നവരെ പിടികൂടാൻ തുടങ്ങിയിട്ട്.
ഡിസംബറിൽ ഒഴുക്ക് കൂടും
ഡിസംബറിൽ കഞ്ചാവ് ഉണങ്ങുന്നതോടെയാണ് വിളവെടുപ്പ്. അതുകഴിഞ്ഞാൽ കേരളം അടക്കമുളള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് പുതുവത്സര ആഘോഷങ്ങൾക്കായി കഞ്ചാവ് കൂടുതലായി ഒഴുകും. ഒഡീഷയിൽ തോക്കുകൾ അടക്കമുള്ള ആയുധങ്ങളേന്തിയാണ് കഞ്ചാവ് കൃഷിക്കാർ പൊലീസിനെയും മറ്റ് അന്വേഷണ ഉദ്യോഗസ്ഥരേയും നേരിടുന്നത്. സ്ത്രീകളും കുട്ടികളും അടക്കം കൃഷി നടത്താനും കഞ്ചാവ് കടത്താനുമുണ്ടെന്ന് പറയുന്നു. പൊലീസ് പിടികൂടുന്ന പ്രതികളെ ബലം പ്രയോഗിച്ച് മോചിപ്പിക്കുന്നതും പൊലീസ് സ്റ്റേഷൻ ആക്രണമവും പതിവാണ്.
ദാരിദ്ര്യം, കഞ്ചാവ് വിറ്റ് പണമുണ്ടാക്കും
ഇന്ത്യയിലെ ദരിദ്ര ജില്ലകളുടെ ലിസ്റ്റിൽ ആദ്യ സ്ഥാനങ്ങളിൽ വരുന്ന ജില്ലകൾ ഒഡിഷയിലുണ്ട്. ഭൂരിഭാഗവും വനമേഖലയുള്ള ഈ ജില്ലകളിലെ ജനസംഖ്യയിൽ കൂടുതലും മീൻ പിടിക്കുന്നവരും വനവിഭവങ്ങൾ ശേഖരിക്കുന്നവരുമാണ്.
2020 ന് ശേഷമാണ് സർക്കാർ പ്രതിനിധികൾക്ക് ഈ പ്രദേശങ്ങളിലേക്ക് പ്രവേശനം ലഭിക്കുന്നത്. അതുവരെ കുടിവെള്ള പദ്ധതികളോ റോഡുകളോ, സാമൂഹികആരോഗ്യ പദ്ധതികളോ സ്‌കൂളുകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |