കണ്ണൂർ: പൊലീസിൽ കേസന്വേഷണം, ക്രമസമാധാനപാലനം എന്നിവയിലെ മികവിന് നൽകിയിരുന്ന ഗുഡ്സർവീസ് എൻട്രിക്ക് മറ്റ് മികവുകളും പരിഗണിക്കും.ഇക്കുറി മികച്ച ഓണസദ്യ ഒരുക്കിയതിന് കണ്ണൂർ കെ.എ.പി ബറ്റാലിയനിലെ 11 ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി നൽകിയതിലൂടെയാണ് പൊലീസ് പുതിയ അദ്ധ്യായം രചിച്ചത്.
ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സദ്യയുടെ ഗുണനിലവാരവും അവതരണരീതിയും വളരെ പ്രശംസനീയമാണെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പരമ്പരാഗത കേരളീയ വിഭവങ്ങളുടെ സമ്പന്നത സംരക്ഷിച്ച് സാംസ്‌കാരിക പൈതൃകത്തെ ആദരിക്കുന്ന രീതിയിലുള്ള സദ്യാസംഘാടനത്തിനാണ് പതിനൊന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് അംഗീകാരം നൽകിയത്.
ഗൗരവമേറിയ കേസന്വേഷണം, അതീവ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലെ ക്രമസമാധാനപാലനം തുടങ്ങിയവയ്ക്കാണ് സാധാരണ നിലയിൽ ഗുഡ് സർവീസ് എൻട്രി നൽകാറുള്ളത്. ഏകദേശം അൻപതോളം ഗുഡ് സർവീസ് എൻട്രി നേടിയവരെയാണ് രാഷ്ട്രപതി,മുഖ്യമന്ത്രി മെഡലുകൾക്കായി ശുപാർശ ചെയ്യുന്നത്. എന്നാൽ ഈ സംവിധാനത്തിന്റെ സുതാര്യതയെക്കുറിച്ച് ഇടയ്ക്കിടെ ചോദ്യങ്ങൾ ഉയരാറുണ്ട്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഓഫീസുകളിൽ ജോലി ചെയ്യുന്നവർക്ക് അനായാസം അംഗീകാരം ലഭിക്കുമ്പോൾ യഥാർത്ഥ കഠിനാദ്ധ്വാനം ചെയ്യുന്നവർ അവഗണിക്കപ്പെടുന്നുവെന്ന പരാതികളും പതിവാണ്. ഇതിനിടയിലാണ് ഓണസദ്യയ്ക്കുള്ള ഗുഡ് സർവീസ് എൻട്രി കൂടുതൽ സംവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്.
ആശങ്കയും കുറവല്ല
സേനയ്ക്കുള്ളിലെ സാംസ്‌കാരിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടിയായാണ് പൊതുവെ പുതിയ രീതിയെ കാണുന്നത്. തൊഴിലിടങ്ങളിൽ പ്രാദേശിക ഉത്സവങ്ങളും പാരമ്പര്യങ്ങളും ആഘോഷിക്കുന്നത് കൂട്ടായ്മയും സാഹോദര്യവും വളർത്തുമെന്നതാണ് ഇതിന് പിന്നിലെ വാദം. അതെ സമയം കർത്തവ്യനിർവ്വഹണത്തിലെ മികവിന് നൽകുന്ന അംഗീകാരം വകമാറ്റി നൽകുമ്പോൾ യഥാർത്ഥ പൊലീസിംഗിലെ മൂല്യം ഇടിയുമോയെന്ന ആശങ്കയും കുറവല്ല.അപകടകരമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നവർക്കും സങ്കീർണ്ണമായ കേസുകൾ അന്വേഷിക്കുന്നവർക്കും ലഭിക്കേണ്ട അംഗീകാരം മറ്റ് പ്രവർത്തനങ്ങൾക്ക് നൽകുന്നതിലാണ് പലർക്കും ആശങ്കയുള്ളത്. സേവനത്തിന്റെ മൂല്യനിർണ്ണയത്തിൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്നതാണ് ആശങ്ക.ഗുഡ് സർവീസ് എൻട്രി എന്നത് പോലീസ് ഉദ്യോഗസ്ഥന്റെ കരിയറിൽ നിർണായകമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |