പ്രവേശനത്തിന് ഐഡി കാർഡ് നിർബന്ധം
കണ്ണൂർ: കഴിഞ്ഞ ദിവസം പൊലീസ് ആസ്ഥാനത്തെ കാന്റീന് മുൻവശത്ത് നടന്ന കേക്ക് മുറിച്ചുള്ള അനധികൃത പിറന്നാൾ ആഘോഷം വിവാദമായതിന് പിന്നാലെ നിയന്ത്രണം കർശനമാക്കുന്നു. സംഭവത്തിൽ കേസെടുത്തതിന് പിന്നാലെയാണ് സുരക്ഷാ ക്രമീകരണങ്ങൾ കനപ്പിച്ചത്.
ആസ്ഥാനത്തെ എല്ലാ ഗേറ്റുകളിലും പൊലീസുകാരെ നിയമിച്ചിട്ടുണ്ട്. മൂന്ന് ഗേറ്റുകളിലായാണ് നിലവിൽ സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. ആസ്ഥാനത്തേക്കുള്ള പ്രവേശനത്തിന് ഇനി മുതൽ ഐ.ഡി കാർഡ് നിർബന്ധമാണ്.
കഴിഞ്ഞ ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടായിരുന്ന കാന്റീനിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് ഉപയോഗപ്രദമായിരുന്ന ഈ സംവിധാനമാണ് പുതിയ സുരക്ഷാ നടപടികളുടെ ഭാഗമായി നിയന്ത്രിക്കപ്പെട്ടിരിക്കുന്നത്.
അനധികൃത പ്രവേശനത്തിന് കേസ്
ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്ന പിറന്നാൾ ആഘോഷത്തിൽ അനധികൃതമായി പ്രവേശിച്ചതായി കുറ്റം ചുമത്തിയാണ് യുവതിക്കും സുഹൃത്തുക്കൾക്കുമെതിരെ കേസെടുത്തിരുന്നത്. സെപ്തംബർ 16ന് വൈകുന്നേരം 6 മണിക്ക് ശേഷം നടന്ന പിറന്നാൾ ആഘോഷം ആഴ്ചകൾ പിന്നിട്ടാണ് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതും കേസെടുത്തതും.
അതെ സമയം പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തവർക്ക് പൊലീസിലെ ചില ഉന്നതരുമായുള്ള ബന്ധമുണ്ടെന്ന് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പൊലീസിന്റെ തന്ത്രപ്രധാനമായ ഓഫീസുകൾ ഉൾപ്പെടെയുള്ള സ്ഥലത്ത് നടന്ന ഈ സംഭവത്തിൽ കൂടുതൽ നടപടികൾ ഉണ്ടായില്ലെന്ന ആരോപണവും ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |