കോന്നി: കോന്നി - തണ്ണിത്തോട് റോഡിലും കോന്നി -കല്ലേലി റോഡിലും തേക്കിലപ്പുഴു (ഇലതീനിപ്പുഴു) യാത്രക്കാർക്ക് ശല്യമാകുന്നു. റോഡിന് ഇരുവശവുമുള്ള വനംവകുപ്പിന്റെ തേക്ക് പ്ളാന്റേഷനിലെ മരങ്ങളിൽ നിന്നാണ് പുഴുക്കൾ ചിലന്തിവലകൾ പോലെയുള്ള നൂലുകളിൽ കൂടി റോഡിലേക്ക് ഊർന്നിറങ്ങുന്നത്. രാവിലെ മഞ്ഞുള്ളപ്പോൾ റോഡിലേക്ക് ഇറങ്ങുന്ന ഇത്തരം പുഴുക്കൾ ഇരുചക്ര വാഹനയാത്രക്കാരുടെ ശരീരത്തേക്കാണ് വീഴുക. ഇതിന്റെ രോമങ്ങൾ ദേഹത്ത് സ്പർശിച്ചാൽ അസഹനീയമായ ചൊറിച്ചിലായിരിക്കും. നൂറുകണക്കിന് പുഴുക്കളാണ് ഇത്തരത്തിൽ റോഡിലേക്ക് ഇറങ്ങുന്നത്. വസ്ത്രങ്ങളിൽ പറ്റിപിടിച്ചിരിക്കുന്ന പുഴുക്കൾ ആളുകൾ യാത്ര ചെയ്യുന്നത് വഴി മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിക്കുന്നു. പുഴുക്കൾ അലർജിക്കും കാരണമാകും.
വാഹനങ്ങളുടെ ഗ്ലാസുകളിൽ വീഴുന്ന പുഴുക്കൾ പുറപ്പെടുവിക്കുന്ന ഒരുതരം സ്രവം വാഹനത്തിന്റെ മുൻഭാഗത്തെ ഗ്ലാസിന് മങ്ങലേൽപ്പിക്കും. മഞ്ഞനിറത്തിൽ കറുത്ത പുള്ളികളോടെ കാണപ്പെടുന്ന പുഴുവിന്റെ ഭക്ഷണം പ്രധാനമായും തേക്കിന്റെ ഇലകളാണ്. തേക്കിന്റെ ഇലകളിൽ മുട്ടയിട്ട് വിരിയുന്ന പുഴു ആദ്യത്തെ പതിനഞ്ച് ദിവസം കൊണ്ടുതന്നെ ഇലകളിലെ ഹരിതകം തിന്നുതീർക്കും. ഇത് തേക്ക് മരങ്ങൾക്കും ഭീഷണിയാകുന്നുണ്ട്. ഇതിനെ തുടർന്ന് പീച്ചി വന ഗവേഷണ കേന്ദ്രത്തിൽ ഇത്തരം പുഴുക്കളെ നശിപ്പിക്കുന്നതിനുള്ള ജൈവകീടത്തെ വികസിപ്പിച്ചെടുത്തിരുന്നു. എന്നാൽ ഇത് ഫലപ്രദമായി ഉപയോഗിക്കാൻ വനം വകുപ്പിന് കഴിഞ്ഞിട്ടില്ല.
വനംവകുപ്പിന് നഷ്ടം
ഇലതീനിപ്പുഴുമൂലം വനംവകുപ്പിന് വൻനഷ്ടമാണ് ഉണ്ടാകുന്നത്. തേക്കിന്റെ തളിരിലകൾ ഇവ തിന്നുനശിപ്പിക്കുന്നത് മൂലം മരത്തിന്റെ വളർച്ച 44ശതമാനത്തോളം മുരടിക്കുമെന്നാണ് കണ്ടെത്തൽ. ഹിബ്ളിയ പ്യൂറ (ഡിഫോളിയേറ്റർ), യു ടെക്ടോണ മെക്കറാലിസ് (സ്കെൽടനൈസർ) എന്നിങ്ങനെ രണ്ടുതരം പുഴുക്കളാണ് ഇല നശിപ്പിക്കുന്നത്. ഇല തളിരിടുമ്പോൾ തന്നെ പുഴുശല്യം തുടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |