മൂന്ന് കാമറകൾ കൂടി സ്ഥാപിക്കും
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിൽ ആട്ടയോലിയിൽ പ്രദേശവാസിയായ കർഷകൻ വള്ളികാവുങ്കൽ മാത്യു കടവയെ കണ്ട സ്ഥലത്ത് വനം വകുപ്പ് സ്ഥാപിച്ച കാമറകളിൽകടുവയുടെ ചിത്രം പതിഞ്ഞില്ല. തുടർന്ന് ആർ.ആർ.ടി ഡപ്യൂട്ടി റേഞ്ചർ ഷൈനി കുമാറിന്റെ നേതൃത്വത്തിൽ പട്രോളിങ്ങും ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിലും നടത്തി. പരിശോധനയിൽ വന്യമൃഗത്തിന്റെ സാന്നിദ്ധ്യം ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് അധികൃതർ പറഞ്ഞു.
കടുവ ഇന്നലെതന്നെ കാട്ടിലേക്ക് കയറിപ്പോയിരിക്കാം എന്നാണ് വനം വകുപ്പിന്റെ നിഗമനം. മേഖലയിൽ മൂന്ന് കാമറകൾ കൂടി വയ്ക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. എന്നാൽ ജനങ്ങളുടെ സുരക്ഷ മുൻനിർത്തി കടുവയെ കൂടുവെച്ചു പിടിക്കണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ കഴിഞ്ഞ ദിവസം കൊട്ടിയൂർ റേഞ്ചർക്ക് പരാതി നൽകിയിരുന്നു.
അങ്ങാടിക്കടവ് സ്കൂളിന് അവധി
അങ്ങാടിക്കടവ് സ്കൂളിൽ നിന്നും ഒന്നര കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ കടുവയെ കണ്ടതോടെ വിദ്യാർത്ഥികളുടെ സുരക്ഷാ മുൻനിർത്തി ഇന്നുമുതൽ സേക്രഡ് ഹാർട്ട് യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി ക്ലാസുകൾക്ക് മാനേജർ അവധി പ്രഖ്യാപിച്ചു. വനം വകുപ്പും പഞ്ചായത്തും വിഷയത്തിൽ കൃത്യമായ സ്ഥിരീകരണം ലഭ്യമാക്കാതെ വന്നതോടെയാണ് പ്രധാന അദ്ധ്യാപകരുടെയും സ്റ്റാഫ് പ്രതിനിധികളുടെയും യോഗത്തിൽ മാനേജർ സ്കൂളിന് അവധി നൽകാനുള്ള തീരുമാനം എടുത്തത്.
അടിയന്തരനടപടി സ്വീകരിക്കണം: എ.കെ.സി.സി
ജനവാസമേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് എ.കെ.സി.സി കുന്നോത്ത് ഫൊറോനാ കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾ, ടാപ്പിംഗ് തൊഴിലാളികൾ ഉൾപ്പടെ നിരവധി പേർ യാത്ര ചെയ്യുന്ന വഴിയോടു ചേർന്നാണ് കടുവയെ കണ്ടതിനാഷ സുരക്ഷാ ഉറപ്പ് വരുത്തേണ്ടതുണ്ട്. എ.കെ.സി.സി ഗ്ലോബൽ സെക്രട്ടറി ഷീബ കാറുകുളം, വർക്കിംഗ് കമ്മറ്റി അംഗം ബെന്നി പുതിയാമ്പുറം, ഫൊറോനാ പ്രസിഡന്റ് മാത്യു വള്ളോംകോട്ട്, രൂപത സെക്രട്ടറി അൽഫോൻസ് കളപ്പുര, ഷാജു ഇടശ്ശേരി, ഷിബു കുന്നപ്പള്ളി, ബേബി കാശംകാട്ടിൽ, ജോസുകുഞ്ഞ് തടത്തിൽ എന്നിവർ കർഷകൻ വള്ളികാവുങ്കൽ മാത്യുവിനൊപ്പം സ്ഥലത്തെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |